കണ്ണൂർ: കോർപ്പറേഷൻ ഒാഫീസിൽ അപേക്ഷ നൽകാനെത്തിയ യുാവാവിനെ സി.പി.എം നേതാവും കോർപ്പറേഷൻ കൗൺസിലറുമായ എൻ. ബാലകൃഷ്ണനും താൽക്കാലിക ജീവനക്കാരും മർദിച്ച സംഭവത്തിൽ കോൺഗ്രസ് പ്രതിഷേധത്തിലേക്ക് .
വിവരാവകാശ അപേക്ഷ നൽകാനെത്തിയ കടലായി വടക്കുളം ആയില്യത്തിൽ വി.കെ. ശ്രീജിത്തിനെ എൻ. ബാലകൃഷ്ണനും താൽക്കാലിക ഡ്രൈവർമാരായ കൃപേഷ്, മിഥുൻ എന്നിവരും ചേർന്ന് മദ്ദിച്ചുവെന്നാണ് ആരോപണം. സംഭവത്തിൽ മൂന്നു പേർക്കുമെതിരെ പൊലീസ് കേസെടുത്തു. ഡ്രൈവർ നൽകിയ പരാതിയിൽ ശ്രീജിത്തിനെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.
ഗുണ്ടായിസവും താൽക്കാലിക ജീവനക്കാരുടെ താന്തോന്നിത്തരവുമാണ് കോർപ്പറേഷനിൽ നടക്കുന്നതെന്നും അനധികൃത കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ കോർപ്പറേഷൻ ഭരണ സമിതിക്ക് പലതും ഒളിക്കാനുണ്ടെന്നും ഡി.സി .സി പ്രസിഡന്റ് സതീശൻ പാച്ചേനി പ്രസ്താവനയിൽ ആരോപിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ കോർപ്പറേഷൻ ഒാഫീസിലേക്ക് മാർച്ച് നടത്തും.