പേരാവൂർ: ആർ.എസ്.എസ് പ്രവർത്തകനും പേരാവൂർ ഐ.ടി.ഐ വിദ്യാർത്ഥിയുമായ കണ്ണവം ആലപ്പറമ്പിൽ ശ്യാമപ്രസാദിനെ(24) വെട്ടിക്കൊന്ന കേസിൽ പതിമൂന്നാം പ്രതി കണ്ണവം താന്നിയുള്ള പറമ്പിൽ വി.കെ. നൗഷാദ് (34) മട്ടന്നൂർ കോടതിയിൽ കീഴടങ്ങി. പോപ്പുലർ ഫ്രണ്ട് യൂണിറ്റ് പ്രസിഡന്റായ നൗഷാദിന്റെ പേരിൽ ഗൂഢാലോചന, കൊലപാതകത്തിനുള്ള സൗകര്യങ്ങൾ ഒരുക്കി കൊടുത്തു എന്നി കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ നാലുപേർ ഇനിയും പിടിയിലാകാനുണ്ട്. ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ്. കഴിഞ്ഞ വർഷം ജനവരി 19ന് കാക്കയങ്ങാട് ഐ.ടി.ഐയിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ കാറിലെത്തിയ എസ്.ഡി.പി.ഐ.-പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ കൊന്മേരിയിൽ വച്ച് ശ്യാമപ്രസാദിന്റെ ബൈക്കിൽ കാർ ഇടിച്ച് വീഴ്ത്തുകയും, ഓടി രക്ഷപ്പെടുന്നതിനിടെ ഒരു വീടിന്റെ വരാന്തയിൽ വച്ച് വെട്ടി കൊലപ്പെടുത്തുകയുമായിരുന്നു. നൗഷാദിനെ കസ്റ്റഡിയിൽ കിട്ടാൻ ഇന്ന് കൂത്തുപറമ്പ് കോടതിയിൽ ഹർജി നൽകുമെന്ന് കേസന്വേഷിക്കുന്ന പേരാവൂർ സി.ഐ. കെ.വി. പ്രമോദ് പറഞ്ഞു.
കുപ്പി വെള്ളത്തിന്റെ ശുദ്ധി ഉറപ്പാക്കാൻ പരിശോധന: മന്ത്രി ഇ.പി. ജയരാജൻ
കണ്ണൂർ: കുപ്പിവെള്ളത്തെക്കുറിച്ച് പരാതി ഉയരുന്ന സാഹചര്യത്തിൽ കൂടുതൽ പരിശോധന നടപടികൾ ആരംഭിക്കുമെന്ന് മന്ത്രി ഇ.പി. ജയരാജൻ പറഞ്ഞു. കൂടാളി ഗ്രാമപഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ ഒന്നാം നിലയുടെയും പുതുതായി നിർമിച്ച ലാബിന്റെയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. രോഗ നിർണയത്തിലൂടെ മാത്രമേ ചികിത്സ ലഭ്യമാക്കാനാകൂ. ഇതാണ് പുതിയ ലാബുകൾ ആരംഭിക്കാൻ കാരണം. കാൻസർ രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിൽ രോഗം വരാതിരിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്നും മന്ത്രി പറഞ്ഞു.
കൂടാളി പഞ്ചായത്ത് പ്രസിഡന്റ് പി.പി. നൗഫൽ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എൻ. ബിന്ദു, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ, പഞ്ചായത്ത് അംഗങ്ങൾ, ആശുപത്രി അധികൃതർ, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
റീബിൽഡ് കേരള, ജില്ലയിൽ 87 വീടുകളുടെ നിർമാണം തുടങ്ങി
കണ്ണൂർ: പ്രളയാനന്തര പുനർ നിർമ്മാണത്തിന്റെ ഭാഗമായി (റീബിൽഡ് കേരള) ജില്ലയിൽ 162 വീടുകൾ നിർമ്മിക്കാൻ നടപടികളായി. പൂർണമായും തകർന്ന വീടുകൾക്ക് പകരം വിവിധ ഏജൻസികളുടെ സഹായത്തോടെ പുതിയ വീടുകൾ നിർമ്മിക്കാനാണ് തീരുമാനം. 20 വീടുകൾ സഹകരണ വകുപ്പിന്റെ കെയർഹോം പദ്ധതിയിൽപെടുത്തിയാണ് നിർമിക്കുന്നത്. ഇതിന്റെ നിർമാണം ദ്രുതഗതിയിൽ മുന്നേറുകയാണ്. ലിന്റിൽ വരെ നിർമ്മാണമെത്തിയ വീടുകളാണ് ഇതിലേറെയും. 67 പേർ സ്വന്തം ഉത്തരവാദിത്തത്തിൽ വീട് നിർമ്മിക്കാമെന്ന് താത്പ്പര്യമറിയിച്ചിട്ടുണ്ട്. ഇവർക്ക് നാല് ലക്ഷം രൂപ നൽകും. ആദ്യ ഗഡുവായി 95,100 രൂപ വീതം നൽകി. 75 വീടുകൾ നിർമ്മിക്കാമെന്ന് ഹിന്ദുസ്ഥാൻ യൂനിലിവർ അറിയിച്ചിട്ടുണ്ട്. സ്ഥലം ലഭ്യമാക്കാനാവശ്യമായ പ്രൊപ്പോസൽ റവന്യു വകുപ്പ് തയ്യാറാക്കി സർക്കാരിലേക്ക് സമർപ്പിച്ചിരിക്കുകയാണ്.