കാസർകോട്: മന്തുരോഗ നിർമ്മാർജനത്തിന് സംയോജിത ചികിത്സാ രീതിയെന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന ഒമ്പതാം ദേശീയ സമ്മേളനം ആരംഭിച്ചു. സംയോജിത ചികിത്സാ പൊതുജനാരോഗ്യ കേന്ദ്രം, ആരോഗ്യ സേവന വിഭാഗം എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ സംസ്ഥാന ശാസ്ത്രസാങ്കേതികപരിസ്ഥിതി കൗൺസിലിന്റെ പിന്തുണയോടെ കാസർകോട് ഉളിയത്തടുക്കയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റിയൂട്ട് ഓഫ് അപ്ലൈഡ് ഡെർമറ്റോളജിയാണ് (ഐ.എ.ഡി.) അക്കാദമിക സമ്മേളനം സംഘടിപ്പിക്കുന്നത്. പരിപാടി എൻ.എ. നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു.
ജില്ലയിലെ ആരോഗ്യമേഖലയിൽ സ്തുത്യർഹമായ സേവനമനുഷ്ടിച്ച ശിശുരോഗ വിദഗ്ധൻ ഡോ. എ.സി. പദ്മനാഭനെ (കാഞ്ഞങ്ങാട്) എം.എൽ.എ ചടങ്ങിൽ ആദരിച്ചു. ഐ.എ.ഡി. ഡയറക്ടർമാരായ ഡോ. എസ്.ആർ. നരഹരി, ഡോ. കെ.എസ്. പ്രസന്ന, ഓക്സ്‌ഫോഡ് യൂനിവേഴ്സിറ്റിയിലെ പ്രമുഖ ഗവേഷകൻ പ്രൊഫ. ടെറൻസ് റയാൻ, പ്രൊഫ. എം.എസ്. ബേഗൽ, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ആർ.കെ. പ്രജ്വൽ എന്നിവർ സംസാരിച്ചു. 17 വരെ നടക്കുന്ന വിവിധ സെഷനുകളിൽ അന്തർദേശീയദേശീയ വിദഗ്ധരടക്കം നിരവധി പേർ പങ്കെടുക്കും.
പിടിച്ചെടുത്ത 257 വാഹനങ്ങൾ ലേലത്തിന്
കാസർകോട്: ജില്ലയിൽ വിവിധ കാലങ്ങളിലായി കസ്റ്റഡിയിലെടുത്ത് സൂക്ഷിച്ചിട്ടുള്ളതും ഉപേക്ഷിക്കപ്പെട്ട നിലയിൽ പിന്നീട് അവകാശികൾ സമീപിക്കാത്തതുമായ 257 സ്വകാര്യ വാഹനങ്ങൾ ലേലം ചെയ്യുന്നു. ജില്ലയിലാദ്യമായാണ് ഇത്രയും കൂടുതൽ പിടിച്ചെടുത്ത വാഹനങ്ങൾ പരസ്യലേലത്തിനായി വെക്കുന്നത്. ഉടമകൾക്ക് അവസാന അവസരമെന്ന നിലയിൽ വാഹനങ്ങൾ തിരിച്ചെടുക്കുന്നതിന് വിവിധ വകുപ്പ് അധികൃതരെ സമീപിക്കുന്നതിനായി 30 ദിവസം കൂടി നൽകുമെന്ന് ജില്ലാ കളക്ടർ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു. മുപ്പത് ദിവസങ്ങൾക്കുള്ളിൽ രേഖകളുമായി ഹാജരാവാത്ത പക്ഷം വാഹനങ്ങൾ ലേലം ചെയ്യും.
വിവരങ്ങൾക്ക് കാഞ്ഞങ്ങാട് സബ് കളക്ടർ അരുൺ കെ. വിജയൻ (9447100298), ഡിവൈ.എസ്.പി (നാർകോട്ടിക്സ്) നന്ദനൻപിള്ള (9497990144) എന്നിവരെ ബന്ധപ്പെടാം.