കാഞ്ഞങ്ങാട്: അപകടവും രോഗവും കിടപ്പിലാക്കിയെങ്കിലും ഇവർ 'വെറുതേയിരിക്കില്ല'. സമൂഹത്തിന് ബാദ്ധ്യതയാകാതിരിക്കാൻ രോഗത്തോടും ശാരീരിക വൈകല്യത്തോടും പൊരുതുകയാണ് ഇവർ. ചിലർ ചിത്രം വരയാണെങ്കിൽ മറ്റുചിലർ അലങ്കാരവസ്തുക്കളുടെ നിർമ്മാണത്തിലാണ്. അച്ചാർ നിർമ്മാണവും ക്ലീനിംഗ് ലോഷനും ഉണ്ടാക്കുന്നവരുമുണ്ട്. ഇതിനൊക്കെ പാലിയേറ്റീവ് കെയർ പ്രവർത്തകരുടെ സഹായവും ലഭിക്കുന്നുണ്ട്.

ഇവരൊക്കെ പാലിയേറ്റീവ് ദിനമായ ഇന്നലെ കാഞ്ഞങ്ങാട് ബസ്‌സ്റ്റാൻഡിൽ ഒത്തുചേർന്നു. മുച്ചക്ര വാഹനത്തിലും മറ്റുമായി എത്തി തങ്ങളുടെ ഉത്പന്ന വിപണന മേളയും ഒരുക്കി. അവരിൽ ചിലരുടെ കഥയിലേക്ക്....
ബങ്കളത്തെ ടി.വി സുനിൽകുമാർ തൊട്ടടുത്ത വീട്ടുകാരെ സഹായിക്കാൻ കിണറിൽ ഇറങ്ങിയതായിരുന്നു. വടം പൊട്ടി വീണ് നട്ടെല്ലിന് പരിക്കേറ്റു. സ്‌പൈനൽ കോഡിന് ക്ഷതമേറ്റ സുനിൽ പിന്നെ നടന്നിട്ടില്ല. പ്രദർശന സ്റ്റാളിൽ മുളകൊണ്ടുള്ള കൗതുക വസ്തുക്കളും കുട്ടയും വട്ടിയുമായാണ് സുനിൽകുമാർ എത്തിയത്. പത്തുവർഷമായി വീൽചെയറിൽ. മുളയുത്പന്നങ്ങൾ നിർമ്മിക്കാൻ കാലിന് നല്ല ബലം വേണം. കാലിന്റെ സ്വാധീനക്കുറവ് കൈയുടെ ബലത്തിൽ പരിഹരിച്ചാണ് ഉത്പന്നങ്ങൾ നിർമ്മിക്കുന്നത്. മൂവാരി സമുദായത്തിൽപെട്ട സുനിൽകുമാറിന് പരമ്പരാഗതമായി കുട്ടനെയ്ത്തിൽ പ്രാവീണ്യമുണ്ട്. കൂലിവേലക്കാരായ അച്ഛനും അമ്മയ്ക്കുമൊപ്പമാണ് സുനിൽ കഴിയുന്നത്.

----
പ്രമേഹരോഗ ബാധിതനായ കെ.ടി കുമാരന്റെ മുട്ടിനുകീഴെ കാൽ മുറിച്ചു മാറ്റിയിട്ടുണ്ട്. പെൻസിൽകൊണ്ട് വരച്ച കാരിക്കേച്ചറുകളും പോർട്രെയിറ്റുകളുമായാണ് പ്രദർശനത്തിലെത്തിയത്. വരച്ച ചിത്രങ്ങളെല്ലാം ഒന്നിനൊന്ന് മികച്ചവ. ഇതിന്റെ മൂല്യത്തെക്കുറിച്ചോ എന്തു വില ലഭിക്കണമെന്നോ കുമാരന് പറയാൻ കഴിയുന്നില്ല. എന്തു കിട്ടിയാലും സന്തോഷം മാത്രം. 130 പോട്രെയിറ്റുകൾ കുമാരൻ വരച്ചിട്ടുണ്ട്. രാഷ്ട്രീയ നേതാക്കൾ, സിനിമാ നടന്മാർ, സാമൂഹ്യപ്രവർത്തകർ, സാംസ്‌കാരിക നായകർ എന്നിവരെല്ലാം കുമാരന്റെ വരകളിൽ തെളിഞ്ഞിട്ടുണ്ട്.

---
അച്ചാർ, സോപ്പുപൊടി, ക്ലീനിംഗ് ലോഷൻ, അലങ്കാര വസ്തുക്കൾ തുടങ്ങി എല്ലാത്തിനും ആവശ്യക്കാരെത്തി. വിൽപനയിൽനിന്ന് കിട്ടുന്ന വരുമാനം രോഗികൾക്കും അവരുടെ സഹായികൾക്കും ആശ്വാസമാകുമെന്ന പ്രതീക്ഷയിലാണ് പാലിയേറ്റീവ് കെയർ പ്രവർത്തകർ. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി ബഷീർ വിപണനമേള ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ വൈസ്‌ ചെയർമാൻ എൻ. സുലൈഖ അദ്ധ്യക്ഷത വഹിച്ചു. ഡിവൈ.എസ്.പി പി.കെ സുധാകരൻ, മഹമൂദ് മുറിയനാവി, ഗംഗാ രാധാകൃഷ്ണൻ, ഡോ. എ.വി രാംദാസ്, ഡോ. എൻ.പി രാജൻ, അരുൺലാൽ എന്നിവർ സംസാരിച്ചു. ഡോ. രാമൻ സ്വാതി വാമൻ സ്വാഗതവും ഷിജി ശേഖർ നന്ദിയും പറഞ്ഞു.