ഇരിട്ടി : തലശ്ശേരി വളവുപാറ കെ എസ് ടി പി റോഡ് നിർമ്മാണത്തെത്തുടർന്ന് വിവിധ മേഖലകളിൽ കുന്നുകൾ ഇടിച്ചതിനെത്തുടർന്നുണ്ടായ മണ്ണിടിച്ചൽ പ്രതിരോധിക്കുന്നതിന് മാർഗ്ഗം കണ്ടെത്താനായി വിദഗ്ധ പഠനം തുടങ്ങി .കോഴിക്കോട് എൻ .ഐ. ടിയിലെ പ്രൊഫസർമാരായ ഡോക്ടർ എസ്. ചന്ദ്രാകരൻ, ഡോക്ടർ കെ . ശശീന്ദ്രൻ എന്നിവരുടെ നേതൃത്വത്തിലുള്ള പഠനസംഘമാണ് സ്ഥലപരിശോധന നടത്തിയത് .

കഴിഞ്ഞ പ്രളയസമയത്ത് ഉളിയിൽ മുതൽ വളവുപാറ വരെയായി 26 ഇടത്ത് മണ്ണിടിഞ്ഞ് ഗതാഗതം തടസ്സപ്പെട്ടിരുന്നു . 20 മീറ്ററോളം വരെ ഉയരത്തിൽ റോഡിന്റെ വളവു നിർത്തുന്നതിനും വീതി കൂട്ടുന്നതിനും വേണ്ടി കുന്ന് ചെത്തി ഇറക്കിയ ഭാഗങ്ങളിലാണ് വ്യാപക ഇടിച്ചലുണ്ടായത് . ചിലയിടങ്ങളിൽ ഇപ്പോഴും മണ്ണിടിച്ചൽ ഭീഷണയുമുണ്ട്. ഈ സാഹചര്യത്തിൽ സ്ഥലത്തെത്തിയ ലോകബാങ്ക് സംഘമാണ് വിദഗ്ധരെക്കൊണ്ട് പരിശോധിപ്പിച്ച് പരിഹാരമുണ്ടാക്കണമെന്ന് നിർദേശിച്ചത് . ഇതനുസരിച്ച് പ്രാഥമിക പഠനം നടത്തിയ എൻ ഐ ടി സംഘം വിദഗ്ധ പരിശോധനയ്ക്ക് നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് എൻ ഐ ടിയിലെ സീനിയർ പ്രൊഫസർമാരായ സംഘമെത്തിയത്. കൂടുതൽ സ്ഥലം ഏറ്റെടുക്കുന്നത് പ്രായോഗികമല്ലാത്തതിനാൽ നിലവിലുള്ള സ്ഥലം ബലപ്പെടുത്താനാണ് സാദ്ധ്യത.

സ്ഥലത്തുനിന്നും മണ്ണിന്റെ സാമ്പിൾ സംഘം ശേഖരിച്ചു.ഇത് മൂന്നാഴ്ചക്കുള്ളിൽ ശാസ്ത്രീയ പരിശോധന നടത്തികെ. എസ്. ടി .പിക്ക് ശുപാർശ നൽകും. കൂടുതലായി ഇടിഞ്ഞ ഏഴിടത്തെ സംരക്ഷണഭിത്തി സംബന്ധിച്ചാണ് വിശദമായ പഠനം നടത്തുന്നത് . റസിഡന്റ് കൺസൾട്ടൻസി എൻജിനീയർ ടി .വി. ശശികുമാർ , ഡെപ്യൂട്ടി റസിഡന്റ് എൻജിനീയർ എസ്. അജിത്ത് , പ്രൊജ്ര്രക് മാനേജർ ശ്രീരാജ് എന്നിവരും ഒപ്പമുണ്ടായിരുന്നു.

സ്‌കൂൾ വാർഷികവും യാത്രയയപ്പും

ചെറുപുഴ: ചെറുപുഴ സെയ്ന്റ് മേരീസ് ഹൈസ്‌കൂളിന്റെ 37ാമത് വാർഷികവും സർവ്വീസിൽ നിന്ന് വിരമിക്കുന്നവർക്കുള്ള യാത്രയയപ്പും സ്‌കൂളിൽ നടന്നു.ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ വി.കെ.സുരേഷ് ബാബു ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ ഫാ.ജോർജ് വണ്ടർ കുന്നേൽ അധ്യക്ഷത വഹിച്ചു.തലശേരി അതിരൂപത കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസി അസി.മാനേജർ ഫാ.മാത്യു ശാസ്താംപടവിൽ അനുഗ്രഹ പ്രഭാഷണവും ഉപഹാര സമർപ്പണവും നടത്തി.ഫാ.ജോസഫ് കാഞ്ഞിരത്തുങ്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.പഞ്ചായത്തംഗം വി.രാജൻ, എ.കെ.ലിസി, റോയ് ആന്ത്രോത്ത്, ഷീന ജോണി, ജോയി മൂങ്ങാമാക്കൽ, സിസ്റ്റർ മിനി തോമസ്, ഷാരോൺ ബോബൻ, സന്തോഷ് ജോസഫ് തുടങ്ങിയവർ സംസാരിച്ചു. പി.എം.ജോർജ്, അദ്ധ്യാപകൻ കെ.ജെ. മാത്യു, ക്ലാർക്ക് ആഗസ്തി മേച്ചേരിൽ എന്നിവർ മറുപടി പ്രസംഗം നടത്തി.

ചെട്ട്യാംപറമ്പ ക്ഷീര സംഘം വീണ്ടും എൽ .ഡി .എഫിന്

കേളകം: ചെട്ട്യാംപറമ്പ ക്ഷീര സംഘം തിരഞ്ഞെടുപ്പിൽ ഭരണം വീണ്ടും എൽ ഡി എഫിന് . പ്രസിഡന്റായി സന്ദീപ് ജോസിനെ തിരഞ്ഞെടുത്തു. എൽ .ഡി .എഫിന്റെ സ്ഥാനാർത്ഥികളായ സന്ദീപ് ജോസ്, കുര്യാക്കോസ് നമ്മനാരി, എസ്തഫാനോസ് പയ്യമ്പള്ളി, സുരേഷ് തത്തുപാറ, ജിൻസൺ പാറേക്കാട്ടിൽ, പുഷ്പ അശോകൻ, സാറാമ്മ വഴികുടിയിൽ, ലീലാമ്മ പുത്തൻപീടിയേക്കൽ, സന്ധ്യകല സനീഷുമാണ് വിജയിച്ചത്.