കണ്ണൂർ: ജനകീയ സാന്ത്വന പരിചരണ പ്രസ്ഥാനമായ ഐആർപിസി യുടെ നേതത്വത്തിൽ പാലിയേറ്റീവ് ദിനത്തിന്റെ ഭാഗമായി കിടപ്പ് രോഗികളുള്ള വീടുകൾ സന്ദർശിച്ച് സാന്ത്വന പ്രവർത്തനങ്ങൾ നടത്തി.ഐ. ആർ. പി .സി വളണ്ടിയർമാരുടേയും സി.പി.എം നേതാക്കളുടെയും നേതൃത്വത്തിൽ കിടപ്പ് രോഗികളുള്ള പന്ത്രണ്ടായിരത്തിലധികം വീടുകളിലാണ് സന്ദർശനം നടത്തിയത്.

ഉപദേശകസമിതി ചെയർമാൻ പി ജയരാജൻ പാട്യം മേഖലയിൽ ഗൃഹസന്ദർശന പരിപാടിയിൽ പങ്കെടുത്തു.സംസ്ഥാന കമ്മറ്റി അംഗം എ എൻ ഷംസീർ തലശേരിയിലും ജില്ലാ സെക്രട്ടറിയറ്റ് അംഗങ്ങളായ എൻ ചന്ദ്രൻ മാവിലായി ഈസ്റ്റിലും ടി .ഐ. മധുസൂദനൻ പയ്യന്നൂർ സൗത്തിലും ടി .കെ. ഗോവിന്ദൻ മലപ്പട്ടത്തും പി .വി. ഗോപിനാഥ് വളക്കൈയിലും പി. പുരുഷോത്തമൻ പഴശി കാരയിലും ഗൃഹസന്ദർശനത്തിന് നേതൃത്വം നൽകി.കിടപ്പ് രോഗികൾക്കാവശ്യമായ വീൽ ചെയറുകൾ,വാട്ടർ ബെഡ്ഡുകൾ തുടങ്ങിയ ഉപകരണങ്ങളും മറ്റും കൈമാറുകയും ചെയ്തു.

നേരത്തേ ഐ. ആർ. പി. സി നടത്തിയ സർവേയിലൂടെ ജില്ലയിൽ 12361 പേർക്കാണ് സാന്ത്വന പരിചരണം ആവശ്യമുള്ളതായി കണ്ടെത്തിായിരുന്നു.ഇതിൽ 6970 പേർ സ്ത്രീകളാണ്.18.25 ശതമാനം പേർ ക്യാൻസർ ബാധിതരാണ്.കിഡ്‌നി സംബന്ധമായ അസുഖം ബാധിച്ചവർ 4.73 ശതമാനം പേരാണ്.10.05 ശതമാനം പേർ ഭിശേഷിക്കാരാണ്.കിടപ്പിലായവരിൽ 56.38 ശതമാനം പേർ സ്ത്രീകളാണെന്നും സർവ്വേയിലൂടെ കണ്ടെത്തിയിരുന്നു.സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വ്യത്യസ്തങ്ങളായ ജീവകാരുണ്യ പ്രവർത്തനങ്ങൾ കൂടി ഏറ്റെടുക്കാൻ ഐ. ആർ. പി .സി തീരുമാനിച്ചിട്ടുണ്ട്.