നീലേശ്വരം: ന്യൂ ഇയർ കപ്പിനു വേണ്ടിയുള്ള ഇന്ത്യ - ശ്രീലങ്ക ഓപ്പൺ ഇൻവിറ്റേഷണൽ കരാട്ടെ ചാമ്പ്യൻഷിപ്പ് 19, 20 തീയതികളിൽ പടന്നക്കാട്ട് നടക്കും. ജില്ലയിൽ ആദ്യമായി നടക്കുന്ന മത്സരത്തിനു കാർഷിക കോളേജ് ഓഡിറ്റോറിയം വേദിയാകും. സബ് ജൂനിയർ, കെഡറ്റ്, ജൂനിയർ, അണ്ടർ 21, സീനിയർ വിഭാഗങ്ങളിലാണു മൽസരം. കേരളം, തമിഴ് നാട്, കർണാടകം, പോണ്ടിച്ചേരി, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിൽ നിന്നു വിവിധ ക്ലബുകളെ പ്രതിനിധീകരിച്ചു 80 കാറ്റഗറികളിൽ ആയി 500 ൽ പരം കായിക താരങ്ങൾ പങ്കെടുക്കും. 19 നു രാവിലെ 11 നു എം.രാജഗോപാലൻ എം.എൽ.എ മത്സരങ്ങൾ ഉദ്ഘാടനം ചെയ്യും. 20 നു വൈകിട്ട് 5 നു ചേരുന്ന സമാപന സമ്മേളനത്തിൽ കാഞ്ഞങ്ങാട് ഡിവൈ.എസ്.പി, പി.കെ.സുധാകരൻ സമ്മാനദാനം നിർവഹിക്കും. വാർത്താസമ്മേളനത്തിൽ ബുജുട്സു ഷിറ്റോറിയോ കരാട്ടെ ദേശീയ പ്രസിഡന്റ് ഷാജു മാധവൻ, സെക്രട്ടറി ജിൻസ് മാത്യു, വൈസ് പ്രസിഡന്റ് വിൻസന്റ് എന്നിവർ സംബന്ധിച്ചു.

ബാങ്ക് നീലേശ്വരം ശാഖയിൽ പരാക്രമം

യുവാവിനെതിരേ കേസ്

നീലേശ്വരം: ഫെഡറൽ ബാങ്ക് നീലേശ്വരം ശാഖയിൽ അതിക്രമിച്ച് കയറി പരാക്രമം നടത്തിയ യുവാവിനെതിരെ പൊലീസ് കേസെടുത്തു, ചോയ്യങ്കോട് ചാമക്കുഴിയാലെ മിഥുൻ കൃഷ്ണനെതിരെയാണ് ബാങ്ക് അസിസ്റ്റന്റ് മാനേജർ ദിവ്യയുടെ പരാതിയിൽ കേസെടുത്തത്. നേരത്തെ മിഥുൻ കൃഷ്ണന് ബാങ്കിൽ എക്കൗണ്ട് ഉണ്ടായിരുന്നുവത്രെ. എന്നാൽ കഴിഞ്ഞദിവസം യാതൊരു രേഖയുമില്ലാതെ ബാങ്കിൽ നിന്ന് പണം പിൻവലിക്കാൻ എത്തിയപ്പോൾ അനുവദിക്കാത്തതിനെ തുട‌ർന്ന് ബാങ്കിന്റെ കൗണ്ടറുകളും കമ്പ്യൂട്ടറുകളും അടിച്ച തകർക്കുകയായിരുന്നു. മുപ്പതിനായിരം രൂപ നഷ്ടമുണ്ടാക്കി എന്ന പരാതിയിലാണ് മിഥുൻ കൃഷ്ണനെതിരെ കേസെടുത്തത്.