കാസർകോട്: കർണാടകയിൽ കുരങ്ങുപനി പടരുന്ന സാഹചര്യത്തിൽ ജില്ലയിൽ ആരോഗ്യവകുപ്പ് ജാഗ്രതാ നിർദ്ദേശം നൽകി.

രോഗബാധ സ്ഥിരീകരിച്ച പ്രദേശങ്ങളിൽ കഴിവതും യാത്ര ഒഴിവാക്കണം. വനപ്രദേശങ്ങളിൽ ജോലി സംബന്ധമായി പോകുന്നവർ ശരീരം മൂടുന്ന വസ്ത്രങ്ങൾ, കൈയുറകൾ, കാലുറകൾ, വലിയ ബൂട്ടുകൾ തുടങ്ങിയ വ്യക്തിസുരക്ഷാ മാർഗ്ഗങ്ങൾ സ്വീകരിക്കുക. കുരങ്ങുകളുമായുള്ള സമ്പർക്കം ഒഴിവാക്കുക. വനപ്രദേശത്തു താമസിക്കുന്നവർ ശരീരത്തിൽ ചെള്ളുകൾ പറ്റിപ്പിടിച്ചിരിക്കാവുന്ന സാഹചര്യങ്ങളെ ഒഴിവാക്കണം. വസ്ത്രങ്ങൾ ചൂടുവെള്ളത്തിൽ മുക്കി കഴുകി വെയിലത്തു ഉണക്കി എടുക്കണം. വീട്ടിലെ കന്നുകാലികൾ,നായ്ക്കൾ എന്നിവ വനത്തിൽ പോകാനിടയുണ്ടെങ്കിൽ അവയുടെ ദേഹത്ത് ചെള്ളുകൾ കയറാതിരിക്കാൻ മൃഗാശുപത്രിയിൽ ലഭ്യമാകുന്ന ലേപനങ്ങൾ വാങ്ങി പുരട്ടണം. കുരങ്ങുമരണം ശ്രദ്ധയിൽപെട്ടാൽ ഉടൻ തന്നെ ജില്ലാ അധികാരികളെ വിവരം അറിയിക്കുക . മരിച്ചു കിടക്കുന്ന കുരങ്ങുകളുടെ ജഡം വ്യക്തിസുരക്ഷാ മാർഗ്ഗങ്ങൾ ഉപയോഗിച്ച് കൈകാര്യം ചെയ്യുക. രോഗബാധയേറ്റു മരിച്ചു വീഴുന്ന ജീവികളുടെ ജഡത്തിൽനിന്നും ചെള്ളുകൾ പുറത്തുകടന്നു പുതിയ ഇരകലിൽ വ്യാപിക്കുന്നതിനുള്ളിൽ ആരോഗ്യപ്രവർത്തകരുമായി സഹകരിച്ച് ചെള്ള് നശീകരണ പ്രവർത്തനങ്ങൾ നടത്തണം.

കുരങ്ങുപനി

റഷ്യൻ സ്പ്രിംഗ് സമ്മർ കോംപ്ലക്സിൽ പെടുന്ന ഒരുതരം വൈറസ് മൂലം വനപ്രദേശങ്ങളിൽ കുരങ്ങുകൾ മരിച്ചു വീഴുന്നതു കാരണമാണ് ഇതു കുരങ്ങുപനി 9ക്യാസൈനൂർ ഫോറെസ്ര്ര് ഡിസീസ്) എന്നറിയപ്പെടുന്നത് .
കുരങ്ങുപനി വൈറസ്, സാധാരണ വനാന്തരങ്ങളിൽ ജീവിക്കുന്ന അണ്ണാൻ, ചെറിയ സസ്തനികൾ, കുരങ്ങന്മാർ, ചിലയിനം പക്ഷികൾ തുടങ്ങിയവയിൽ കാണപ്പെടുന്നു. ഇത്തരം ജീവികളുടെ രക്തം കുടിച്ചു വളരുന്ന ഹീമോഫിസാലിസ് വർഗത്തിൽപ്പെട്ട ചെള്ളുകൾ ആണ് രോഗാണുവിനെ മനുഷ്യരിൽ എത്തിക്കുന്നത് .ഇത്തരം ചെള്ളുകളുടെ കടിയേൽക്കുന്നതു വഴിയോ രോഗമുള്ളതോ, അടുത്തകാലത്ത് മരിച്ചതോ ആയ കുരങ്ങുമായുള്ള സമ്പർക്കം വഴിയോ ആണ് മനുഷ്യർക്ക് ഈ രോഗം ഉണ്ടാകുന്നത്. ആട്, ചെമ്മരിയാട്, പശു തുടങ്ങിയവയെയും കുരങ്ങുപനി വൈറസ് ബാധിക്കുമെങ്കിലും ഇവയ്ക്ക് രോഗം പരത്തുന്നതിൽ പങ്കില്ല . എങ്കിലും വളർത്തുമൃഗങ്ങളായ പശുക്കൾ, നായകൾ എന്നിവയുടെ ദേഹത്ത് രോഗവാഹകരായ ചെള്ളുകൾ കയറാനും അതുവഴി മനുഷ്യവാസകേന്ദ്രങ്ങളിലേക്കു വ്യാപിക്കാനും സാധ്യതയുണ്ട്.

ലക്ഷണങ്ങൾ

രോഗാണു ശരീരത്തിൽ പ്രവേശിച്ചു മൂന്നു മുതൽ എട്ടുദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ പ്രകടമായേക്കാം. ശക്തിയായ പനി, തലവേദന, ശരീരവേദന, വയറുവേദന ചിലപ്പോൾ വയറിളക്കം തുടങ്ങിയവയാണ് പ്രാരംഭ ലക്ഷണങ്ങൾ .രോഗം മൂർച്ഛിച്ചാൽ ശരീരഭാഗങ്ങളിൽ നിന്നു രക്തസ്രാവം,ബോധക്ഷയം, അപസ്മാര ലക്ഷണങ്ങൾ തുടങ്ങിയവ ഉണ്ടായേക്കാം.