തൃക്കരിപ്പൂർ: എസ്.എസ്.എൽ.സി. പരീക്ഷയ്ക്ക് കുട്ടികളെ സജ്ജരാക്കാൻ രക്ഷിതാക്കൾക്കായി ബോധവത്കരണ ക്ലാസ് നടത്തി. ഇടയിലക്കാട് നവോദയ ഗ്രന്ഥാലയത്തിലായിരുന്നു ക്ലാസ് നടന്നത്. കുട്ടികളുടെ പരീക്ഷാ പേടിയകറ്റാനും രക്ഷിതാക്കളുടെ പിന്തുണയൊരുക്കാനുമാണ് ലക്ഷ്യം. അടുത്ത ദിവസത്തോടെ വിദ്യാർത്ഥികൾക്കുള്ള കൗൺസിലിംഗ്, രാത്രികാല ക്ലാസുകൾ എന്നിവ ആരംഭിക്കും. ഡയറ്റ് ലക്ചറർ എ. ഗിരീഷ് ബാബു ബോധവത്ക്കരണം ഉദ്ഘാടനം ചെയ്തു. സി. വിജയൻ അദ്ധ്യക്ഷത വഹിച്ചു. വി. മോഹനൻ, വി. റീജിത്ത് എന്നിവർ സംസാരിച്ചു.
ബാല്യകാല സ്മരണകളുമായി
ഓർഫനേജ് സംഗമം
തൃക്കരിപ്പൂർ: ആരോരുമില്ലാതിരുന്ന കാലത്ത് കൂട്ടായിരുന്നവരെ തേടിയായിരുന്നു തൃക്കരിപ്പൂർ സെന്റ് പോൾസ് ഓർഫനേജിൽ അവർ സംഗമിച്ചത്. കുടുംബവും കുട്ടികളുമൊക്കെയായെങ്കിലും വർഷങ്ങൾക്ക് ഒടുവിലും ഇവരുടെ സൗഹൃദത്തിന് മാത്രം മാറ്റമുണ്ടായിരുന്നില്ല. സ്വദേശത്ത് നിന്നും വിദേശത്ത് നിന്നുമായാണ് ഇന്നലെ പൂർവ വിദ്യാർത്ഥികൾ കൂട്ടത്തോടെ പഴയ താമസസ്ഥലത്തെത്തിയത്.
അനാഥ മന്ദിരത്തിൽ സഹായിച്ച ജീവനക്കാരെയും ഉൾപ്പെടുത്തിയായിരുന്നു സംഗമം. കൂടുതൽ പേർ താമസിക്കുന്ന കണ്ണൂർ-കാസർകോട് ജില്ലകളിലെ പല പ്രാദേശിക കേന്ദ്രങ്ങളിലും ആദ്യഘട്ടത്തിൽ ചെറു യോഗങ്ങൾ നടത്തിയിരുന്നു. രണ്ടു വർഷത്തെ ഒരുക്കത്തിന് ശേഷമായിരുന്നു ഒത്തു ചേരൽ. സെന്റ് പോൾസ് ഓഡിറ്റോറിയത്തിൽ നടന്ന സംഗമം ഇടവക വികാരി ഫാദർ ജോസഫ് തണ്ണിക്കോട്ട് ഉദ്ഘാടനം ചെയ്തു. ഡിക്‌സൺ റാഫേൽ അദ്ധ്യക്ഷത വഹിച്ചു. ഉർസുലൈൻ കോൺവെന്റ് സുപ്പീരിയർ സിസ്റ്റർ ലയോള, പി.ആർ. സജി, ഷാബു ജോസഫ്, പി. സതീഷ് എന്നിവർ പ്രസംഗിച്ചു. നെഹ്രുവിന്റെ ജീവിതം ഓട്ടംതുള്ളലിലൂടെ അവതരിപ്പിച്ച് ശ്രദ്ധേയയായ തൃക്കരിപ്പൂർ സെന്റ് പോൾസ് എ.യു.പി. സ്‌കൂൾ അദ്ധ്യാപിക എം.വി. ഉഷയെയും ഓർഫനേജിൽ കുട്ടികളുടെ അമ്മയായി മാറിയ ഗെറ്റ്രൂട്ട് അമ്മയെയും സംഗമത്തിൽ ആദരിച്ചു.