കാസർകോട്: സ്‌കൂൾ പഠനത്തിനിടെ കൊഴിഞ്ഞുപോകുന്നവരെ സഹപാഠികളുടെ സഹായത്തോടെ കണ്ടെത്താൻ ഹെൽപ്പ് ലൈൻ നമ്പർ സജ്ജമായി. ജില്ലാ ഭരണകൂടത്തിന്റെയും ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പുതിയ സംവിധാനം ഒരുക്കിയത്. സഹപാഠിയെ തുടർച്ചയായി കാണുന്നില്ലെങ്കിൽ കുട്ടികൾക്ക് തന്നെ ഹെൽപ്പ്ലൈനിൽ അധികൃതർക്ക് ബന്ധപ്പെടാനാകും.
കുട്ടികളെ എല്ലാ അദ്ധ്യയന ദിവസങ്ങളിലും സ്‌കൂളിലെത്തിക്കാൻ അദ്ധ്യാപകരും ജനങ്ങളും വിദ്യാഭ്യാസ വകുപ്പുമായും ജില്ലാ ഭരണകൂടമായും സഹകരിക്കണമെന്ന് കളക്ടർ ഡോ. ഡി. സജിത്ത് ബാബു അറിയിച്ചു. നിർബന്ധിതവും സാർവത്രികവുമായ വിദ്യാഭ്യാസം 14 വയസുവരെയുളള എല്ലാ കുട്ടികൾക്കും നൽകാൻ 'ഡ്രോപ് ഔട്ട് ഫ്രീ കാസർകോട്' പദ്ധതിയും നടപ്പിലാക്കുന്നുണ്ട്.
കുട്ടികളുടെ സുരക്ഷ ഉറപ്പാക്കി ജില്ലയെ ശിശു സൗഹൃദമാക്കാനുളള പദ്ധതിയാണ് ഡ്രോപ് ഔട്ട് ഫ്രീ കാസർകോട്. ഇതിൽ കളക്ടറുടെയും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും നേതൃത്വത്തിലും വിവിധ വകുപ്പ് മേധാവികളുടെ സംയോജിത പങ്കാളിത്തത്തോടെ ജില്ലാതല ഡ്രോപ്പ് ഔട്ട് മോണിട്ടറിംഗ് കമ്മിറ്റിയും രൂപീകരിച്ചിട്ടുണ്ട്. കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരമാണ് ജില്ലയിലെ വിവിധ സ്‌കൂളുകളിൽനിന്നും കൊഴിഞ്ഞു പോയ കുട്ടികളുടെ കണക്കെടുപ്പ് നടത്തിയത്.
ജില്ലാ ഭരണകൂടം നടപടി തുടങ്ങി
വാഹന ശവപ്പറമ്പുകൾ ഇല്ലാതാകും
കാസർകോട്: സർക്കാർ ഓഫീസുകളുടെ മുറ്റം നിറഞ്ഞ നിയമലംഘന വാഹനങ്ങൾ ഒഴിപ്പിക്കാൻ നടപടിയാകുന്നു. ജീവനക്കാരുടെയും ജനങ്ങളുടെയും പരാതി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ജില്ലാ കളക്ടർ ഡോ. ഡി. സജിത് ബാബു ഇവ അടിയന്തിരമായി ലേലം ചെയ്യാൻ നിർദേശം നൽകിയത്. ഇതിനായി പൊലീസ്, എക്‌സൈസ്, റവന്യൂ, ഫോറസ്റ്റ് വകുപ്പുകളുടെ യോഗം വിളിച്ചു. അനധികൃത മണൽ, ലഹരി വസ്തുക്കൾ എന്നിവ കടത്താൻ ഉപയോഗിച്ചതും മറ്ര് നിയമ ലംഘനങ്ങൾക്ക് പിടികൂടിയ വാഹനങ്ങളുമാണ് ലേലം ചെയ്യുക.
ഉടമസ്ഥർ രേഖകൾ ഹാജരാക്കി പിഴയൊടുക്കി വാഹനങ്ങൾ തിരിച്ചെടുക്കാത്തതാണ് ഇവ കൂട്ടിയിടാൻ ഇടയാക്കിയത്. തൊണ്ടിമുതൽ അല്ലാത്ത വാഹനങ്ങളാണ് ആദ്യഘട്ടത്തിൽ ലേലം ചെയ്യുന്നത്. ബാക്കിയാകുന്ന വാഹനങ്ങളുടെ വിവരങ്ങൾ ശേഖരിച്ച് അവയും നിയമാനുസൃതം ഒഴിവാക്കും. ജില്ലയിലാദ്യമായാണ് ഇത്രയും വാഹനങ്ങൾ പരസ്യലേലത്തിനായി വെക്കുന്നത്. വാഹനങ്ങൾ തിരിച്ചെടുക്കുന്നതിന് ഉടമകൾക്ക് 30 ദിവസം കൂടി അനുവദിച്ചിട്ടുണ്ട്.