കണ്ണൂർ: ഹൈക്
കോടതി ഉത്തരവിനെ തുടർന്ന് നാലായിരത്തോളം എംപാനൽ കണ്ടക്ടർമാരെ ഒഴിവാക്കിയതിനു പിന്നാലെ മറ്റു താത്കാലിക ജീവനക്കാരെയും ഒഴിവാക്കാൻ കെ.എസ്.ആർ.ടി.സി മാനേജ്മെന്റ് നീക്കം തുടങ്ങി. മൂവായിരത്തോളം എം പാനൽ ഡ്രൈവർമാരുടെ പട്ടിക യൂണിറ്റ് ഓഫീസുകൾ വഴി തയ്യാറാക്കി ചീഫ് ഓഫീസിൽ എത്തിച്ചതായാണ് സൂചന.
ഡ്രൈവർമാരിൽ എട്ടു വർഷം വരെ സർവീസുള്ളവരുണ്ട്. മെക്കാനിക്, മിനിസ്റ്റീരിയൽ ജീവനക്കാരുടെയും പട്ടിക തയ്യാറാകുന്നുണ്ട്. കൂടുതൽ താത്കാലിക ജീവനക്കാരെ ഒഴിവാക്കേണ്ടിവരുമെന്ന് ജില്ലാ ട്രാൻസ്പോർട്ട് ഓഫീസർമാരുടെ യോഗത്തിൽ സി.എം.ഡി ടോമിൻ ജെ തച്ചങ്കരി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു.
എംപാനൽ ഉൾപ്പെടെ 14,500 ഡ്രൈവർമാരാണ് ഇപ്പോഴുള്ളത്. കഴിഞ്ഞ മാസം 3862 എംപാനൽ കണ്ടക്ടർമാരെ പിരിച്ചു വിട്ടപ്പോൾ ഒട്ടേറെ സർവീസുകൾ നിറുത്തിവയ്ക്കേണ്ടി വന്നിരുന്നു. അതേ സാഹചര്യം ഡ്രൈവർമാരെ പിരിച്ചുവിട്ടാലുമുണ്ടാകുമെന്ന ആശങ്ക കെ.എസ്.ആർ.ടി.സി മാനേജ്മെന്റിനുണ്ട്. കണ്ടക്ടർ കം ഡ്രൈവർ രീതി ദീർഘദൂര സർവീസുകളിൽ വ്യാപകമാക്കി പ്രതിസന്ധി തരണം ചെയ്യാനാണ് ആലോചന.
ഡ്രൈവർ റാങ്കുകാരും
കോടതിയിൽ
നിയമനം നടക്കാതെ ഡ്രൈവർ തസ്തികയുടെ പി.എസ്.സി റാങ്ക് ലിസ്റ്റ് കാലാവധി കഴിഞ്ഞിരുന്നു. ഇതിനെതിരെ റാങ്ക് ഹോൾഡർമാരുടെ ഹർജി ഹൈക്കോടതിയിലുണ്ട്. കോടതിയുടെ ശാസന കിട്ടിയേക്കുമെന്നത് മുന്നിൽ കണ്ടാണ് മാനേജ്മെന്റിന്റെ നീക്കം.
'ജീവനക്കാരെ പിരിച്ചുവിട്ട് കെ.എസ്.ആർ.ടി.സിയെ ലാഭത്തിലാക്കാമെന്നത് മാനേജ്മെന്റിന്റെ വ്യാമോഹം മാത്രമാണ്. അന്യായമായ പിരിച്ചുവിടൽ നീതീകരിക്കാനാവില്ല. -
സി.കെ. ഹരികൃഷ്ണൻ, ജനറൽ സെക്രട്ടറി,
കെ.എസ്.ആർ.ടി.സി എംപ്ളോ. അസോ.