കണ്ണൂർ: സംസ്ഥാനത്ത് വിപണിയിലുള്ള പ്രമുഖ ബ്രാൻഡുകളുടെ മസാലപ്പൊടികളിൽ അപകടകരമായ അളവിൽ എത്തിയോൺ കലർന്നിട്ടുണ്ടെന്ന് കണ്ടെത്തിയിട്ടും ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന്റെ നടപടികൾ എങ്ങുമെത്തിയില്ല. കഴിഞ്ഞ വർഷം ജൂണിൽ എറണാകുളത്തെ റീജിയണൽ അനലറ്റിക്കൽ ലാബിൽ നടത്തിയ പരിശോധനയിലാണ് 25 ശതമാനത്തോളം സാമ്പിളുകളിലും കീടനാശിനി ഗണത്തിൽപ്പെടുന്ന എത്തിയോൺ കലർന്നതായി കണ്ടെത്തിയത്. കണ്ണൂർ സ്വദേശി ലിയോനാർഡ് ജോണിന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയിലാണ് ഈ വിവരം.
2017 -18 കാലയളവിൽ എറണാകുളം റീജിയണൽ അനലറ്റിക്കൽ ലാബിൽ പരിശോധിച്ച 94 കറിപൗഡർ സാമ്പിളുകളിൽ 22 എണ്ണത്തിലും എത്തിയോൺ കലർന്നതായി കണ്ടെത്തിയിട്ടുണ്ട്. പ്രമുഖ ബ്രാൻഡുകളുടെ മുളക്‌പൊടി, ജീരകപ്പൊടി തുടങ്ങിയവയിലാണ് കീടനാശിനി സാന്നിദ്ധ്യം കണ്ടെത്തിയത്. എത്തിയോൺ, എത്തിയോൺ പ്രൊഫേനോഫോസ്, ട്രയാസോഫോസ്, എത്തിയോൺ ക്ലോറോപൈറിഫോസ്, ബിഫെൻത്രിൻ തുടങ്ങിയവ അടങ്ങിയതിനാൽ ഭക്ഷ്യയോഗ്യമല്ലെന്നാണ് ലബോറട്ടറി റിപ്പോർട്ട്. മസാലപ്പൊടികളിൽ മായം കലർന്നതായി കണ്ടെത്തിയതിനെത്തുടർന്ന് നേരത്തെ നടപടി നേരിട്ട കമ്പനികളുടെ സാമ്പിളുകളും പരിശോധനയിൽ കുടുങ്ങി.
കാൻസറടക്കമുള്ള ഗുരുതര രോഗങ്ങൾക്ക് കാരണമാകുന്നതാണ് എത്തിയോൺ അടക്കമുള്ള ഓർഗാനോഫോസ്‌ഫേറ്റുകൾ. ഡയാസിനോണും ക്ലോറോപൈറിഫോസുമാണ് ഈ കീടനാശിനി ഗ്രൂപ്പിലെ മറ്റംഗങ്ങൾ. കുട്ടികളിൽ വളർച്ചക്കുറവിനും ജനിതക വൈകല്യത്തിനും ഇത് കാരണമാകുന്നു. എല്ലിന്റെ വളർച്ചയും ഇത് തടയുന്നു. മുതിർന്നവരിൽ മുട്ടുവേദന, കാഴ്ച ശക്തി നശിക്കൽ, അൽഷിമേഴ്‌സ്, ഛർദ്ദി, സ്ഥിരമായ തലവേദന നാഡീവ്യൂഹം തകരാറാകൽ തുടങ്ങിയവ അനുഭവപ്പെടുന്നതായും പഠനങ്ങൾ തെളിയിക്കുന്നതായി ആരോഗ്യ രംഗത്തെ വിദഗ്ധർ പറയുന്നു.

കാർഷിക സർവകലാശാലാ പഠനത്തിലും കീടനാശിനികൾ കണ്ടെത്തി:
മൂന്നു വർഷം മുമ്പ് കാർഷിക സർവകലാശാല നടത്തിയ പഠനത്തിൽ സംസ്ഥാനത്ത് വിൽപ്പന നടത്തുന്ന മുളക് പൊടിയിൽ മാരകമായ കീടനാശിനികൾ അടങ്ങിയതായി കണ്ടെത്തിയിരുന്നു. കാഡ്മിയം പോലുള്ള മാരക വിഷം മുളക് പൊടിയിൽ കലർന്നിരുന്നു. തമിഴ്‌നാട്ടിലെ മുളക് പാടങ്ങളിൽ വലിയ വിളവ് ലഭിക്കുന്നതിനായി ഉപയോഗിക്കുന്നതാണ് ഈ വിഷം. മുളകു പൊടിയിൽ കണ്ടെത്തിയ കീടനാശിനികൾക്കൊന്നും പരിധി നിശ്ചിയിച്ചിട്ടില്ല. ചെറിയ തോതിലെ കീടനാശിനി സാദ്ധ്യത പോലും ഗുരുതരമായതുകൊണ്ടാണ് ഇത്.

അധികൃതർക്ക് മൗനം:
മാരകമായ കീടനാശിനികൾ കറിപൗഡറുകളിൽ അടങ്ങിയിട്ടും നടപടിയെടുക്കാൻ സർക്കാരുകൾ തയ്യാറാകുന്നില്ല. ഉത്പന്നങ്ങളിൽ സ്റ്റാർച്ച് സാന്നിദ്ധ്യമാണ് കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിയമ പ്രകാരം കറി പൗഡറുകളിൽ സ്റ്റാർച്ച് സാന്നിദ്ധ്യം ഉണ്ടാകാൻ പാടില്ല, അതായത് പൂജ്യം ശതമാനം ആയിരിക്കണം. മുളകുപൊടി കഴിഞ്ഞാൽ മല്ലിപൊടിയും മഞ്ഞൾപൊടിയുമാണ് ഏറെ ഉപയോഗിക്കുന്നത്. എന്നാൽ ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലെന്നും പോകാൻ വാഹനമില്ലെന്നും പറഞ്ഞാണ് ഭക്ഷ്യ സുരക്ഷാ വിഭാഗം ഒഴിഞ്ഞു മാറുന്നത്. ഇതിനു പിന്നിൽ വൻ അഴിമതിയുണ്ടെന്നും ആരോപണമുണ്ട്.