മന്ത്രി ഇ ചന്ദ്രശേഖരന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നരക്കോടിയും ജില്ല പഞ്ചായത്ത് രണ്ടു കോടിയും ചെലവഴിക്കും
കാഞ്ഞങ്ങാട്: വേനൽകാലത്ത് രൂക്ഷമായ കുടവെള്ളക്ഷാനം പരിഹരിക്കുന്നതിന് ജില്ല ആശുപത്രിയിലേക്ക് മടിക്കൈയിൽ നിന്നും വെള്ളമെത്തിക്കാൻ ആലോചന. അമ്പലത്തുകര മുക്കുണ്ടിൽനിന്നും വെള്ളം പമ്പുചെയ്യാനുള്ള അടങ്കലാണ് ജല അതോറിറ്റി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുള്ളത്. ഇവിടെ നിന്നും നിലവിൽ ജലഅതോറിറ്റിയുടെ മറ്റ് പ്രദേശങ്ങളിലേക്കുള്ള പമ്പിംഗ് നടന്നുവരുന്നുണ്ട്. പുതിയ അടങ്കലിന് അനുമതി ലഭിക്കുന്ന മുറക്ക് എത്രയും വേഗം പദ്ധതി പ്രവർത്തികമാക്കാനാണ് തീരുമാനം. മന്ത്രി ഇ ചന്ദ്രശേഖരന്റെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒന്നരക്കോടിയും ജില്ല പഞ്ചായത്ത് ഏതാണ്ട് രണ്ടു കോടിയും പദ്ധതിക്കായി മാറ്റിവച്ചിട്ടുണ്ട്. വെള്ളം ശുദ്ധീകരിച്ച് ആശുപത്രിയിലെത്തിക്കാനാണ് പരിപാടി.
നഗരസഭയിലെ 12 ാം വാർഡിൽ പെടുന്ന കൂളിയങ്കാൽ മുട്ടുച്ചിറയിൽ കിണർ കുഴിച്ച് വെള്ളമെത്തിക്കാൻ രണ്ടു വർഷം മുൻപ് ശ്രമം തുടങ്ങിയിരുന്നുവെങ്കിലും നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പദ്ധതി അനിശ്ചിതത്വത്തിലായതോടെയാണ് പുതിയ പദ്ധതി നിർദേശം ജല അതോറിറ്റി സർക്കാരിലേക്ക് സമർപ്പിച്ചിട്ടുള്ളത്.
വേനലിൽ കടുത്ത കുടിവെള്ള ക്ഷാമമാണ് ജില്ലാശുപത്രി നേരിടുന്നത്. ആശുപത്രിക്കു പിറകിലുള്ള കാരാട്ടുവയലിലെ കിണറിൽ നിന്നാണ് നിലവിൽ ആശുപത്രിയിലേക്കുള്ള പമ്പിംഗ് നടന്നു വരുന്നത്. മാർച്ച് ഏപ്രിൽ മാസത്തിൽ വേനൽ കനക്കുന്നതോടെ കിണർ വറ്റുന്നതാണ് കുടിവെള്ള പ്രശ്‌നം രൂക്ഷമാക്കുന്നത്. ആശുപത്രിക്കുള്ളിൽ വെള്ളം കിട്ടാക്കനിയാകുന്നതോടെ കിടത്തി ചികിത്സയിലുണ്ടാകുന്ന രോഗികൾ ചികിത്സ മതിയാക്കി പോകുന്ന സ്ഥിതിപോലുമുണ്ടായിട്ടുണ്ട്. സന്നദ്ധസംഘടനകളും നഗരസഭയും വണ്ടികളിൽ വെള്ളമെത്തിച്ചാണ് കുടിവെള്ളപ്രശ്‌നത്തിന് താത്കാലിക പരിഹാരം കണ്ടെത്തുന്നത്. കാരാട്ടുവയലിലേക്ക് കൃഷിക്കായി നടത്തുന്ന പമ്പിംഗ് ആശുപത്രി കിണറിലെ ജലനിരപ്പ് ഉയരാൻ ഇടയാക്കുന്നുണ്ടെങ്കിലും ഇത് സ്ഥായിയായ പരിഹാരമാകുന്നില്ല.
ജില്ലാശുപത്രിയിൽ വീണ്ടും പുതിയ കെട്ടിടങ്ങളും ചികിത്സാസൗകര്യങ്ങളും ആരംഭിക്കാനിരിക്കെ കുടിവെള്ളപദ്ധതി അനിശ്ചിതമായി നീണ്ടുപോകുന്നത് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന ആശങ്ക ആശുപത്രി അധികൃതർക്കുണ്ട്.