തലശ്ശേരി :സംസ്ഥാന സർക്കാരിന്റെ സഹായത്തോടെ അണ്ടലൂർ ക്ഷേത്രത്തിൽ പുതുതായി നിർമിച്ച കെട്ടിടങ്ങൾ ഉദ്ഘാടനത്തിനൊരുങ്ങി. 27 ന് വൈകിട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവഹിക്കും.ഉദ്ഘാടന ചടങ്ങ് നാട്ടുത്സവമാക്കാൻ സംഘാടക സമിതി രൂപീകരിച്ചു.
ഊട്ടുപുര, തെയ്യം മ്യൂസിയം, വിശ്രമ കേന്ദ്രം എന്നിവയാണ് പൂർത്തീകരിച്ച് ഉദ്ഘാടനം ചെയ്യുന്നത്. വിനോദ സഞ്ചാര വകുപ്പിന്റെ സഹകരണത്തോടെ 3,60,55,621 രൂപ മതിപ്പു ചെലവിലാണ് ഇവയുടെ നിർമാണം.നിലവിലുണ്ടായിരുന്ന ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയാണ് തെയ്യം മ്യൂസിയം സ്ഥാപിച്ചത്.
തെയ്യങ്ങളുടെ മാതൃകകൾ ഇവിടെ പ്രദർശിപ്പിക്കും. തെയ്യങ്ങളെക്കുറിച്ചുള്ള അറിവുകൾ പകർന്നുനൽകുന്നതിനുകൂടി സൗകര്യമാകുന്ന വിധത്തിൽ മ്യൂസിയം പ്രവർത്തിക്കും.ഈ കെട്ടിടത്തിൽ തന്നെ ക്ഷേത്രം ഓഫീസും പ്രവർത്തിക്കും. മേലേക്കാവിന്റെ വടക്കു കിഴക്കേ ഭാഗത്തായി ഊട്ടുപുര പണിതു.200 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാനുള്ള സൗകര്യം ഇവിടെ ഒരുക്കും. വടക്കുപടിഞ്ഞാറു ഭാഗത്ത് തീർത്ഥാടകർക്കുള്ള വിശ്രമകേന്ദ്രമാണ് നിർമ്മിച്ചത്.തെയ്യം മ്യൂസിയം കെട്ടിടത്തിന് 1,05,17,840 രൂപയും ഊട്ടുപുരയ്ക്ക് 1,31,92,560 രൂപയും വിശ്രമ കേന്ദ്രത്തിന് 93,71,884 രൂപയുമാണ് അനുവദിച്ചത്.താഴെക്കാവിൽ ചുറ്റുമതിൽ നിർമ്മാണത്തിന് 29,80,333 രൂപയും അനുവദിച്ചു.