തളിപ്പറമ്പ്: തൃച്ചംബരം ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് ശ്രീകൃഷ്ണ സേവാസമിതിയും ടി.ടി.കെ. ദേവസ്വവും കൊമ്പ് കോർക്കുന്നു.ഉത്സവകമ്മിറ്റിയുടെ ട്രഷറർ സ്ഥാനം എക്സിക്യൂട്ടീവ് ഓഫീസർക്ക് നൽകണമെന്ന മലബാർ ദേവസ്വം ബോർഡിന്റെ നിർദ്ദേശത്തെ ചൊല്ലിയാണ് ശ്രീകൃഷ്ണ സേവാസമിതി ഇടഞ്ഞത്. ഇതിനിടെ പ്രശ്നപരിഹാരത്തിന് തളിപ്പറമ്പ് പൊലീസ് ഇരുവിഭാഗത്തെയും വിളിപ്പിച്ചിട്ടുണ്ട്.
നാൽപത് വർഷത്തോളമായുള്ള പതിവ് തെറ്റിച്ച് ഉത്സവ നടത്തിപ്പ് പിൻവാതിലിലൂടെ ഏറ്റെടുക്കാനുള്ള ഗൂഢനീക്കമാണിതെന്നാണ് ശ്രീകൃഷ്ണ സേവാ സമിതിയുടെ ആരോപണം.മാർച്ച് ആറ് മുതൽ 20 വരെ നടക്കുന്ന ഉത്സവത്തിന്റെ നടത്തിപ്പിനായി കഴിഞ്ഞ 13 ന് ടി.ടി.കെ.ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ മുല്ലപ്പള്ളി നാരായണൻ നമ്പൂതിരിയുടെ സാന്നിധ്യത്തിൽ യോഗം ചേർന്ന് പുതിയ കമ്മറ്റിയെ ഏകകണ്ഠമായി തെരഞ്ഞെടുത്തിരുന്നു
സേവാസമിതിയുടെ നേതൃത്വത്തിൽ രൂപീകരിച്ച ഉത്സവനടത്തിപ്പ് കമ്മിറ്റിയിൽ ടി. ടി.കെ ദേവസ്വം എക്‌സിക്യുട്ടീവ് ഓഫീസർ എക്‌സ് ഒഫീഷ്യോ അംഗമാണ്. ഇതിനിടെയാണ് 20ന് വൈകുന്നേരം 4 ന് ക്ഷേത്ര പരിസരത്ത് എക്സിക്യൂട്ടീവ് ഓഫീസർ നാട്ടുകാരുടെ യോഗം വിളിച്ചിരിക്കുന്നത്. ഇത് ക്ഷേത്ര പരിസരത്തും നഗരത്തിന്റെ പല ഭാഗങ്ങളിലും പതിക്കുകയും സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.മലബാർ ദേവസ്വം ബോർഡ് നിയമപ്രകാരം ക്ഷേത്രോത്സവ നടത്തിപ്പ് കമ്മറ്റിയുടെ ട്രഷറർ സ്ഥാനം എക്‌സിക്യുട്ടീവ് ഓഫീസർക്ക് നൽകേണ്ടതുണ്ട്. സേവാസമിതിയുടെ നേതൃത്വത്തിലുള്ള കമ്മിറ്റിയിൽ ഇത് പാലിക്കപ്പെടാത്തതാണ് ഇപ്പോഴത്തെ നീക്കത്തിന് പിന്നിലെന്നാണ് സൂചന.