കാസർകോട്: മാനസിക വെല്ലുവിളികൾ നേരിടുന്ന കുട്ടികൾക്ക് പഠനവും പരിശീലനവും നൽകി വരുന്ന സ്‌പെഷ്യൽ സ്‌കൂളുകളോടുള്ള അവഗണനയ്ക്കും വിവേചനങ്ങൾക്കുമെതിരെ സ്‌പെഷ്യൽ സ്‌കൂൾ ജീവനക്കാരും രക്ഷിതാക്കളും മാനേജ്‌മെന്റും ചേർന്ന് നടത്തിയ കലക്ട്രേറ്റ് മാർച്ചിൽ പ്രതിഷേധമിരമ്പി.

സർക്കാർ അംഗീകരിച്ച് തയ്യാറാക്കിയ സമഗ്ര പാക്കേജ് ഈ അധ്യയനവർഷം തന്നെ നടപ്പിലാക്കുക, അർഹതയുള്ള വിദ്യാലയങ്ങൾക്ക് എയ്ഡഡ് പദവി നൽകുക, അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും തുല്യ ജോലിക്ക് തുല്യ വേതനം നടപ്പിലാക്കുക, 18 വയസ്സ് കഴിഞ്ഞ വിദ്യാർത്ഥികൾക്ക് തൊഴിൽ പരിശീലനവും അർഹമായ തൊഴിലും നൽകുക, കുട്ടികൾക്ക് തദ്ദേശസ്ഥാപനങ്ങൾ വഴിയും സാമൂഹ്യനീതി വകുപ്പ് മുഖേനയും നൽകി വരുന്ന ആനുകൂല്യങ്ങൾ കൃത്യമായും സമയബന്ധിതമായി നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് മാർച്ചും ധർണ്ണയും നടത്തിയത്.

ഈ മാസം 25ന് ആരംഭിക്കുന്ന നിയമസഭ സമ്മേളനത്തിൽ സബ്മിഷനിലൂടെ വിഷയം ഉന്നയിക്കുന്നതിന് നടപടിയെടുക്കുമെന്ന് മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്ത കെ.കുഞ്ഞിരാമൻ എം.എൽ.എ പറഞ്ഞു. സ്‌പെഷ്യൽ സ്‌കൂൾ രക്ഷിതാക്കളുടെ സംസ്ഥാനതല സംഘടനയായ പെയ്ഡ് സംസ്ഥാന വൈസ് പ്രസിഡന്റ് ടി. മുഹമ്മദ് അസ്ലം അധ്യക്ഷത വഹിച്ചു. തുടർന്ന് വിവിധ ആവശ്യങ്ങൾ അടങ്ങുന്ന നിവേദനം ജില്ലാ കലക്ടർ ഡി. സജിത്ത് ബാബുവിന് സമർപ്പിച്ചു.

സ്‌പെഷ്യൽ സ്‌കൂളുകളോടുള്ള അവഗണനയ്‌ക്കെതിരെ കലക്ട്രേറ്റിലേക്ക് നടത്തിയ മാർച്ചും ധർണ്ണയും കെ.കുഞ്ഞിരാമൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കെ.പി.വി.യു ജില്ല സമ്മേളനത്തിന്റെ ഭാഗമായുള്ള ഫോട്ടോ പ്രദർശനം കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡ് പരിസരത്ത് നഗരസഭ ചെയർമാൻ വി.വി രമേശൻ ഉദ്ഘാടനം ചെയ്യുന്നു

വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന
നടപടി: ജില്ലാ പൊലീസ് മേധാവി

കാസർകോട്: സാമൂഹ്യമാധ്യമങ്ങളിൽകൂടി വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപ്പെട്ടാൽ അത്തരം ആളുകൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി ഡോ. എ. ശ്രീനിവാസ് പറഞ്ഞു. നാടിന്റെ സമാധാനം തകർക്കുന്ന തരത്തിലുള്ള ഇത്തരം വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണ്. ചിലർ ബോധപൂർവ്വം സംഘർഷം സൃഷ്ടിക്കുക എന്ന ഉദ്ദേശത്തോടെയാണ് വ്യാജ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത്. ഇത്തരം വ്യാജവാർത്തകൾ ഉണ്ടാക്കുന്നവരെയും അത് പ്രചരിപ്പിക്കുന്നവരെയും നിരീക്ഷിക്കാൻ ജില്ലയിലെ സൈബർസെല്ലിന് നിർദ്ദേശം നൽകി. വ്യാജവും ആധികാരികത ഇല്ലാത്തതുമായ സന്ദേശങ്ങൾ മറ്റുള്ളവർക്ക് അയച്ചുകൊടുക്കുന്നതിന് മുമ്പ് പൊതുജനങ്ങൾ അതിന്റെ നിജസ്ഥിതി ഉറപ്പുവരുത്തണമെന്ന് അദ്ദേഹം നിർദേശിച്ചു. വ്യാജ വാർത്തകൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്കും ഫോൺ മുഖേന സൈബർസെല്ലിലോ (9497975812) ക്രൈംസ്റ്റോപ്പർ (1090) നമ്പറിലോ അറിയിക്കാം.