കണ്ണൂർ:സ്വത്ത് തർക്കം ജില്ലയിൽ വലിയ തോതിൽ വർദ്ധിക്കുന്നതായി വനിതാ കമ്മീഷൻ അംഗം ഇ.എം.രാധ പറഞ്ഞു. ജില്ലയിൽ വനിതാ കമ്മിഷൻ സംഘടിപ്പിച്ച അദാലത്തിൽ വലിയശതമാനവും സ്വത്ത് തർക്കങ്ങളായിരുന്നു. സ്വത്ത് തർക്കം സാമ്പത്തികമായി മുന്നോട്ട് നിൽക്കുന്നവരിലും ഇടത്തരക്കാരിലും താഴെതട്ടിലുള്ളവരിലും ഒരു പോലെ വർധിച്ചുവരുന്നതായി വനിതാ കമ്മിഷൻ വിലയിരുത്തി. അതേസമയം അദാലത്തിൽ വിവാഹ മോചന കേസുകളുടെ എണ്ണം കുറവാണ്.
വിധവകളായ അമ്മമാർക്ക് വീടുകളിൽ അർഹിക്കുന്ന പരിഗണന കിട്ടാത്ത അവസ്ഥയാണ്. ഇതിന് ആൺമക്കളും പെൺമക്കളും ഒരുപോലെ കുറ്റക്കാരാണ്. പെൺമക്കൾ ഉള്ള അമ്മമാർ പോലും വൃദ്ധ സദനങ്ങളിൽ എത്തുന്നതായും കമ്മിഷൻ വിലയിരുത്തി. വയോജന നിയമങ്ങൾ എത്രയുണ്ടെങ്കിലും അത് നടപ്പിലാക്കേണ്ടത് ആർ.ഡി.ഒമാരാണ്. പലരും ഇത് ശ്രദ്ധിക്കാത്ത അവസ്ഥയാണ്.
പോക്സോ കേസുകൾ ഉൾപ്പെടെയുള്ളവ തടയുന്നതിനായി വനിതാ കമ്മിഷനും ബാലാവകാശ കമ്മിഷനും ചേർന്ന് നിയമങ്ങളെ കുറിച്ച് ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കും. പുതിയ സാമ്പത്തികവർഷത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടു വരും. എല്ലാ ജില്ലകളിലും ഒരു കൗൺസിലറുടെ സേവനം ലഭ്യമാക്കും. അടുത്ത ഏപ്രിൽ മുതൽ കമ്മിഷന്റെ പ്രവർത്തനം പുതിയ തലത്തിലേക്ക് വ്യാപിപ്പിക്കും. ജില്ലയിൽ ഫാമിലി കൗൺസിൽ സെന്റർ തുടങ്ങാനുള്ള ആവശ്യം ഉയരുന്നുണ്ട്.
ആർഭാട വിവാഹം നിയന്ത്രിക്കുന്നതിനായി കമ്മിഷൻ സർക്കാർ മുമ്പാകെ പ്രൊപോസൽ കൊടുക്കാൻ ഒരുങ്ങുകയാണ്. അദാലത്തിൽ എസ്.എെ.ആർ. രമ,അഡ്വ. പത്മജ പത്മനാഭൻ, അഡ്വ. സരള, അഡ്വ. വിമല കുമാരി, അഡ്വ. കെ.എം. പ്രമീള എന്നിവരുടെ നേതൃത്വത്തിലാണ് അദാലത്ത് നടന്നത്.
ആകെ കേസുകൾ 66
ക്ലോസ് ചെയ്തത് 11
കൗൺസിലിംഗിന് വിട്ടത് 2
അടുത്ത അദാലത്തിലേക്ക് 43
പൊലീസ് റിപ്പോർട്ടിന് അയച്ചത് 10