പദ്ധതി ഉപഭോക്താക്കൾ അഞ്ഞൂറോളം കർഷകർ

പാഴാകുന്നത് 30 ലക്ഷംരൂപയുടെ പദ്ധതി

ലക്ഷ്യമിട്ടത് 350 ഹെക്ടർ സ്ഥലത്തെ നെൽകൃഷി

തൃക്കരിപ്പൂർ: പഞ്ചായത്തിന്റെ നെല്ലറയെന്നു വിശേഷിപ്പിക്കപ്പെടുന്ന കുട്ടനാടി പാടശേഖരത്തിലെ കൃഷിവികസനത്തിനായി മൂന്നു വർഷം മുമ്പ് ആരംഭിച്ച പദ്ധതി പൂർത്തിയാകാതെ കിടക്കുന്നു. കൃഷി വകുപ്പിന്റെ സഹകരണത്തോടെ നബാർഡിന്റെ 30 ലക്ഷം രൂപയുടെ പദ്ധതിയാണ് പാഴാകുന്നത്.

പ്രദേശത്തെ ഓരോ കൃഷിക്കാരനും ആവശ്യമായ ജലസേചനം നടത്താനുള്ള നൂറ്റിഇരുപതോളം ക്രൂ ആർ സി ടാപ്പുകളും കിണറുകളും അനുബന്ധ സംവിധാനങ്ങളും അടങ്ങുന്നതാണ് ഈ ബൃഹത്തായ പദ്ധതി. എന്നാൽ ടാപ്പുകളുടെയും പൈപ്പുകൾ ഇടുന്നതുമായി ബന്ധപ്പെട്ട ജോലികളും പൂർത്തിയാകാത്തതിനാലാണ് പദ്ധതി നീണ്ടുപോകുന്നത്.
ആയിറ്റി കുട്ടനാടി വയലിൽ മുന്നൂറ്റി അൻപതോളം ഹെക്ടർ സ്ഥലത്ത് നെൽകൃഷി വികസനത്തിന് ലക്ഷ്യമിട്ടാണ് പദ്ധതി ആരംഭിച്ചത്. വർഷത്തിൽ മൂന്നുവിള കൃഷിയെടുക്കുന്ന കുട്ടനാടി വയലിൽ വേണ്ടത്ര ജലസേചന സൗകര്യം ഇല്ലാത്തതിനാൽ കർഷകർ നട്ടം തിരിയുകയാണ്. വർഷങ്ങൾക്ക് മുമ്പ് ജില്ല പഞ്ചായത്ത് നടപ്പിലാക്കിയ കിണറും ജലസംഭരണിയും തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് നിർമ്മിച്ച ചൊവ്വറമ്പ് കുളവും പമ്പ് ഹൗസും ഉപയോഗിച്ചുള്ള വെള്ളം മാത്രമാണ് ഇപ്പോഴും ആശ്രയം. ഇതാകട്ടെ എല്ലാ കർഷകർക്കും പര്യാപ്തവുമല്ല. പദ്ധതിയുടെ ഉപഭോക്താക്കളായി അഞ്ഞൂറോളം കർഷകർ ഇവിടെയുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. മൂന്നുവിള കൃഷി ചെയ്യുന്ന ഈ വയൽ ഇപ്പോൾ പായലുകളും മറ്റും നിറഞ്ഞുകിടക്കുകയാണ്.

കുട്ടനാടിയിൽ ജലസേചന സൗകര്യം

വർഷങ്ങൾക്ക് മുമ്പ് തൃക്കരിപ്പൂർ ഗ്രാമ പഞ്ചായത്ത് ചൊവ്വറമ്പ് കുളവും വണ്ണാത്തി കുളവും ബന്ധിപ്പിച്ച് പണിത പദ്ധതിയാണ് ആദ്യഘട്ടത്തിൽ കുട്ടനാടിയിൽ ജലസേചന സൗകര്യം ഒരുക്കിയത്. 2005 ൽ ജില്ല പഞ്ചായത്ത് കിണറും വാട്ടർ ടാങ്കും സ്ഥാപിച്ച് കൂടുതൽ മെച്ചപ്പെട്ട സൗകര്യം ഒരുക്കി. എന്നാൽ ജലസേചന സൗകര്യം കുറഞ്ഞതോടെ മൂന്നുവിള കൃഷി ചെയ്തുവന്നിരുന്ന വയലുകൾ തരിശിടുകയും തുടർന്ന് ഉപയോഗ ശൂന്യമാവുകയും ചെയ്തു. ഇവിടെ ആഫ്രിക്കൻ പായലും മറ്റും വളർന്നതോടെ കൃഷി ചെയ്യാൻ കഴിയാത്ത അവസ്ഥയായി. പിന്നീട് ദേശീയ തൊഴിലുറപ്പ് പദ്ധതി മുഖേന ഈ നെൽവയൽ കൃഷി ചെയ്യാനായി ഒരുക്കി. കൃഷിവകുപ്പ് നടപ്പിലാക്കുന്ന പുതിയ ജലസേചന പദ്ധതി അംഗീകരിച്ചതോടെ കർഷകർക്ക് പുതിയ ഉണർവ്വ് ഉണ്ടായെങ്കിലും അത് യാഥാർഥ്യമാകാതായതോടെ കൃഷിക്കാർ കൃഷിയിൽ നിന്നും വിട്ടു നിൽക്കുകയാണ്


ഫോട്ടോ
തരിശായി കിടക്കുന്ന കുട്ടനാടി വയൽ