കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നിലവിലുള്ള രണ്ട് സീറ്റിനു പുറമേ ഒന്നു കൂടി വേണമെന്ന അവകാശ വാദത്തിൽ മുസ്ലിംലീഗ് നേതൃത്വം പിടിമുറുക്കി. കഴിഞ്ഞ ദിവസം കോഴിക്കോട് നടന്ന ലീഗ് പ്രവർത്തകസമിതി യോഗം ഈ ആവശ്യത്തിൽ ഉറച്ചുനിൽക്കാൻ തീരുമാനിക്കുകയായിരുന്നു. കാസർകോട്, വടകര സീറ്റുകളിലൊന്നാവും ചോദിക്കുക. എങ്കിലും, കാസർകോടിനോടാണ് ലീഗിന് കൂടുതൽ താത്പര്യം. വിട്ടുകൊടുക്കില്ലെന്ന് കോൺഗ്രസ് നിലപാടെടുത്താൽ യു.ഡി.എഫ് സീറ്റ് വിഭജനം കീറാമുട്ടിയാകും.
യു.ഡി.എഫ് നേതൃയോഗം ഇതു സംബന്ധിച്ച് മനസു തുറന്നിട്ടില്ല. ഇന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുക്കുന്ന കോൺഗ്രസ് കാസർകോട് ജില്ലാ നേതൃയോഗം ലീഗിന്റെ അവകാശവാദം ചർച്ച ചെയ്തേക്കും.
കാസർകോട്, വടകര സീറ്റുകളിൽ കോൺഗ്രസ് മാത്രമാണ് ഇതുവരെയും മത്സരിച്ചിരുന്നത്. ഇതിനു മുമ്പും പല തവണ സീറ്റ് ആവശ്യപ്പെട്ടിരുന്നെങ്കിലും അവസാനഘട്ടം ലീഗ് പിന്മാറിയിരുന്നു. ഇത്തവണ അത്തരമൊരു മനംമാറ്റത്തിന് തയ്യാറല്ലെന്നാണ് ലീഗ് നേതൃത്വം നൽകുന്ന സൂചന.
22 നിയമസഭാ മണ്ഡലങ്ങളുള്ള കോൺഗ്രസിന് 15 ലോക്‌സഭാ സീറ്റുകളിൽ മത്സരിക്കാമെങ്കിൽ 18 സീറ്റുള്ള തങ്ങൾക്ക് ഒരു സീറ്റിന് കൂടി അവകാശമുണ്ടെന്നാണ് ലീഗ് വിലയിരുത്തുന്നത്. 19 നിയമസഭാ സീറ്റുള്ള സി.പി.ഐക്ക് സി.പി.എം നാലു സീറ്റ് നൽകുന്നുണ്ടല്ലോ എന്നും ലീഗ് നേതൃത്വം ചൂണ്ടിക്കാട്ടുന്നു.
കാസർകോട് മണ്ഡലത്തിൽ കഴിഞ്ഞ തവണ 6921 വോട്ടിനാണ് കോൺഗ്രസിലെ ടി.സിദ്ദിഖ് സി.പി.എമ്മിലെ പി. കരുണാകരനോട് പരാജയപ്പെട്ടത്. വടകരയിൽ മൂവായിരത്തോളം വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിനാണ് കോൺഗ്രസിലെ മുല്ലപ്പള്ളി രാമചന്ദ്രൻ ജയിച്ചത്.
'ഒരു സീറ്റിനു കൂടി ലീഗിന് അർഹതയുണ്ട്. ഇക്കാര്യം കോൺഗ്രസ് നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. സീറ്റ് വിഭജനത്തിന്റെ പേരിൽ തർക്കങ്ങളൊന്നും നിലവിലില്ല. എല്ലാ പ്രശ്നങ്ങളും രമ്യമായി പരിഹരിച്ച് മുന്നോട്ടു പോകും.
- കെ.പി.എ. മജീദ് (ജനറൽ സെക്രട്ടറി, മുസ്ലിം ലീഗ്)