കണ്ണൂർ:യുവാക്കളെയും സാഹസിക വിനോദ സഞ്ചാരികളെയും ലക്ഷ്യമിട്ട് ജില്ലയിലെ സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഡി.ടി.പി.സിയും സാഹസിക അക്കാഡമിയും ചേർന്ന് പുതിയ പദ്ധതികൾക്ക് രൂപം നൽകുന്നു.സാഹസിക വിനോദ കേന്ദ്രങ്ങളുടെ എണ്ണം വർദ്ധിപ്പിക്കാനുള്ള നടപടികളും തുടങ്ങിയിട്ടുണ്ട്.

മിക്ക വിനോദ സഞ്ചാര കേന്ദ്രങ്ങളിലും സാഹസിക ഉപകരണങ്ങൾ ഒരുക്കിയതോടെ സഞ്ചാരികളുടെ വരവ് വർദ്ധിച്ചതായി ഡി.ടി.പി.സി അധികൃതർ പറയുന്നു.എല്ലാ പ്രായക്കാർക്കും സാഹസികാനുഭവങ്ങൾ ലഭ്യമാക്കുന്ന പദ്ധതികളും ഇക്കൂട്ടത്തിലുണ്ട്.ശരാശരി വർഷത്തിൽ 25 ലക്ഷത്തിലധികം സഞ്ചാരികളെത്തുന്ന പയ്യാമ്പലത്ത് സ്വിപ് ബൈക്ക്,റോപ്പ് സൈക്കിൾ എന്നിവയാണ് ഒരുക്കുന്നത്.

ധർമ്മടം,കാട്ടാമ്പള്ളി,എന്നിവിടങ്ങളിൽ കയാകിംഗ് രണ്ടു വർഷമായി നടക്കുന്നുണ്ട്.സംഘമായും അല്ലാതെയും കയാക്കിംഗ് നടത്താനുള്ള പാക്കേജുകളെത്തിയതോടെ 15 ലക്ഷത്തിലധികം സഞ്ചാരികൾ ഇവിടെ എത്തുന്നുണ്ടെന്നാണ് ഡി.ടി.പി.സിയുടെ കണക്ക്.കാട്ടാമ്പള്ളിയിൽ പുതിയ കയാക്കിംഗ് സെന്ററും ഒരുങ്ങുകയാണ്.പാലക്കയം തട്ടിൽ നിലവിലെ 300 മീറ്റ‌‌ർ സോ‌ർബിൻ ബോൾ,റോപ്പ് കോഴ്സ്,അമ്പെയ്ത്ത്,ഗൺഷൂട്ടിംഗ് തുടങ്ങിയ 14 സാഹസിക വിനോദങ്ങൾക്ക് പുറമെ ഗ്ലാംപിംഗ് എന്ന രാത്രി കാല ടെന്റ് ക്യാമ്പിനും സൗകര്യമൊരുക്കും. നേരത്തെ ഡി.ടി.പി.സി .സാഹസിക അക്കാഡമിയുടെ നേതൃത്വത്തിൽ മുഴപ്പിലങ്ങാട് ബീച്ചിൽ നടപ്പിലാക്കിയ പല പദ്ധതികളും വേലിയേറ്റം കാരണം പരാജയപ്പെടുകയായിരുന്നു.ധർമ്മടം തുരുത്ത് കേന്ദ്രീകരിച്ച് റോപ്പ് വേയുടെ പ്രവർത്തനവും നടക്കുന്നുണ്ട്.