കണ്ണൂർ: കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കൂടുതൽ അന്താരാഷ്ട്ര, ആഭ്യന്തര സർവ്വീസുകൾ ആരംഭിക്കുന്നതിനാവശ്യമായ കേന്ദ്ര അനുമതികൾ ലഭ്യമാക്കാനുള്ള ഇടപെടലുകൾ ദ്രുതഗതിയിൽ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് കിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കിയാൽ ഓഹരി ഉടമകളുടെ ഒമ്പതാമത് വാർഷിക പൊതുയോഗത്തിൽ അദ്ധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എല്ലാ തരത്തിലും ആധുനികവും അന്താരാഷ്ട്ര നിലവാരത്തിലുള്ളതുമായ സംവിധാനങ്ങളാണ് കണ്ണൂർ വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. വിമാനത്താവളത്തിന്റെ മുഴുവൻ സാധ്യതയും ഉപയോഗപ്പെടുത്തണമെങ്കിൽ കൂടുതൽ അന്താരാഷ്ട്ര ലൈനുകൾ ആരംഭിക്കേണ്ടതുണ്ട്. കൂടുതൽ ആഭ്യന്തര സർവ്വീസുകളും ഉണ്ടാവണം. നിലവിൽ എയർ ഇന്ത്യ എക്‌സ്പ്രസ് മാത്രമാണ് അന്താരാഷ്ട്ര സർവ്വീസ് നടത്തുന്നത്. ഗോ എയർ ആഭ്യന്തര സർവ്വീസും നടത്തുന്നുണ്ട്. ഇൻഡിഗോ കൂടി താമസിയാതെ ആഭ്യന്തര സർവ്വീസ് ആരംഭിക്കും. ഗോ എയറും ഇൻഡിഗോയും അന്താരാഷ്ട്ര ഫൈ്‌ളറ്റുകൾ ആരംഭിക്കാൻ തയ്യാറാണ്. എയർ ഇന്ത്യയും സ്‌പൈസ് ജെറ്റും അന്താരാഷ്ട്ര സർവ്വീസ് ആരംഭിക്കാനാവശ്യമായ പ്രാഥമിക പഠനം നടത്തുകയാണ്.കൂടുതൽ അന്താരാഷ്ട്ര സർവീസുകൾക്കായി സംസ്ഥാനസർക്കാർ കേന്ദ്രസർക്കാരിൽ സമ്മർദ്ദം ചെലുത്തുന്നുണ്ട്.

യു.എ.ഇ, സൗദി, ഒമാൻ, ഖത്തർ എന്നീ സെക്ടറുകളിലേക്കാണ് ഇപ്പോൾ സർവ്വീസ് നടത്തുന്നത്. മറ്റ് രാജ്യങ്ങളിലേക്കും സർവ്വീസ് ആരംഭിക്കാൻ കഴിയണം.വ്യവസായ ആവശ്യത്തിനായി വിമാനത്താവളത്തിനടുത്ത് സ്ഥലം അക്വയർ ചെയ്യാൻ നടപടി തുടങ്ങിയിട്ടുണ്ട്. മലബാറിലെ വിനോദ സഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ സാധു കല്യാണ മണ്ഡപത്തിൽ ചേർന്ന യോഗത്തിൽ ഡയറക്ടർമാരായ റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ, വ്യവസായ മന്ത്രി ഇ .പി. ജയരാജൻ, ആരോഗ്യ മന്ത്രി കെ .കെ. ശൈലജ , തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ഗതാഗത മന്ത്രി എ. കെ. ശശീന്ദ്രൻ, ഡയറക്ടർമാരായ അനന്തകൃഷ്ണൻ ( ബി.പി.സി.എൽ)ഹസ്സൻകുഞ്ഞി, കിയാൽ മാനേജിങ്ങ് ഡയറക്ടർ വി. തുളസീദാസ് തുടങ്ങിവർ പങ്കെടുത്തു.കിയാലിന്റെ ഓഹരി മൂലധനം 1500 കോടിയിൽ നിന്ന് 3500 കോടി രൂപയാക്കി ഉയർത്താനുള്ള പ്രമേയം യോഗത്തിൽ അവതരിപ്പിച്ചു.