തളിപ്പറമ്പ് : ആവശ്യത്തിന് ഫണ്ടില്ലാതെ തളിപ്പറമ്പ് താലൂക്കാശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ് ഊർദ്ധ്വൻ വലിക്കുന്നു. യൂണിറ്റിന്റെ സേവനം നഗരസഭയിലെ വൃക്ക രോഗികൾക്ക് മാത്രമാണ് ഇപ്പോൾ ലഭിക്കുന്നത്.
10 ഓളം ഡയാലിസിസ് മെഷീനുകളുണ്ടെങ്കിലും മുഴുവനായും പ്രവർത്തിപ്പിക്കാൻ സാമ്പത്തിക പ്രതിസന്ധിയും , ടെക്‌നീഷൻമാരുടെ അഭാവവും ഉണ്ടെന്നാണ് അധികൃതർ പറയുന്നത്. ഇപ്പോൾ സൗജന്യനിരക്കിൽ ദിനംപ്രതി
12 പേരാണ് ഡയാലിസിസ് ചെയ്യുന്നത്.ഇതിൽ ദാരിദ്ര രേഖയ്ക്ക് താഴെയുള്ള 8 പേർക്ക് തികച്ചും സൗജന്യമായാണ് . മറ്റുള്ളവരിൽ നിന്ന് നാമമാത്രമായ ഫീസാണ് ഈടാക്കുന്നത്.
കഴിഞ്ഞ ഏപ്രിൽ ഏഴിനാണ് തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിൽ നിർദ്ധന രോഗികൾക്കുള്ള ഡയാലിസിസ് യൂണിറ്റ് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ ശൈലജ ഉദ്ഘാടനം ചെയ്തത്. ആശുപത്രി വളപ്പിൽ നേരത്തെ സത്രത്തിനായി നിർമ്മിച്ച കെട്ടിടമാണ് രോഗികളെ മുകൾനിലയിലെത്തിക്കാൻ റാമ്പും, പുതിയ ട്രാൻസ്‌ഫോർമർ, മാലിന്യ സംസ്‌ക്കരണത്തിനുളള സംവിധാനങ്ങൾ, ജനറേറ്റർ എന്നിവ സജ്ജമാക്കി ഡയാലിസിസ് കേന്ദ്രമായി മാറ്റിയത്. കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷന്റെ മേൽനോട്ടത്തിലാണ് യൂണിറ്റിനാവശ്യമായ ഉപകരണങ്ങൾ സ്ഥാപിച്ചത്. ഒരേ സമയം ഒൻപതുരോഗികളെ ഡയാലിസിസ് ചെയ്യാൻ സാധിക്കുന്ന സജ്ജീകരണം ഇവിടെയുണ്ട്. സർക്കാറിന്റെ ആർദ്രം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് ഡയാലിസിസ് യൂണിറ്റ് ഒരുക്കിയത്. കെട്ടിടം നവീകരണത്തിനും മറ്റുമായി തളിപ്പറമ്പ് നഗരസഭ തനത് ഫണ്ടും ഉപയോഗിച്ചിരുന്നു.
തളിപ്പറമ്പ് താലൂക്കിലെ മറ്റ് സ്വയംഭരണ സ്ഥാപനങ്ങൾ 2019-20 വർഷത്തെ പദ്ധതിയിൽ സാന്ത്വന വിഭാഗത്തിൽ ഉൾപ്പെടുത്തി ഡയാലിസിസിന് വേണ്ടി തുക മാറ്റിവച്ചാൽ അവിടെയുളള വൃക്ക രോഗികൾക്കും സേവനം ലഭ്യമാക്കാൻ കഴിയും. ഇരുപത് പേർക്കെങ്കിലും ദിനംപ്രതി ഡയാലിസിസ് ചെയ്യാൻ ഇതുവഴി സാധിക്കുമെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്.

പടം : തളിപ്പറമ്പ് താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റ.കെട്ടിടം