തൃക്കരിപ്പൂർ: തകർന്നു തരിപ്പണമായ ഗ്രാമീണ റോഡുകളിൽ പലതിലും കാൽനടയാത്രപോലും ദുസ്സഹം. തൃക്കരിപ്പൂർ ടൗണിൽ നിന്നും നീലംബം വഴി ഇടയിലക്കാട്, വലിയപറമ്പ തുടങ്ങിയ തീരദേശ മേഖലയിലേക്കും വെള്ളാപ്പ്, ആയിറ്റി തുടങ്ങിയ പ്രദേശങ്ങളിലേക്കും പോകുന്ന റോഡുകളാണ് ഏറെ പരിതാപകരമായ നിലയിൽ.
വെള്ളാപ്പ് റെയിൽവേ ഗേറ്റ് മുതൽ വെള്ളാപ്പ് ഇടയിലക്കാട് ജംഗ്ഷൻ വരെയുള്ള ഏകദേശം രണ്ടു കിലോമീറ്റർ ദൈർഘ്യമുള്ള റോഡാണ് പാടെ തകർന്നുകിടക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, അഗതി മന്ദിരം തുടങ്ങിയ സ്ഥാപനങ്ങൾ ഈ റോഡിന്റെ പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്. വലിയപറമ്പയിലേക്കുള്ള സ്വദേശി - വിദേശി വിനോദ സഞ്ചാരികളുടെയും സഞ്ചാരപാതയായതിനാൽ എന്നും വാഹന തിരക്ക് അനുഭവപ്പെടുന്ന റോഡാണിത്.
ഇതേ രീതിയിൽ തൃക്കരിപ്പൂർ ടൗണിൽ നിന്നും കിഴക്കൻ മലയോര മേഖലയുമായി എളുപ്പം ബന്ധപ്പെടാൻ ആശ്രയിക്കുന്ന റോഡാണ് എടാട്ടുമ്മൽ - കുണിയൻ - കരിവെള്ളൂർ റോഡ്. ഇതിന്റെ അവസ്ഥയും തഥൈവ. ഓട്ടോറിക്ഷ, ബൈക്കുകൾ തുടങ്ങിയ ചെറിയവാഹനങ്ങൾ ഇതുവഴി ഏറെ ക്ലേശിച്ചാണ് കടന്നുപോകുന്നത്. എടാട്ടുമ്മൽ തോട്ടിമുണ്ട്യഅറ, എടാട്ടുമ്മൽ കിഴക്കേക്കര എന്നിവിടങ്ങളിൽ റോഡ് കുളമായ രീതിയിലാണ് ഉള്ളത്. പയ്യന്നൂരിൽ നിന്നും കരിവെള്ളൂർ വഴി തൃക്കരിപ്പൂരിലേക്ക് ഇതുവഴി നേരത്തെ ഒരു കെ.എസ്.ആർ.ടി.സി ബസ് സർവീസ് നടത്തിയിരുന്നു.
ഗ്രാമീണ റോഡുകൾ നവീകരിക്കുന്നതിനായി പഞ്ചായത്ത് അരക്കോടി രൂപ നീക്കിവെച്ചിട്ടും സാധാരണ ജനങ്ങളുടെ നിത്യജീവിതത്തിന്റെ ഭാഗമായ ഗ്രാമീണ റോഡുകൾ യാത്രായോഗ്യമല്ലാതെ കിടക്കുന്നത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
ഫോട്ടോ
തകർന്നു തരിപ്പണമായ എടാട്ടുമ്മൽ - കുണിയൻ റോഡ്
കാഞ്ഞങ്ങാട് മാതോത്ത് മഹാവിഷ്ണു ക്ഷേത്ര മഹോത്സവത്തോടനുബന്ധിച്ച് നടന്ന നഗരപ്രദക്ഷിണം