കാസർകോട് : കേരളത്തിലേക്ക് വരുന്ന ദീർഘദൂര വാഹനങ്ങളിലെ ഡ്രൈവർമാർക്കും സഹായികൾക്കും വിശ്രമിക്കുന്നതിനും മറ്റുമായി അത്യാധുനിക സൗകര്യങ്ങളുമായി ജില്ലാ ഭരണകൂടം. വിശ്രമത്തിനു പുറമെ മെഡിക്കൽ പരിശോധനകൾക്കും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും ഭക്ഷണത്തിനും ഉൾപ്പെടെ കാസർകോട് ജില്ലാതിർത്തിയായ ഹൊസങ്കടിയിൽ ദേശീയപാതയ്ക്ക് സമീപത്തെ സർക്കാർ ഭൂമിയിലാണ് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കേന്ദ്രം വരുന്നത്. ഇതിനായി വിശദമായ പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുവാൻ ജില്ലാ ടൂറിസം പ്രോമോഷൻ കൗൺസിലിനെ ജില്ലാ കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ റോഡ് സേഫ്റ്റി കൗൺസിൽ യോഗം ചുമതലപ്പെടുത്തി.
ഉത്തരേന്ത്യയിൽ നിന്നടക്കമുള്ള ചരക്കുവാഹനങ്ങളിലെ ഡ്രൈവർമാർക്ക് ഏറെ പ്രയോജനകരമാകുന്ന പദ്ധതിയാണിത്. ദീർഘദൂരയാത്ര ചെയ്യുന്ന ചരക്കുവാഹനങ്ങൾ പാതയോരങ്ങളിൽ പാർക്ക് ചെയ്ത് ഡ്രൈവറും സഹായികളും വണ്ടിയിൽതന്നെ വിശ്രമിക്കുകയുമാണ് പതിവ്. പലരും ആവശ്യമായ വിശ്രമം പോലുമില്ലാതെയാണ് പിന്നീട് ദീർഘയാത്ര തുടരുന്നത്. ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകാറുണ്ട്.
കാഞ്ഞങ്ങാട് നഗരത്തിലെ ഗതാഗതക്കുരിക്ക് ഒഴിവാക്കുവാൻ ട്രാഫിക്ക് സിഗ്നൽ സംവിധാനത്തിലെ സമയക്രമം പുനഃക്രമീകരിക്കുന്നതിന് കെ.എസ്.ടി.പിയെ ചുമതലപ്പെടുത്താനും യോഗം തീരുമാനിച്ചു.
എല്ലാ സംവിധാനങ്ങളും ഒരു കുടക്കീഴിൽ
ഒരു കുടക്കീഴിൽ എല്ലാ സംവിധാനങ്ങളും ലഭ്യമാക്കുന്ന രീതിയിലാണു ഹൊസങ്കടിയിലെ കേന്ദ്രം വിഭാവന ചെയ്യുന്നത്. പൊലീസ്, മെഡിക്കൽ, മോട്ടോർ വാഹനവകുപ്പ്, എക്‌സൈസ് വകുപ്പ്, ജി.എസ്.ടി തുടങ്ങിയ വിഭാഗങ്ങൾ പ്രവർത്തിക്കും. ഡ്രൈവർമാർക്കും മറ്റും വിശ്രമിക്കുന്നതിനും മറ്റുമായി കുറഞ്ഞവാടകയ്ക്ക് ശീതികരിച്ച സൗകര്യമുൾപ്പെടെയുള്ള മുറികളും ലഭിക്കും. ഡ്രൈവർമാർക്ക് കാഴ്ച പരിശോധന, രക്തസമ്മർദ്ദ പരിശോധന ഉൾപ്പെടെയുള്ള മെഡിക്കൽ പരിശോധനകളും നടത്തും. ഇവർക്ക് ആവശ്യമായ വിശ്രമം നൽകിയതിനുശേഷമേ തുടർയാത്ര അനുവദിക്കൂ.
ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ
ഡി.എഫ്.ഒ ഓഫീസ് മാർച്ച് 29 ന്
കാസർകോട്: വനംവകുപ്പിലെ വാച്ചർമാർക്ക് മാസത്തിൽ 26 തൊഴിൽ ദിന വേതനം അനുവദിക്കുക, പ്രതിമാസം വേതനം അനുവദിക്കുക, മസ്റ്റർറോൾ ഏകപക്ഷീയമായി വെട്ടിച്ചുരുക്കുന്ന നടപടി അവസാനിപ്പിക്കുക, തൊഴിലാളി ദ്രോഹ നടപടികൾ അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കേരള ഫോറസ്റ്റ് വർക്കേഴ്സ് യൂണിയൻ (എ.ഐ.ടി.യു.സി ) നേതൃത്വത്തിൽ 29 ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്താൻ ജില്ലാ കമ്മിറ്റിയോഗം തീരുമാനിച്ചു. യൂണിയൻ ജില്ലാ പ്രസിഡന്റ് വി. രാജൻ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മറ്റിയംഗം അഷറഫ് പള്ളഞ്ചി, രാധാകൃഷ്ണൻ പെരുമ്പള എന്നിവർ സംസാരിച്ചു. യൂണിയൻ ജില്ലാ അസി. സെക്രട്ടറി സുധീഷ് കുറ്റിക്കോൽ സ്വാഗതം പറഞ്ഞു.