ചെറുവത്തൂർ: മടക്കരയിൽ നിന്നും മത്സ്യബന്ധനത്തിനു പോയ മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി. പരപ്പനങ്ങാടി സ്വദേശി മനു (40 വിനെയാണ് ഇന്നലെ രാവിലെ പുറംകടലിൽ കാണാതായത്. രാജേശ്വരി എന്ന ബോട്ടിലെ തൊഴിലാളിയാണ്. ശക്തമായ തിരയിൽ അകപ്പെട്ട ബോട്ടിൽ നിന്നും ഇയാൾ കടലിൽ തെറിച്ചുവീഴുകയായിരുന്നു. കൂടെ ഉള്ള സഹപ്രവർത്തകർ രക്ഷാശ്രമത്തിൽ ഏർപ്പെട്ടുവെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് ഫിഷറീസ്, കോസ്റ്റൽ സേനകൾ തിരച്ചിൽ നടത്തിയെങ്കിലും വൈകീട്ട് വരെ കണ്ടെത്തിയില്ല.
അധ്യാപകരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യണം
തൃക്കരിപ്പൂർ: പൊതു വിദ്യാഭ്യാസ വകുപ്പിൽ അധ്യാപകരുടെ പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിനുള്ള നടപടികൾ ത്വരിതപ്പെടുത്തണമെന്നും സർട്ടിഫിക്കറ്റുകൾ കാലതാമസം കൂടാതെ വിതരണം ചെയ്യുണമെന്നും കേരള സ്റ്റേറ്റ് ടീച്ചേർസ് സെന്റർ കാസർകോട് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. എൽ.ജെ.ഡി ജില്ല വൈസ് പ്രസിഡന്റ് ടി.വി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. കെ.എസ്.ടി.സി ജില്ലാ പ്രസിഡന്റ് വി. പവിത്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി. കുമാരൻ, എൽ.ജെ.ഡി ജില്ല സെക്രട്ടറിമാരായ വി.വി കൃഷ്ണൻ, ഇ.വി ഗണേശൻ, എൻ.ജി.ഒ സെന്റർ ജില്ലാ പ്രസിഡന്റ് പി.വി ദിനേശൻ, ടി. സുരേഷ്ബാബു, ശ്രീജ ചക്കരേൻ, പി.വി രമ, കെ.വി ദീപ, കെ.വി ബിന്ദു സംസാരിച്ചു. പി. രാജേഷ് സ്വാഗതവും പി.പി മോഹനൻ നന്ദിയും പറഞ്ഞു.
യു. ഡി.എഫ് പ്രതിഷേധ സംഗമം 23 ന്
കാസർകോട്: പ്രളായനന്തര ഭരണ സ്തംഭനത്തിനെതിരെയും വിശ്വാസികളോടുള്ള വഞ്ചനക്കെതിരെയും ക്രമസമാധാന തകർച്ചക്കെതിരേയും യു.ഡി.എഫ് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി 23 ന് കാസർകോട് കലക്ട്രേറ്റ് പടിക്കൽ പ്രതിഷേധ സംഗമം നടത്താൻ ജില്ലാ നേതൃയോഗം തീരുമാനിച്ചു. ചെയർമാൻ എം.സി. ഖമറുദ്ദീൻ അദ്ധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ എ.ഗോവിന്ദൻ നായർ സ്വാഗതം പറഞ്ഞു. പ്രതിഷേധ സംഗമം രാവിലെ 10 ന് കെ.പി.സി.സി. വർക്കിംഗ് പ്രസിഡന്റ് കെ. സുധാകരൻ ഉദ്ഘാടനം ചെയ്യും.
ഫാർമേഴ്സ് ബാങ്ക് ഡയറക്ടർമാർ ചുമതലയേറ്റു
തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ഫാർമേഴ്സ് കോ ഓപ്പറേറ്റിവ് ബാങ്കിന്റെ അടുത്ത അഞ്ചു വർഷത്തേക്കുള്ള പുതിയ ഡയറക്ടർമാർ ചുമതലയേറ്റു. ബാങ്ക് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ ബാങ്ക് എം.ഡി കെ. ശശിധരൻ നേതൃത്വം നൽകി. ലോക് താന്ത്രിക് ജനതാദൾ, കോൺഗ്രസ്, മുസ്ലിം ലീഗ് എന്നീ കക്ഷികളുടെ നേതൃത്വത്തിലുള്ള സഹകരണ മുന്നണിയാണ് വർഷങ്ങളായി ബാങ്ക് ഭരിക്കുന്നത്. ഈ പ്രാവശ്യം എതിരില്ലാതെയാണ് മൂന്നു കക്ഷികളുടെയും 12 പേർ തിരഞ്ഞെടുക്കപ്പെട്ടത്. ടി.വി ബാലകൃഷ്ണൻ, വി.വി വിജയൻ, വെങ്ങാട്ട് കുഞ്ഞിരാമൻ, വി. വി രാജശ്രീ ( എൽ.ജെ.ഡി ) അഡ്വ. കെ.കെ രാജേന്ദ്രൻ, ടി. ധനഞ്ജയൻ,പി.പ്രിയേഷ്, കെ.കെ താജുദ്ദീൻ (കോൺഗ്രസ്), വി.ടി ഷാഹുൽ ഹമീദ്, സി. ഇബ്രാഹിം, വി.പി ബൾക്കീസ്, കെ.എം ഫരീദ (മുസ്ലിം ലീഗ്) എന്നിവരാണ് പുതിയതായി അധികാരമേറ്റ ഡയറക്ടർമാർ.