പയ്യന്നൂർ : പൂന്തുരുത്തി മുച്ചിലോട്ട് ഭഗവതി ക്ഷേത്രത്തിൽ ഫെബ്രുവരി നാലു മുതൽ ഏഴുവരെ നടക്കുന്ന പെരുങ്കളിയാട്ടത്തിൽ പ്രഥമ സ്ഥാനമുള്ള കന്നിക്കലവറ രാവും പകലുമില്ലാതെയുള്ള ഒരു പറ്റം ആളുകളുടെ അദ്ധ്വാനത്തിൽ നിർമ്മാണം പൂർത്തിയാകുന്നു.തമ്പുരാട്ടിയുടെതിരുമംഗല്യത്തിനുള്ള ആറ് നേരത്തെ സദ്യവട്ടങ്ങൾ ഒരുക്കുന്നതിനുള്ള വിഭവങ്ങൾ സമാഹരിക്കുന്നത് കന്നിക്കലവറയിലാണ്.
ഒൻപത് തൂണുകളിൽ നിർമ്മിക്കുന്ന കന്നിക്കലവറ വാണിയ സമുദായത്തിലെ ഒമ്പത് ഇല്ലങ്ങളെ പ്രതിനിധാനം ചെയ്യുന്നുവെന്നാണ് വിശ്വാസം.നിർമ്മാണം പൂർത്തിയായ കലവറ ഇരുട്ട് മുറിയായിരിക്കണം. കാറ്റും സൂര്യപ്രകാശവും കടന്നു ചെല്ലാത്ത വിധത്തിൽ പുതിയ ഉണങ്ങിയ ഓല വിരിച്ച് മുണ്ടക്കയർ കെട്ടിയാണ് നിർമ്മാണം. ക്ഷേത്ര ശ്രീകോവിൽ പോലെ പരിശുദ്ധി സൂക്ഷിക്കേണ്ട കന്നിക്കലവറക്ക് പളളിയറ വാതിലിന് സമാനമായ വാതിലാണ് ഉണ്ടാകുക. തമ്പുരാട്ടിയുടെ സാന്നിധ്യം കന്നിക്കലവറയിലാണെന്നാണ് സങ്കല്പം. വരച്ചുവെക്കലിന് ശേഷം സമയം നിശ്ചയിച്ചാണ് കന്നിക്കലവറയിലേക്ക് സാധനങ്ങൾ കയറ്റുന്നത്.കോമരങ്ങൾ കുളിച്ച് മാറ്റുടുത്ത് കലവറ വാതിൽക്കൽ ഒരു കൈ കൊണ്ട് കൈ വിളക്ക് പിടിച്ച് മറുകൈ തലയിൽ വെച്ച് മൊഴി പറയും. അതിന് ശേഷമാണ് കന്നിക്കലവറ നിറക്കുന്നത്. സമീപകാലത്ത് നടന്ന പെരുങ്കളിയാട്ടങ്ങളിലെല്ലാം കന്നിക്കലവറ നിർമ്മിക്കുന്നതിൽ പങ്കാളിയായ പി .വി .ബാബു ആണ് നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്നത്.പി .വി. രാമൻ,
സി. വേണു, തോലാട്ട് മുരളി, ക്ലായിക്കോട്ട് കൃഷണൻ, വി .കെ. ബാബു, എം .ഉണ്ണി, കെ .വി. രാജൻ, കുഞ്ഞമ്പു ,മഹേന്ദ്രൻ മമ്പലം തുടങ്ങിയവരും നിർമ്മാണ പ്രവൃത്തിയിൽ സജീവമാണ്.