കണ്ണൂർ: കശുഅണ്ടിക്ക് 200 രൂപ തറവില നിശ്ചയിച്ച് സർക്കാർ തന്നെ സംഭരിക്കണമെന്നും ആറളം ഫാമിൽ കാട്ടാനയിൽ നിന്നും ജനങ്ങളുടെ ജീവൻ രക്ഷിക്കണമെന്നും ലോക് താന്ത്രിക് ജനതാദൾ ജില്ലാ നേതൃ കൺവെൻഷൻ ആവശ്യപ്പെട്ടു. പ്രസിഡന്റ് കെ.പി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറർ പ്രൊഫ. എൻ.കെ. ശങ്കരൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന സെക്രട്ടറിമാരായ വി.കെ. കുഞ്ഞിരാമൻ, കെ.പി. ചന്ദ്രൻ, വി.കെ. ഗിരിജൻ, സി.വി.എം. വിജയൻ, ഒ.പി. ഷീജ, ടി.പി. അനന്തൻ, കെ.പി. പ്രശാന്ത്, ഉഷ രയരോത്ത്, രവീന്ദ്രൻ കുന്നോത്ത് എന്നിവർ പ്രസംഗിച്ചു.
ഗൃഹപ്രവേശ തലേന്ന്
വീട് തകർത്തു
അഴീക്കോട്: അഴീക്കോട് തെക്ക് ഭാഗം കപ്പിക്കുണ്ടിൽ കോൺഗ്രസ് പ്രവർത്തകന്റെ വീട് തകർത്തു. മിന്നാടൻ ബേബിയുടെ പുതിയ വീടിന് നേരെയാണ് ഗൃഹപ്രവേശനത്തിന്റെ തലേന്ന് അക്രമം നടന്നത്. വീട്ടുപകരണങ്ങളും ഫർണിച്ചറുകളും തകർക്കുകയും വീട്ടിലുണ്ടായിരുന്നവരെ അക്രമിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു.
അയൽവാസിയായ കാപ്പിക്കുണ്ട് കെ.പി. പ്രഭാകരന്റെ വീടിന്റെ ജനൽചില്ലുകളും അടിച്ച് തകർത്തിട്ടുണ്ട്.
ആരംഭൻ സുഗേഷ്, വട്ടക്കണ്ടിയിലെ സതീശൻ ഷൈജു എന്നിവർക്ക് മർദ്ദനമേറ്റതായും നേതാക്കൾ ആരോപിച്ചു.
സി.പി.എം. ക്രിമിനലിസം ജനങ്ങളുടെ സ്വൈര്യ ജീവിതത്തിന് ഭീഷണിയായെന്ന് ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി ആരോപിച്ചു. അക്രമത്തിൽ പൊലീസിന്റെ നിസംഗഭാവം അവസാനിപ്പിക്കണമെന്നും ക്രിമിനലുകളെ നിലയ്ക്ക് നിർത്താൻ ഇടപെടണമെന്നും പാച്ചേനി ആവശ്യപ്പെട്ടു. ബേബിയുടെയും കെ.പി പ്രഭാകരന്റെയും വീടുകൾ അദ്ദേഹം സന്ദർശിച്ചു.
നെല്ലൂന്നിയിൽ ആയുധശേഖരം പിടികൂടി
മട്ടന്നൂർ: നെല്ലൂന്നിയിൽ രാഷ്ട്രീയ സംഘർഷം നടന്ന സ്ഥലത്തെ റോഡരികിലെ ഇരിപ്പിടം പൊളിച്ചുനീക്കുന്നതിനിടെ ആയുധ ശേഖരം കണ്ടെത്തി. പെരുമ്പച്ചാലിൽ നിന്നാണ് മട്ടന്നൂർ പൊലീസ് ആയുധങ്ങൾ കണ്ടെടുത്തത്. ഇന്നലെ രാവിലെയാണ് സംഭവം. കത്തികൾ, വാളുകൾ, ഇരുമ്പുദണ്ഡുകൾ, സൈക്കിൾ ചെയിനുകൾ എന്നിവയുൾപ്പെടുന്ന ആയുധങ്ങളാണ് കണ്ടെത്തിയത്. ഇവ മട്ടന്നൂർ സി.ഐ. ജോഷി ജോസും എസ്.ഐ. ശിവൻ ചോടോത്തും കസ്റ്റഡിയിലെടുത്തു. മുളയും ടാർപോളിൻ ഷീറ്റും കൊണ്ട് നിർമ്മിച്ച ഷെൽട്ടറിൽ മുളയ്ക്കുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു വാൾ. പാർട്ടികളോട് ഇവ നീക്കാൻ ആവശ്യപ്പെട്ടിരുന്നെങ്കിലും തയ്യാറായിരുന്നില്ല. തുടർന്ന് ബോംബ് സ്വകാഡ് റെയ്ഡ് നടത്തി.