കാഞ്ഞങ്ങാട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ജില്ലാ തല പഠനോത്സവം 26ന് കാഞ്ഞങ്ങാട് ടൗൺഹാളിലും യു.ബി.എം.സി എ.എൽ.പി.സ്‌കൂളിലുമായി നടക്കും. പൊതു വിദ്യാലയങ്ങളിലെ പഠന മികവ് സമൂഹത്തെ ബോധ്യപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പഠനോത്സവം നടത്തുന്നതെന്ന് വിദ്യാഭ്യാസ ഉപഡയരക്ടർ ഡോ. ഗിരീഷ്‌ ചോലയിൽ പറഞ്ഞു. രാവിലെ 10 ന് മന്ത്രി ഇ. ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി യോഗം കാഞ്ഞങ്ങാട് നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. ഡോ.ഗിരീഷ്‌ ചോലയിൽ അധ്യക്ഷത വഹിച്ചു.നഗരസഭ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ മഹമൂദ് മുറിയനാവി, വികസന സ്ഥിരം സമിതി അധ്യക്ഷൻ എൻ. ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഗംഗാരാധാകൃഷ്ണൻ, കൗൺസിലർമാരായ എച്ച്. റംഷീദ്, സന്തോഷ്‌ കുശാൽനഗർ, ഹൊസ്ദുർഗ് എ.ഇ.ഒ പി.വി. ജയരാജ്, സമഗ്രശിക്ഷാ കേരള ജില്ലാ പ്രൊജക്ട് ഓഫീസർ ഇ.പി. വേണുഗോപാലൻ,ഡയറ്റ് പ്രിൻസിപ്പൽ ഡോ. പി. ജയദേവൻ, പ്രഥമധ്യാപകൻ എം.ടി. രാജീവൻ എന്നീവർ സംസാരിച്ചു.പഠനോത്സവത്തിന്റെ ഭാഗമായി 23ന് സമൂഹ ചിത്രരചന നടക്കും. സംഘാടക സമതി ചെയർമാനായി വി.വി.രമേശനേയും ജനറൽ കൺവീനറായി ഡോ. ഗിരീഷ്‌ ചോലയിലനേയും തിരഞ്ഞെടുത്തു. വിവിധ സബ്കമ്മിറ്റികളും രൂപവത്കരിച്ചു.

മണൽ തൊഴിലാളികൾ പ്രക്ഷോഭത്തിലേക്ക്
കാസർകോട്: അംഗീകൃത കടവുകളിൽ മണൽവാരാൻ അനുമതി നൽകുക, തൊഴിലാളികളെ സംരക്ഷിക്കുക, മണൽ കള്ളക്കടത്ത് തടയുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പ്രക്ഷോഭം ആരംഭിക്കാൻ സ്വതന്ത്ര മണൽ തൊഴിലാളി യൂണിയൻ (എസ്.ടി.യു) ജില്ലാ യോഗം തീരുമാനിച്ചു. ജില്ലയിലെ പുഴകളിൽ റവന്യൂ വകുപ്പിന്റെയും തദ്ദേശഭരണ സ്ഥാപനങ്ങളുടെയും അനുമതിയോടെയും അംഗീകാരത്തോടെയും പ്രവർത്തിച്ചിരുന്ന പുഴക്കടവുകളിൽ നിന്ന് മണൽ എടുക്കുന്നത് 2015ൽ മൂന്ന് വർഷത്തേക്ക് നിരോധിച്ചിരുന്നു. നിരോധന കാലാവധി കഴിഞ്ഞിട്ടും മണൽവാരൽ പുനരാരംഭിച്ചിട്ടില്ല. എന്നാൽ മണൽ കള്ളക്കടത്ത് നിർബാധം തുടരുകയാണ്. ഇതുകാരണം അംഗീകൃത കടവുകളിലെ തൊഴിലാളികൾ പട്ടിണിയിലാവുകയും സർക്കാരിന് വരുമാനം നഷ്ടപ്പെടുകയും ചെയ്യുകയാണെന്ന് യോഗം ചൂണ്ടിക്കാട്ടി.

പ്രക്ഷോഭത്തിന്റെ ഭാഗമായി ഫെബ്രുവരി 5ന് കാസർകോട് കലക്ട്രേറ്റിന് മുൻപിൽ ധർണ്ണ നടത്തുവാൻ യോഗം തീരുമാനിച്ചു. അബ്ദുൾ റഹ്മാൻ ബന്തിയോട് അദ്ധ്യക്ഷത വഹിച്ചു. എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.പി. മുഹമ്മദ് അഷ്രഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഷറീഫ് കൊടവഞ്ചി, സെക്രട്ടറി ടി.പി. മുഹമ്മദ് അനീസ്, മാഹിൻ മുണ്ടക്കൈ, കാദർ മൊഗ്രാൽ പ്രസംഗിച്ചു. സംഘാടക സമിതി ഭാരവാഹികൾ സക്കീർ ചളിയങ്കോട് (ചെയർമാൻ), മൊയ്തീൻ കുഞ്ഞിചേരുർ (ജനറൽ കൺവീനർ) സെല്ലു കാസർകോട് (ട്രഷറർ).