പിലിക്കോട്: ഊർജ പ്രതിസന്ധികൾക്ക് പരിഹാരമായി പിലിക്കോട് ഗ്രാമപഞ്ചായത്തിൽ തുടങ്ങിയ ഊർജ്ജയാനം പദ്ധതി രണ്ടാം ഘട്ടത്തിലേക്ക്. നിലവിലെ വൈദ്യുതി ഉപഭോഗത്തിൽ കുറവ് വരുത്താനും സൗരോർജ ഉപയോഗം പരമാവധി വർദ്ധിപ്പിക്കുകയുമാണ് പദ്ധതി.

ഘട്ടംഘട്ടമായുള്ള സൗരവൈദ്യുതിയുടെ വ്യാപനത്തോടൊപ്പം പരിസ്ഥിതി സംരക്ഷണത്തിലധിഷ്ടിതമായ ഊർജ സംരക്ഷണം, സാങ്കേതിക അറിവുകളെ പ്രദേശത്തെ ജനതയുടെ തിരിച്ചറിവുകളാക്കി മാറ്റി ശീലവ്യതിയാനത്തിലൂടെ ഊർജസംരക്ഷണ പ്രവർത്തനങ്ങളാക്കി മാറ്റുക എന്നിവയാണ് ഊർജ്ജയാനം പദ്ധതിയുടെ ലക്ഷ്യം. ഇതിന്റെ ഭാഗമായി പൊതുസ്ഥാപനങ്ങളിലെ വിളക്കുകളും തെരുവ് വിളക്കുകളും സമ്പൂർണ്ണമായി എൽ ഇ ഡി സംവിധാനത്തിലേക്ക് മാറ്റി. പദ്ധതി ഫലപ്രദമായി നടപ്പിലാക്കുന്നതിനായി പഞ്ചായത്തിലെ കുടുംബങ്ങളുടെ നിലവിലുള്ള വൈദ്യുതി ഉപഭോഗം, ഉപകരണങ്ങളുടെ കാര്യക്ഷമത, ഊർജ്ജം ലാഭകരമായി ഉപയോഗിക്കുന്നതിലുള്ള കാഴ്ചപ്പാട് തുടങ്ങിയവ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിച്ചു. കൂടുതൽ നിർദ്ദേശങ്ങൾക്കായി ഊർജ്ജമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഇ.എം.സി കേരളയുമായി ബന്ധപ്പെട്ടു. പഞ്ചായത്തിന്റെ അഭ്യർത്ഥന ഇ.എം.സി അംഗീകരിക്കുകയും ഒന്നാംഘട്ടമെന്ന നിലയിൽ ഊർജ്ജ സംരക്ഷണത്തിന്റെ വിവിധ സങ്കേതങ്ങളെ കുറിച്ച് പഞ്ചായത്തിലെ സാമൂഹിക പ്രവർത്തകരും വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമടങ്ങുന്ന അമ്പത് പേർക്കുള്ള രണ്ട് ദിവസത്തെ ക്ലാസ്സ് ഇ.എം.സി തിരുവനന്തപുരത്ത് വച്ച് നൽകി. ഇതാണ് ഊർജ്ജയാനത്തിന് ആവേശമായി മാറിയത്.
വാർഡ് തലത്തിൽ ഊർജ്ജയാന സമിതികൾ രൂപീകരിക്കുകയും രാഷ്ട്രീയപാർട്ടികൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ പ്രതിനിധികൾക്കായുള്ള പ്രത്യേകയോഗങ്ങൾ സംഘടിപ്പിച്ചു. കൂടാതെ അയൽകൂട്ട തലത്തിൽ വ്യാപകമായ ഊർജ ക്ലസ്സുകൾ , പഞ്ചായത്ത് തലത്തിൽ വാട്ട്സ് ആപ് കൂട്ടായ്മ, ഗൃഹ സന്ദർശന പരിപാടി, മീറ്റർ റീഡിംഗ് നടത്തുന്നതിനുള്ള പ്രായോഗിക പരിശീലന കളരി തുടങ്ങിയവ സംഘടിപ്പിച്ചു. പിലിക്കോട് ഗ്രാമപഞ്ചായത്തിലെ ജനതയുടെ വൈദ്യുതി ഉപയോഗം ഒരുവർഷം കൊണ്ട് 1,01,694 യൂണിറ്റ് കുറയ്ക്കാൻ കഴിഞ്ഞു. 2018 ഏപ്രിൽ 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ പിലിക്കോട് പഞ്ചായത്തിനെ ഇന്ത്യയിലെ ആദ്യ ഫിലമെന്റ് ബൾബ് രഹിത പഞ്ചായത്തായി പ്രഖ്യാപിച്ചു.

ഊർജ്ജയാനം പദ്ധതി രണ്ടാംഘട്ടത്തിലേക്ക് കടന്നതോടെ അനർട്ടിന്റെ നേതൃത്വത്തിൽ പഞ്ചായത്തിലെ മുഴുവൻ സ്ഥാപനങ്ങളിലും സോളാർ സംവിധാനം യാഥാർത്ഥ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്.

പുരപ്പുറ സൗരോർജ്ജ പദ്ധതിയും

ആഗോളതാപനം ലഘൂകരിക്കുന്നതിന്റെ ഭാഗമായി ഊർജ്ജസുരക്ഷ ഉറപ്പാക്കാൻ നാടിന് ഊർജ്ജം വീടിന് ലാഭം എന്ന ലക്ഷ്യത്തോടെ 'പുരപ്പുറ സൗരോർജ്ജ പദ്ധതി'ക്ക് കെ.എസ്.ഇ.ബി തുടക്കം കുറിച്ചു. വരുന്ന മൂന്ന് വർഷത്തിനുള്ളിൽ സംസ്ഥാനത്ത് ആയിരം മെഗാവാട്ട് വൈദ്യുതി സൗരപദ്ധതികളിൽ നിന്നും ഉത്പാദിപ്പിക്കുകയാണ് ലക്ഷ്യം. ഇതിൽ 500 മെഗാവാട്ട് പുരപ്പുറ സൗരോർജ്ജപദ്ധതികളിൽ നിന്ന് ഉത്പാദിപ്പിക്കാനാണ് തീരുമാനം. ഇതിൽ 30 മെഗാവാട്ട്(3000 കിലോവാട്ട്) ആണ് കാസർകോട് ജില്ലയിൽ നിന്ന് ഉത്പാദിപ്പിക്കുവാൻ ലക്ഷ്യമിടുന്നത്.