ചെറുവത്തൂർ: ബോട്ടിൽ നിന്ന് തെറിച്ച് വീണു കടലിൽ കാണാതായ മത്സ്യ തൊഴിലാളിയെ കണ്ടെത്താൻ തെരച്ചിൽ തുടരുന്നു. ഇന്നലെ രാത്രി വൈകി അവസാനിപ്പിച്ച തെരച്ചിൽ ഇന്ന് രാവിലെ പുനരാരംഭിച്ചു. എറണാകുളം സ്വദേശിയും ഇപ്പോൾ പരപ്പനങ്ങാടിയിൽ താമസക്കാരനുമായ പുത്തൻപുരയിൽ വിനു ആണ് ഇന്നലെ രാവിലെ ബോട്ടിൽ നിന്ന് വീണു കടലിൽ കാണാതായത്.

ചെറുവത്തൂർ മടക്കരക്ക് സമീപം കടലിൽ ഇന്നലെ രാവിലെ 10 മണിക്കാണ് സംഭവം. നൗഷാദ്, ഓം ഗണേഷ് ,പ്രകാശൻ എന്നിവരാണ് വിനുവിന്റെ കൂട്ടത്തിൽ ബോട്ടിൽ ഉണ്ടായിരുന്നത്. ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ഇയാൾ ജോലിയിൽ പ്രവേശിച്ചത്. തുരുത്തി സ്വദേശി എ.കെ. രമേശന്റെ ഉടമസ്ഥതയിലുള്ള രാജേശ്വരി ബോട്ടിൽ മീൻ പിടിക്കാൻ പോയതായിരുന്നു. ഫിഷറീസിന്റെ രക്ഷാബോട്ടും നാട്ടുകാരായ മത്സ്യത്തൊഴിലാളികളും കടലിൽ തെരച്ചിൽ നടത്തി. ഒമ്പതോളം ബോട്ടുകൾ തെരച്ചിലിനായി കടലിൽ ഇറങ്ങിയിട്ടുണ്ട്.