cpm-flag

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യ പടിയായി, നേതാക്കളുടെ പ്രസംഗത്തിനപ്പുറം ജനങ്ങളുടെ പ്രശ്നങ്ങൾ അറിയാനും പരിഹാരം കാണാനുമുള്ള പ്രവർത്തനങ്ങൾക്ക് പരിഗണന നൽകണമെന്ന് സി.പി.എം നേതൃത്വം കീഴ്ഘടകങ്ങൾക്ക് നിർദ്ദേശം നൽകി. കുടുംബയോഗങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങളിൽ അണികളെയും അനുഭാവികളെയും പരമാവധി പങ്കെടുപ്പിക്കും.

മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധർമ്മടത്താണ് കുടുംബയോഗങ്ങൾക്ക് തുടക്കം കുറിക്കുന്നത്. ഇന്ന് ധർമ്മടം മണ്ഡലത്തിലെ മൂന്നു കുടുംബയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. രാവിലെ 11ന് പിണറായി കൺവെൻഷൻ സെന്ററിലാണ് ആദ്യ യോഗം. തുടർന്ന് പെരളശേരിയിലും പടുവിലായിയിലും. അതത് സി.പി.എം ലോക്കൽ കമ്മിറ്റികളാണ് കുടുംബയോഗങ്ങൾ സംഘടിപ്പിക്കുന്നത്.

സാധാരണ കുടുംബയോഗങ്ങളിൽ നിന്നു വ്യത്യസ്തമായി വിപുലമായാണ് ഇത്തവണ ക്രമീകരണം. ഉദ്ഘാടനം, പ്രസംഗം എന്ന പതിവു രീതിയിൽ നിന്നു മാറി ജനങ്ങൾ അവരുടെ പരാതികൾ അവതരിപ്പിക്കും. രാവിലെ തുടങ്ങി വൈകിട്ട് വരെ യോഗം നീളും. ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ട് കേൾക്കുന്നതിനും പരിഹരിക്കുന്നതിനും മാർഗ നിർദ്ദേശങ്ങൾ ആരായുന്നതിനുമാണ് മുഖ്യമന്ത്രി തന്നെ നേരിട്ടെത്തുന്നത്. കുടുംബ യോഗങ്ങളിൽ സ്ത്രീകളുടെയും കുട്ടികളുടെയും പരമാവധി പങ്കാളിത്തം ഉറപ്പുവരുത്താൻ വീടുവീടാന്തരം കയറിയാണ് ക്ഷണിക്കുന്നത്.

ജനങ്ങളെ വർഗീയമായി വേർതിരിക്കാനുള്ള ശ്രമങ്ങളുൾപ്പെടെയുള്ള കാര്യങ്ങൾ കുടുംബയോഗങ്ങളിൽ ചർച്ചചെയ്യും. ശബരിമല പ്രശ്നത്തിൽ സി.പി.എമ്മിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന സാഹചര്യത്തിൽ വിശദീകരണവും കുടുംബയോഗം ലക്ഷ്യമിടുന്നുണ്ട്.

മുഖ്യമന്ത്രിക്ക് പുറമെ മന്ത്രിമാരും സി.പി.എം പോളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളും തുടർന്നുള്ള കുടുംബയോഗങ്ങളിൽ പങ്കെടുക്കും. ബൂത്ത്തല കുടുംബയോഗങ്ങൾ അടുത്ത ആഴ്ച മുതൽ ചേരും.