കണ്ണൂർ: നവ മാദ്ധ്യമങ്ങളിലൂടെ കോൺഗ്രസ് നേതാക്കളെ അപഹസിക്കുന്ന പ്രചരണം നടത്തിയ ഡി.സി.സി. മെമ്പർ തലശ്ശേരിയിലെ കെ. ശിവദാസനും ചെറുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി വൈസ് പ്രസിഡന്റ് കെ. ബാലകൃഷ്ണനും ഡി.സി.സി പ്രസിഡന്റ് കാരണം കാണിക്കൽ നോട്ടീസ് നല്കി. അച്ചടക്ക നടപടി സ്വീകരിക്കാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാനാണ് നിർദ്ദേശം.
പേരാവൂർ സഹകരണ ആശുപത്രി വില്പന
വിജിലൻസ് അന്വേഷിക്കണം: പാച്ചേനി
കണ്ണൂർ: പേരാവൂരിൽ സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ ആശുപതി സ്വകാര്യ വ്യക്തികൾക്ക് വില്പന നടത്തിയതിൽ ഗുരുതര സാമ്പത്തിക ക്രമക്കേട് നടന്നതായും ഇത് വിജിലൻസ് അന്വേഷിക്കണമെന്നും ഡി.സി.സി. പ്രസിഡന്റ് സതീശൻ പാച്ചേനി ആവശ്യപ്പെട്ടു. ആരോപണ വിധേയരിൽ കോളയാട് പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാറും കാർഷിക വികസന ബാങ്ക് പ്രസിഡന്റ് പത്മനാഭനും ഉൾപ്പെട്ടിട്ടുണ്ട്. ഇതിൽ പൊലീസ് സ്വമേധയാ ക്രിമിനൽ കേസെടുത്ത് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
വളയംചാൽ പാലത്തിന്റെ
പ്രവൃത്തി ആരംഭിച്ചു
കണിച്ചാർ: ആറളം പുനരധിവാസ മേഖലയുമായി ബന്ധിപ്പിക്കുന്ന വളയംചാൽ പാലത്തിന്റെ പ്രവൃത്തി ആരംഭിച്ചു. പാലം നിർമ്മിക്കുന്നതോടെ ജനങ്ങളുടെ വർഷങ്ങളായുള്ള ദുരിതത്തിനും ശമനമാകും. ആറളം ഫാം പുനരധിവാസ മേഖലയിലും വന്യജീവി സങ്കേതത്തിലും എത്തിച്ചേരാൻ പ്രദേശവാസികളും വിനോദ സഞ്ചാരികളും ഇവിടത്തെ തൂക്കുപാലം ഉപയോഗിച്ചിരുന്നു. എന്നാൽ ആഗസ്റ്റിലുണ്ടായ കനത്ത മഴയിലും മലവെള്ളപ്പാച്ചിലിലും വീണ്ടും പാലം തകർന്നു. കുത്തിയൊഴുകുന്ന ചീങ്കണ്ണിപ്പുഴയുടെ മുകളിലൂടെ ഈ തൂക്കുപാലത്തിൽക്കൂടിയുള്ള യാത്ര ഒരു ഞാണിന്മേൽക്കളിയായിരുന്നു. പാലം യാഥാർത്ഥ്യമാകുന്നതോടെ മലയോര മേഖലയ്ക്ക് ആറളം പഞ്ചായത്തുമായുള്ള ബന്ധത്തിനും വിനോദ സഞ്ചാരത്തിനും കൂടുതൽ സാദ്ധ്യതകൾ കൈവരും. അതോടൊപ്പം പഴയ കാലത്തിന്റെ അടയാളമായിരുന്ന ഈ തൂക്കുപാലം ഓർമ്മയാകും.