നീലേശ്വരം: കിനാനൂർ - കരിന്തളം പഞ്ചായത്തിൽ അനുവദിച്ച യോഗ ആൻഡ് നാച്ചുറോപ്പതി ഇൻസ്റ്റിറ്റ്യൂട്ട് ഫെബ്രുവരി 3ന് കേന്ദ്രമന്ത്രി ഉദ്ഘാടനം ചെയ്യും.
കോയിത്തട്ട കുടുംബശ്രീഹാളിൽ നടന്ന സംഘാടക സമിതി രൂപീകരണ യോഗം പി. കരുണാകരൻ എം.പി ഉദ്ഘാടനം ചെയ്തു. എ.ഡി.എം ദേവിദാസ് അധ്യക്ഷനായി. ഡോ. സജിത്ത്കുമാർ പദ്ധതി വിശദ്ധീകരണം നടത്തി. ജില്ല പഞ്ചായത്തംഗം എം. കേളുപണിക്കർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വി തങ്കമണി, ഡോ. ഷിജി, ഡോ. സഹജകുമാരി, കെ ലക്ഷ്മണൻ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല സ്വാഗതം പറഞ്ഞു. ഭാരവാഹികൾ: പി. കരുണാകരൻ എം.പി ( ചെയർമാൻ), പഞ്ചായത്ത് പ്രസിഡന്റ് എ. വിധുബാല (വർക്കിംഗ് ചെയർമാൻ), ടി.കെ രവി, അഡ്വ. രാജഗോപാൽ, എൻ. പുഷ്പരാജൻ, കെ.കെ നാരായണൻ (വൈസ് ചെയർമാൻ), ഡോ. അജിത്ത്കുമാർ (ജനറൽ കൺവീനർ).

സാമൂഹിക സമത്വത്തിന് സ്ത്രീകൾ

പോരാടണം: മന്ത്രി എം.എം. മണി
കാസർകോട് :രാജ്യം സ്വാതന്ത്ര്യം നേടി ദശകങ്ങളായിട്ടും സ്ത്രീകളുടെ പദവി ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യത്തിൽ സമത്വത്തിനായി സ്ത്രീകൾ സമൂഹത്തിലേക്കിറങ്ങി പോരാടണമെന്ന് വൈദ്യുതി മന്ത്രി എം.എം. മണി പറഞ്ഞു. പുരുഷാധിപത്യ മനോഭാവം മേൽക്കൈ നേടിയ സാമൂഹികക്രമങ്ങളിൽ നിന്നും പാർശ്വവൽക്കരിക്കപ്പെട്ട സ്ത്രീ സമൂഹം ഭരണഘടനാപരമായ അവകാശങ്ങളെ കുറിച്ച് ബോധവാന്മാരാകണമെന്നും മന്ത്രി പറഞ്ഞു.
കുടുംബശ്രീ ജെൻഡർ പദ്ധതിയുടെ ഭാഗമായി ആവിഷ്‌കരിച്ച നാലാംഘട്ട സ്വയംപഠന പ്രക്രിയയുടെ ജില്ലാതല ഉദ്ഘാടനം ചെമ്മനാട് ഗ്രാമപഞ്ചായത്ത് ഹാളിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം. സാമൂഹികസാമ്പത്തിക മേഖലകളിൽ നിന്നും പുറന്തള്ളപ്പെട്ട സ്ത്രീകൾക്ക് മുഖ്യധാരയിൽ ഇടം കണ്ടെത്താൻ കുടുംബശ്രീയുടെ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് സാധിച്ചു. ഭരണഘടന വിഭാവനം ചെയ്തിട്ടുള്ള സാമൂഹിക സമത്വം നടപ്പിലാക്കാനാണ് നാം ശ്രമിക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.

മാറു മറയ്ക്കാനും സ്വാഭാവിക ജീവിത സൗകര്യങ്ങൾക്കുംവരെ സ്ത്രീകൾക്ക് സമരം ചെയ്യേണ്ടി വന്നിട്ടുണ്ട്. കാലം ഒരുപാട് മാറിയെങ്കിലും ഇന്നും സ്ത്രീകളെ അബലകളായി കാണാനാണ് പുരുഷ മേധാവികൾക്കിഷ്ടം. സാമൂഹിക സമത്വം നേടിയെടുക്കാൻ സ്ത്രീകളുടെ ശബ്ദം ഉയരേണ്ടതുണ്ട്. കുടുംബശ്രീ പ്രവർത്തകർ അവരുടെ നീതിബോധത്തിനനുസരിച്ച് അവർക്കിഷ്ടമുള്ള രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിക്കുകയും അവകാശങ്ങൾ നേടിയെടുക്കാൻ ഏതറ്റവും പോകാൻ തയ്യാറാകണമെന്നും മന്ത്രി പറഞ്ഞു.