മട്ടന്നൂർ: പ്ലസ് വൺ വിദ്യാർത്ഥിയ്ക്ക് തെരുവുനായയുടെ കടിയേറ്റു. മട്ടന്നൂർ നെടുവോട്ടംകുന്ന് സ്വദേശി മുർസൽ (16)നെയാണ് വീട്ടിനടുത്ത് നിന്നും തെരുവുനായ ഓടിച്ചിട്ട് കടിച്ചത്. മുർസലിനെ മട്ടന്നൂർ ഗവ.ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെരുവ് നായ ശല്യം രൂക്ഷമായിട്ടും മട്ടന്നൂരിൽ നിന്നും ഒന്നിനെപ്പോലും വന്ധ്യംകരണത്തിന് വിധേയമാക്കിയിരുന്നില്ല. ടൗണിലും പരിസരത്തും കഴിഞ്ഞ 2 വർഷത്തിനിടെ മദ്രസ വിദ്യാർത്ഥികളും പത്രവിതരണക്കാരും ഉൾപ്പടെ നൂറിലേറെ പേർക്ക് തെരുവുനായയുടെ കടിയേറ്റിരുന്നു. വീടുകളിലും സ്ഥാപനങ്ങളിലും കയറിയാണ് ഇവ ആക്രമിക്കുന്നത്. ആളൊഴിഞ്ഞതും നിർമ്മാണത്തിലിരിക്കുന്നതുമായ കെട്ടിട സമുച്ചയങ്ങളിലാണ് ഇവയുടെ ആവാസ കേന്ദ്രം. നഗരസഭ അധികൃതർ നടപടി സ്വീകരിക്കാത്തതിൽ ജനങ്ങളിൽ കടുത്ത പ്രതിഷേധമുണ്ട്.

പടക്കം പൊട്ടി യുവാവിന് പരിക്ക്

പരിയാരം: ഫുട്‌ബാൾ മത്സരത്തിന്റെ ആഘോഷത്തിനിടെ കൈയ്യിലിരുന്ന പടക്കം പൊട്ടി യുവാവിന് പരിക്കേറ്റു ശ്രീകണ്ഠപുരം ചെങ്ങളായിലെ കക്കാടന്റകത്ത് പുതിയപുരയിൽ മൊയ്തീന്റെ മകൻ സുഫൈദ്(22)നാണ് പരിക്കേറ്റത്. ഇയാളെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി ചെങ്ങളായിലായിരുന്നു അപകടം.

സി.പി.എം-ആർ.എസ്.എസ്. സംഘർഷം, 5 പേർക്ക് പരിക്ക്

ശ്രീകണ്ഠപുരം: മെയാലം തട്ടിൽ ഇന്നലെ രാത്രിയുണ്ടായ സംഘർഷത്തിൽ മൂന്ന് സി.പി.എം പ്രവർത്തകർക്കും രണ്ട് ആർ.എസ്.എസ്. പ്രവർത്തകർക്കും പരിക്കേറ്റു. സി.പി.എം പ്രവർത്തകരായ സുഭാഷ്(24), ഷിന്റോ തോമസ് (34), ബിനു (29) എന്നിവരെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും ആർ.എസ് എസ് പ്രവർത്തകരായ അഖിൽ(23), രജിത്ത്(29) എന്നിവരെ തളിപ്പറമ്പ് ലൂർദ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.