arrest

കാസർകോട് : ഡൽഹി പൊലീസ് പിടികൂടിയ കാസർകോട് ചെമ്പിരിക്ക സ്വദേശി തസ്ലീം എന്ന മുഹ്‌ത്താസിമിനും (41) മറ്റു രണ്ടു പേർക്കും തീവ്രവാദ സംഘടനയുമായി ബന്ധമെന്ന് റിപ്പോർട്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി ദക്ഷിണേന്ത്യയിലെ ആർ.എസ്.എസ് നേതാക്കളെ വധിക്കാൻ പാകിസ്ഥാനിലെ തീവ്രവാദ കേന്ദ്രത്തിൽ നിന്ന് തസ്ലിം അടങ്ങുന്ന സംഘം രണ്ടു കോടി രൂപയുടെ കരാർ നേടിയെന്നാണ് ഡൽഹി പൊലീസ് പറയുന്നത്. റിപ്പബ്ലിക് ദിനത്തിൽ പലയിടത്തും ആക്രമണം നടത്താൻ പദ്ധതിയിട്ടെന്നും സൂചനയുണ്ട്.

തസ്ലിമിനെ കൂടാതെ അഫ്ഗാൻ സ്വദേശി വാലി മുഹമ്മദ് സൈഫി, ഡൽഹി സ്വദേശി ഷെയ്ഖ് റിയാജുദ്ദീൻ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. ബി.ജെ.പി ന്യൂനപക്ഷ മോർച്ച കാസർകോട് ജില്ലാ കൗൺസിൽ അംഗവും ഉദുമ മണ്ഡലം കൺവീനറുമായിരുന്ന തസ്ലീമിനെ പിന്നീട് സംഘടനയിൽ നിന്ന് ഒഴിവാക്കിയിരുന്നു. പാർട്ടി രഹസ്യങ്ങൾ അറിയാനാണ് ഇയാൾ ഭാരവാഹിയായതെന്നും പറയുന്നുണ്ട്.

കഴിഞ്ഞ 11 നാണ് കാസർകോട് പൊലീസിന്റെ സഹായത്തോടെ ഡൽഹി പൊലീസ് സ്‌പെഷ്യൽ സെൽ തസ്ലീമിനെ ചട്ടഞ്ചാലിലെ ഭാര്യാ സഹോദരന്റെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. അതീവ രഹസ്യ സ്വഭാവമുള്ള കേസിലാണ് അറസ്റ്റ് എന്നതിനാൽ കേസിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. ബേക്കലിൽ രണ്ട് പാസ്‌പോർട്ട് കേസിലും ഒരു അക്രമ കേസിലും തസ്ലീം പ്രതിയായിരുന്നുവെന്ന് കാസർകോട് പൊലീസ് പറഞ്ഞു.