തളിപ്പറമ്പ: ഇതര സംസ്ഥാന തൊഴിലാളികളെ എല്ലുമുറിയെ പണി ചെയ്യിച്ച് കൂലി കൊടുക്കാത്തതിനെ ചൊല്ലി പരാതി വ്യാപകമാകുന്നു. തളിപ്പറമ്പ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പ്രതിമാസം നൂറോളം പരാതികൾ എത്തുന്നത്. കെട്ടിട നിർമ്മാണം, ഹോട്ടൽ ജോലി എന്നിവയ്ക്കാണ് ഇവരെ കൂടുതലായി ഉപയോഗിക്കുന്നത്. കെട്ടിട നിർമ്മാണത്തിന് കരാറുകാർ കൂലി ഉറപ്പിച്ച് കൊണ്ടു പോയി ദിവസങ്ങളോളം ജോലി ചെയ്യിപ്പിച്ച് ഒടുവിൽ കൂലി തീർത്ത് കൊടുക്കാതെ രണ്ടായിരവും മൂവായിരവും പറ്റിക്കുകയാണ് പതിവെന്ന് തളിപ്പറമ്പ് സി.ഐ വിനോയി പറയുന്നു.
പരാതിയുമായി എത്തുന്ന ഇവരുടെ കൈയ്യിലുള്ള കരാറുകാരന്റെയോ മേസ്തിരിയുടെ ഫോൺ നമ്പർ പ്രവർത്തന ക്ഷമവും ആകാറില്ല. മിക്ക കേസുകളിലും പൊലീസ് പണം വാങ്ങി നൽകുന്നുമുണ്ട്. ഹോട്ടൽ ജോലി ചെയ്യുന്ന തൊഴിലാളികളെ പറഞ്ഞ് വിടുമ്പോൾ പറഞ്ഞ് ഉറപ്പിച്ച ശമ്പളം കൊടുത്തില്ലെന്ന പരാതിയും ഉയരുന്നതായി പൊലീസ് വ്യക്തമാക്കി. ഇവരുടെ പ്രശ്‌നങ്ങൾ തീർക്കാൻ തന്നെ സ്റ്റേഷനുകളിൽ സ്ഥിരമായി രണ്ട് പേരെ നിയോഗിച്ചിട്ടുണ്ട്.