തൃക്കരിപ്പൂർ: തൃക്കരിപ്പൂർ ടൗണിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്ന നിലയിൽ വെള്ളാപ്പ് റെയിൽവേ ക്രോസിംഗിൽ പണിയുന്ന മേൽപ്പാലത്തിന്റെ സർവ്വേ ആരംഭിച്ചു. നേരത്തെയുള്ള അലൈൻമെന്റിൽ പരാതികൾ ഉള്ളതിനാലാണ് ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളുടെ കണക്കെടുക്കാൻ നടപടി തുടങ്ങിയത്. റോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷന്റെ നേതൃത്വത്തിലാണ് സർവേ. വെള്ളാപ്പ് ഗേറ്റിന് പരിസരത്ത് വകുപ്പിന്റെ രണ്ടു ജീവനക്കാരാണ് വാഹനങ്ങളുടെ കണക്കെടുക്കുന്നത്. ഇതുവഴി കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം ബന്ധപ്പെട്ടവർ നിശ്ചയിച്ചതിലധികം ഉണ്ടെങ്കിൽ നിർമ്മാണത്തിന്റെ ഫണ്ട് വിനിയോഗത്തിൽ ഉൾപ്പടെ കേരളത്തിന്റെ വിഹിതം കുറക്കാൻ കഴിയും. സംസ്ഥാന സർക്കാർ അനുമതി നൽകിയ 36 റെയിൽവേ മേൽപ്പാലങ്ങളിൽ ഉൾപ്പെടുന്നതാണ് വെള്ളാപ്പ് മേൽപ്പാലവും. നേരത്തെ പ്ലാറ്റ്‌ഫോമിന്റെ തോട്ടു തെക്കുഭാഗത്തുകൂടിയാണ് മേൽപ്പാലം പണിയാനുള്ള സ്ഥലത്തെക്കുറിച്ച് ഏകദേശ ധാരണയായിരുന്നത്. എന്നാൽ നിരവധി കെട്ടിടങ്ങൾ പൊളിച്ചുമാറ്റേണ്ടി വരുമെന്നതിനാൽ അലൈൻമെന്റിൽ മാറ്റം വരാൻ സാധ്യതയുണ്ടെന്നാണു സൂചന.

ഹൗസിംഗ് സൊസൈറ്റി കെട്ടിടോദ്ഘാടനം നാളെ

തൃക്കരിപ്പൂർ: തൃക്കരിപ്പൂർ റൂറൽ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റി പുതുതായി പണിത ഓഫീസ് കെട്ടിട സമുച്ചയത്തിന്റെ ഉദ്ഘാടനം നാളെ ഉച്ചയ്ക്ക് 2 മണിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സൊസൈറ്റി പ്രസിഡന്റ് കെ.വി. വിജയൻ അദ്ധ്യക്ഷത വഹിക്കും. സ്‌ട്രോംഗ് റൂം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി. ബഷീറും കൗണ്ടർ ഉദ്ഘാടനം ഹൗസ് ഫെഡ് ചെയർമാൻ അഡ്വ. എം.ഇ..ഇബ്രാഹിം കുട്ടിയും നിക്ഷേപം സ്വീകരിക്കൽ സഹകരണ സംഘം ജോയന്റ് റജിസ്ട്രാർ വി. മുഹമ്മദ് നൗഷാദും നിർവ്വഹിക്കും.

ഡി.സി.സി.പ്രസിഡന്റ് ഹക്കീം കുന്നിൽ കംപ്യൂട്ടർ ഉദ്ഘാടനം ചെയ്യും. വായ്പ്പാവിതരണം അസിസ്റ്റന്റ് റജിസ്ട്രാർ വി. ചന്ദ്രൻ നടത്തും. ഹൗസ് ഫെഡ് ഡയറക്ടർ കെ.വി. സുധാകരൻ ആദ്യകാല മെമ്പർമാരെയും ജില്ലയിലെ മുതിർന്ന സഹകാരി ടി.വി. കോരനെയും ആദരിക്കും. സ്ഥാപക പ്രസിഡന്റ് പി.സി.പൊതുവാളുടെ ഫോട്ടോ ഫാർമേർസ് ബാങ്ക് പ്രസിഡന്റ് ടി.വി.ബാലകൃഷ്ണൻ അനാഛാദനം ചെയ്യും. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.പി. ഫൗസിയ ഉപഹാര സമർപ്പണം നടത്തും. വാർത്താസമ്മേളനത്തിൽ കെ.വി വിജയൻ, കെ.വി. മുകുന്ദൻ, പി.പി. അബ്ദുള്ള, കെ. പ്രസീത പങ്കെടുത്തു.

അനുശോചനം.
തൃക്കരിപ്പൂർ: ഒളവറയിലെ സാമൂഹ്യ സാംസ്‌കാരിക രാഷ്ട്രീയ രംഗത്തെ നിറസാന്നിദ്ധ്യമായിരുന്ന എ.വി. രാമചന്ദ്രന്റെ നിര്യാണത്തിൽ സർവകക്ഷി യോഗം അനുശോചിച്ചു. കെ. കരുണാകരൻ മേസ്തിരി അദ്ധ്യക്ഷത വഹിച്ചു. എം.കെ കുഞ്ഞികൃഷ്ണൻ, ടി.വി തമ്പാൻ, സി.വി. ദാമോദരൻ, എം. ഭാസ്‌കരൻ, ടി.വി. ഗോപി, കെ. നാരായണൻ, കെ. രാമകൃഷ്ണൻ, പി.പി. കമറുദ്ദീൻ, കെ. കുമാരൻ, കെ.വി. ശശികുമാർ, സി. ബാലൻ, ടി.വി. കുഞ്ഞികൃഷ്ണൻ, സി. ദാമോദരൻ എന്നിവർ സംസാരിച്ചു.

തീരദേശ സുരക്ഷിതത്വത്തിനായി

'സീ വിജിൽ' മോക്ക് ഡ്രിൽ

ചെറുവത്തൂർ: ജില്ലയിലെ തീരദേശങ്ങളുടെ സുരക്ഷിതത്വം പരിശോധിക്കാനായി 'സീ വിജിൽ' മോക്ക് ഡ്രിൽ അരങ്ങേറി. തീരദേശ പൊലീസ് , പൊലീസ്, മത്സ്യ തൊഴിലാളികൾ തുടങ്ങിയവർ സംയുക്തമായാണ് പരിശോധനയിൽ പങ്കെടുത്തത്. അഴിമുഖം, മത്സ്യബന്ധന തുറമുഖങ്ങൾ, കടൽ തുടങ്ങിയ സ്ഥലങ്ങളിൽ പരിശോധന നടത്തി. ഇന്നലെ രാവിലെ എട്ടിന് ആരംഭിച്ച പരിശോധന ഇന്നുരാത്രി എട്ടുമണിവരെ നീണ്ടുനിൽക്കും. പരിപാടിയുടെ ഭാഗമായി കടലോരങ്ങളിൽ കൃത്രിമ ആക്രമണങ്ങളും അരങ്ങേറി. കേരളത്തിലെ എല്ലാ തീരദേശ പ്രദേശങ്ങളിലും നടക്കുന്ന സീ വിജിലിന്റെ ഭാഗമായാണ് കാസർകോട് ജില്ലയിലും മോക്ഡ്രിൽ അരങ്ങേറിയത്. കടലും കടലോരങ്ങളും കേന്ദ്രീകരിച്ച് നടക്കുന്ന വിധ്വംസക പ്രവർത്തനങ്ങൾ തടയുക, പ്രദേശത്ത് സുരക്ഷാ ക്രമീകരണങ്ങൾ ഉറപ്പുവരുത്തുക തുടങ്ങിയവയാണ് സീ വിജിലിന്റെ ലക്ഷ്യം. കടലിൽ മത്സ്യബന്ധനത്തിനായി പോകുന്ന ബോട്ടുകളുടെ സുരക്ഷാ സംവിധാനങ്ങളും പരിശോധനയ്ക്ക് വിധേയമാക്കി. ജില്ലാ പൊലീസ് മേധാവി ഡോ. ശ്രീനിവാസിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. കോസ്റ്റൽ പൊലീസ് സി.ഐമാരായ എസ്. നന്ദകുമാർ, സിബി തോമസ്, സുരേഷ്‌കുമാർ എന്നിവരുടെ കീഴിൽ വിവിധ സ്ഥലങ്ങളിലായി പരിശോധന തുടരുകയാണ്.