തലശ്ശേരി:തലശ്ശേരി പൊന്ന്യം നാമത്ത്മുക്കിൽ സി.പി.എം,ബി.ജെ.പി പ്രവർത്തകരുടെ വീടിന് നേരെ് ബോംബെറിഞ്ഞു. ഇന്നലെ പുലർച്ചെയാണ് ഇരു വീടുകൾക്കും നേരെ ബോംബേറുണ്ടായത്.
പൊന്ന്യം നാമത്ത്മുക്കിലെ വിജേഷിന്റെ വീടിന് നേരെയാണ് ആദ്യം ബോംബേറുണ്ടായതെന്ന് ബി.ജെ.പി നേതൃത്വം ആരോപിച്ചു. വീട്ടു ജനലുകളും മറ്റും തകർന്നു. വിജേഷ് ഗോവയിൽ ജോലി ചെയ്തു വരികയാണ്. നാട്ടിലെത്തിയാൽ വിജേഷ് ബി.ജെ.പി സംഘടനാ പ്രവർത്തനത്തിൽ സജീവമാകാറുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ഈയാൾ ഗോവയിലേക്ക് വീണ്ടും പോയത് സംഭവത്തിന് പിന്നിൽ സി.പി.എം പ്രവർത്തകരാണെന്ന് ബി.ജെ.പി ആരോപിച്ചു.
സി.പി.എം പ്രവർത്തകൻ നാമത്തമുക്കിലെ നാരോൻ വിജയന്റെ വീടിന് നേരെയുണ്ടായ ബോംബേറിൽ ജനലുകളും മറ്റും തകർന്നു. ആർ.എസ്.എസ് പ്രവർത്തകരാണ് ബോംബെറിഞ്ഞതെന്ന് സി.പി.എം നേതൃത്വം ആരോപിച്ചു. എ.എൻ ഷംസീർ എം.എൽ.എ വിജയന്റെ വീട് സന്ദർശിച്ചു. ഇരു സംഭവത്തിലും കതിരൂർ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ടാഗോർ പാർക്കിൽ കുരങ്ങ് ശല്യം
മാഹി .കഴിഞ്ഞ ഏതാനും ദിവസങ്ങളായി ടാഗോർ പാർക്കിൽ കുരങ്ങ് ശല്യം രൂക്ഷം.രണ്ട് ദിവസത്തിനകം മൂന്ന് പേർക്ക് കടിയേറ്റിട്ടുണ്ട്. ഇവർക്ക് മാഹി ഗവ: ആശുപത്രിയിൽ ചികിത്സ നൽകി കുരങ്ങിനെ പിടിക്കാൻ ചിലർ കൂടൊരുക്കിയെങ്കിലും കുരങ്ങൻ പിടികൊടുക്കാതെ വിലസുകയാണ്. ഒരാഴ്ച യോളമായി കുരങ്ങൻ മാഹി പാർക്കിൽ വിനോദ സഞ്ചാരികൾക്ക് കൗതുകവും ഭീതിയും സമ്മാനിക്കുകയാണ്!
എം.മുകുന്ദന് ആദരം; സംഘാടക സമിതിയായി
മാഹി: എഴുത്തച്ഛൻ പുരസ്‌ക്കാരം നേടിയ എം.മുകുന്ദനെ ജന്മനാട് ആദരിക്കുന്നതിനായുള്ള സംഘാടക സമിതി രൂപീകരണ യോഗം മാഹി സിവിൽ സ്റ്റേഷൻ ഓഡിറ്റോറിയത്തിൽ
ഡോ.വി.രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മ അദ്ധ്യക്ഷത വഹിച്ചു.രമേശ് പറമ്പത്ത്,
എസ്.എസ്.കുമാർ, ഡോ.ആന്റണി ഫെർണാണ്ടസ്, വടക്കൻ ജനാർദ്ദനൻ, പി.വി.ചന്ദ്രദാസൻ, സി.എച്ച്.പ്രഭാകരൻ, ചാലക്കര പുരുഷു, ടി.കെ.ഗംഗാധരൻ, എം.ജി.രഞ്ചിത്ത് എന്നിവർ പ്രസംഗിച്ചു.ഫെബ്രുവരി 12നാണ് പൗരസ്വീകരണം.ഡോ: വി.രാമചന്ദ്രൻ എം.എൽ.എ ചെയർമാനായും റീജണൽ അഡ്മിനിസ്‌ട്രേറ്റർ അമൻ ശർമ്മ ജനറൽ കൺവീനറായും കമ്മറ്റി രൂപീകരിച്ചു.
മുൻ മന്ത്രി ഇ.വത്സരാജ്, മുൻ ഡപ്യൂട്ടി സ്പീക്കർ പി.കെ .സത്യാനന്ദൻ, മുൻ എം.എൽ.എ അഡ്വ: എൻ.കെ.സചീന്ദ്രനാഥ് (വൈസ് ചെയമാൻ),
മാഹി മുൻസിപ്പൽ കമ്മീഷണർ ആശിഷ് ഗോയൽ, പൊതുമരാമത്ത് വകപ്പ് അസി. എൻജിനിയർ പി.വി.അനൂപ്, മാഹി സി.ഇ.ഒ ഉത്തമ രാജ് മാഹി (ജോയിന്റ് കൺവീനർ).
സി.എച്ച് പ്രഭാകരനും (കോർഡിനേറ്റർ), കെ. ഹരീന്ദ്രൻ (സി.എസ്.ഒ), ഇ.വി.രാമചന്ദ്രൻ (എഫ്.എസ്.എ) (ജോ. കോർഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.