തലശ്ശേരി:പിണറായി പൊട്ടൻപാറ ആലക്കണ്ടി ബസാറിനടുത്ത് സി.പി.എം,ബി.ജെ.പി സംഘർഷം. ദണ്ഡ് ഉപയോഗിച്ചും ബോംബെറിഞ്ഞും നടത്തിയ ആക്രമണ പ്രത്യാക്രമണങ്ങളിൽ ഇരു ഭാഗത്തുമുള്ള ഏഴു പേർ പരിക്കുകളോടെ ആശുപത്രിയിലായി. വിദ്യാർത്ഥിനി ഉൾപെടെ 4 സി.പി.എം പ്രവർത്തകർ തലശ്ശേരി സഹകരണ ആശുപത്രിയിലും ഒരു ബി.ജെ.പി.പ്രവർത്തകനെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും രണ്ടുപേരെ ഉള്ള്യേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.
ഇന്നലെ പുലർച്ചെ ഒരു മണിയോടെയായിരുന്നു അക്രമസംഭവങ്ങളുടെ തുടക്കം.പിണറായി പൊലീസ് സ്റ്റേഷൻ പരിധിയിലെ പൊട്ടൻപാറ ആലക്കണ്ടി ബസാറിനടുത്ത കൊയ്യാളൻകുന്ന് ക്ഷേത്ര ഉത്സവത്തിന് സുഹൃത്തിനൊപ്പം എത്തിയ സി.പി.എം.പ്രവർത്തകൻ സായന്തിനെ (26) ബി.ജെ.പി.പ്രവർത്തകർ തടഞ്ഞ് വച്ച് ദണ്ഡ് ഉപയോഗിച്ച് മർദ്ദിക്കുകയായിരുന്നു. യുവാവിന്റെ നിലവിളി കേട്ട് മറ്റ് സുഹൃത്തുക്കൾ ഓടിയെത്തിയപ്പോഴാണ് ബോംബേറുണ്ടായത്. സ്‌ഫോടനത്തിൽ സായന്തിന്റെ സഹോദരിയും വിദ്യാർത്ഥിനിയുമായ ആര്യ (17), സി.പി.എം.പ്രവർത്തകരായ കുണ്ടുകുളങ്ങര രാഗേഷ് (26), കാർത്തിക് (28) എന്നിവർക്ക്് പരിക്കേറ്റു. ഇവർ നാലു പേരും തലശ്ശേരി സഹകരണ ആശുപത്രിയിലാണുള്ളത്.
ഇതിന് പിന്നാലെയുണ്ടായ ബോംബേറിൽ ബി.ജെ.പി. പഞ്ചായത്ത് സെക്രട്ടറി സി.രാജേഷ് (34), പ്രവർത്തകരായ സി.സനോജ്(38), അഭിജിത്ത് (24) എന്നിവർക്ക് പരിക്കേറ്റു.അഭിജിത്ത് തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിലും മറ്റ് രണ്ട് പേർ കോഴിക്കോട് ഉള്ള്യേരിയിലെ മലബാർ മെഡിക്കൽ കോളേജിലുമാണുള്ളത്.തലക്കും വയറിനും പരിക്കേറ്റ സനോജിന്റെ നില ഗുരുതരമാണ്. ഇയാൾ തീവ്രപരിചരണ വിഭാഗത്തിലാണുള്ളത്.സംഭവങ്ങളുമായി ബന്ധപ്പെട്ട് മൂന്ന് പേരെ ഇന്ന് രാവിലെ പൊലീസ് കസ്റ്റഡിയിലെടുത്തു. സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്.തലശ്ശേരി എ.എസ്.പി.അരവിന്ദ് സുകുമാർ ഐ.പി.എസിന്റെ നേതൃത്വത്തിൽ പൊലീസെത്തി സുരക്ഷാ നടപടികൾ സ്വീകരിച്ചു അക്രമം നടന്ന സ്ഥലത്ത് പൊലീസ് പിക്കറ്റ് പോസ്റ്റ് ഏർപ്പെടുത്തി . വിവിധ പരിപാടികളുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടുദിവസമായി ജില്ലയിലും ധർമ്മടം മണ്ഡലത്തിലും പര്യടനം നടത്തുന്നതിനിടെയാണ് സംഘർഷമുണ്ടായത്.ഇത് പൊലീസിനും തലവേദനയായി.