പിണറായി: കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള യാത്രാനിരക്ക് കൂടുതലാണെന്ന പരാതി പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സാധാരണ നിരക്കിനേക്കാൾ കൂടുതൽ ചാർജ് കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ഈടാക്കുന്നുവെന്നാണ് പരാതി ഉയർന്നിട്ടുള്ളത്. ഇക്കാര്യം എയർ ഇന്ത്യ അധികൃതരുമായി ചർച്ചചെയ്തു. സാധാരണ നിരക്കേ ഈടാക്കുള്ളൂവെന്ന് അവർ ഉറപ്പുനൽകിയതായും മുഖ്യമന്ത്രി പറഞ്ഞു. ധർമടം മണ്ഡലത്തിലെ എൽഡിഎഫ് ലോക്കൽ കുടുംബസംഗമങ്ങളിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂർ വിമാനത്താവളം യാഥാർഥ്യമാക്കുന്നതിന് എൽ.ഡി.എഫ് സർക്കാർ യുദ്ധകാലാടിസ്ഥാനത്തിലാണ് നടപടികൾ നീക്കിയത്. കഴിഞ്ഞ ദിവസം വിമാനത്താവളവുമായി ബന്ധപ്പെട്ട യോഗം ചേർന്നു. കണ്ണൂർ വിമാനത്താവളത്തിൽനിന്നുള്ള സർവീസുകളുടെ കാര്യത്തിൽ ഉന്നത ഉദ്യോഗസ്ഥരടക്കം നല്ല അഭിപ്രായമാണ് പങ്കുവച്ചത്. കൂടുതൽ സർവീസുകൾ വേണമെന്ന നിർദേശമാണ് സർക്കാർ മുന്നോട്ടുവച്ചത്. എന്നാൽ ചെറിയ കാലംകൊണ്ട് കണ്ണൂരിലെപ്പോലെ ഇത്രയേറെ സർവീസുകൾ നടത്തിയ വിമാനത്താവളം ചരിത്രത്തിൽ വേറെയില്ലെന്ന അഭിപ്രായമായിരുന്നു അവർക്ക്. കണ്ണൂരിൽനിന്ന് കൂടുതൽ സർവീസുകൾ നടത്തുന്നതിനുള്ള ഇടപെടലുകൾ നടക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.സി. എൻ. ചന്ദ്രൻ, പി. ബാലൻ, കെ.കെ. രാജീവൻ എന്നിവർ പ്രസംഗിച്ചു.