കേളകം: ആറളം ഫാം പുനരധിവാസ മേഖലയിലിറങ്ങിയ കാട്ടാനകളെ തുരത്താനുള്ള വനംവകുപ്പിന്റെ തീവ്രശ്രമം വീണ്ടും ആരംഭിച്ചു.വിവിധ ബ്ലോക്കുകളിലായി ബുധനാഴ്ച നടത്തിയ തിരച്ചിലിൽ എട്ട് ആനകളെയാണ് വനം വകുപ്പ് കണ്ടെത്തിയിരിക്കുന്നത്. ഇവയെ തുരത്താനുള്ള ഊർജ്ജിത ശ്രമത്തിലാണ് വനം വകുപ്പ്.
ആറളം വൈൽഡ് ലൈഫ് വാർഡൻ കെ.അനൂപ് കുമാറിന്റെ നേതൃത്വത്തിൽ അൻപതോളം വനം വകുപ്പ് ഉദ്യോഗസ്ഥരാണ് ദൗത്യത്തിൽ പങ്കെടുക്കുന്നത്.
കണ്ണൂരിൽ നിന്ന് ഇൻഡിഗോയുടെ പ്രതിദിന സർവ്വീസ് നാളെ മുതൽ
മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് നാളെ മുതൽ ഇൻഡിഗോയുടെ പ്രതിദിന സർവ്വീസ് തുടങ്ങും. ഹൈദരാബാദ്, ചെന്നൈ, ഹുബ്ലി, ബംഗളൂരു എന്നിവിടങ്ങളിലേക്ക് ഇൻഡിഗോ പ്രതിദിന സർവ്വീസുകൾ നടത്തും. 74 പേർക്കിരിക്കാവുന്ന എ.ടി.7 വിമാനങ്ങളാണ് ഇൻഡിഗോ സർവ്വീസുകൾക്ക് ഉപയോഗിക്കുന്നത്.ഇൻഡിഗോ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു.
രാവിലെ 9.15ന് കണ്ണൂരിൽ നിന്ന് പുറപ്പെട്ട് വിമാനം 11 ഹൈദരാബാദിലെത്തും. തിരിച്ച് 11.35ന് പുറപ്പെട്ട് 1.25ന് കണ്ണൂരിലെത്തും. ഉച്ചയ്ക്ക് 1.45ന് ചെന്നൈയിലേക്ക് പുറപ്പെടുന്ന വിമാനം 3.20ന് ചെന്നൈയിലെത്തും. ചെന്നൈയിൽ നിന്ന് വൈകീട്ട് നാലിന് പുറപ്പെട്ട് 5.30ന് കണ്ണൂരിലെത്തും.വൈകീട്ട് 5.50നാണ് ഹുബ്ലിയിലേക്കുള്ള സർവ്വീസ്. ഇത് 7.05ന് ഹുബ്ലിയിൽ എത്തിച്ചേരും. തിരിച്ച് 7.25ന് ഹുബ്ലിയിൽ നിന്ന് പുറപ്പെട്ട് 8.45ന് കണ്ണൂരിലെത്തും. ബംഗളൂരുവിൽ നിന്നുളള വിമാനം രാത്രി എട്ടിന് പുറപ്പെട്ട് 9.05ന് കണ്ണൂരിലെത്തും. കണ്ണൂരിൽ നിന്ന് തിരിച്ച് 9.25ന് പുറപ്പെട്ട് 10.30ന് ബംഗളൂരുവിൽ എത്തുന്ന വിധത്തിലാണ് സർവ്വീസുകൾ ക്രമീകരിച്ചിരിക്കുന്നത്.
ഗോ എയറാണ് നിലവിൽ കണ്ണൂരിൽ നിന്ന് ആഭ്യന്തര സർവ്വീസുകൾ നടത്തുന്നത്. കണ്ണൂരിൽ നിന്ന് അന്താരാഷ്ട്ര സർവ്വീസുകളും തുടങ്ങാൻ ഇൻഡിഗോയ്ക്ക് പദ്ധതിയുണ്ട്.
ബൈക്ക് റാലി നടത്തി
ചെറുപുഴ: കേരള കോൺഗ്രസ്(എംഃ വൈസ് ചെയർമാൻ ജോസ് കെ. മാണി നയിക്കുന്ന കേരള യാത്രയ്ക്ക് മുന്നോടിയായി ബൈക്ക് റാലി സംഘടിപ്പിച്ചു. രാജഗിരിയിൽ നിന്നും ചെറുപുഴയിലേയ്ക്ക് നടന്ന റാലിയിൽ നിരവധിപേർ പങ്കെടുത്തു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജോയിസ് പുത്തൻപുര ബൈക്ക് റാലി ഫ്‌ളാഗ് ഓഫ് ചെയ്തു. ഇന്ന് രാവിലെ കാസർകോട് നിന്നുമാരംഭിക്കുന്ന യാത്ര ഇന്ന് വൈകുന്നേരം ചെറുപുഴയിൽ സമാപിക്കും. നാളെ ഒന്നിന് ചെറുപുഴയിൽ നിന്നും കണ്ണൂർ ജില്ലയിലെ പര്യടനം ആരംഭിക്കും. 300 വാഹനങ്ങളുടെ അകമ്പടിയോടെ ശ്രീകണ്ഠപുരത്തെത്തും. വൈകുന്നേരം ഇരിട്ടിയിൽ ജില്ലയിലെ പര്യടനം സമാപിക്കും.
വയക്കര ഗവ.ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിട സമുച്ചയം
ചെറുപുഴ: പെരിങ്ങോം വയക്കര പഞ്ചായത്തിലെ വയക്കര ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിന് പുതിയ കെട്ടിട സമുച്ചയവും അനുബന്ധ സൗകര്യങ്ങളും ഒരുക്കുന്നതിന് നടപടികൾ തുടങ്ങി. സ്‌കൂൾ വികസനത്തിന് കിഫ്ബി ഫണ്ടിൽനിന്നും മൂന്നു കോടി രൂപ അനുവദിച്ചിരുന്നു. ഇതേ തുടർന്ന് പദ്ധതിയുടെ നിർവഹണ ചുമതല വഹിക്കുന്ന പൊതുമേഖലാ സ്ഥാപനമായ കിറ്റ്‌കോയുടെ എൻജിനീയറിംഗ് വിഭാഗം ഇന്നലെ സ്‌കൂൾ സന്ദർശിച്ചു. ജില്ലാ പഞ്ചായത്തംഗം പി. ജാനകി, ഗ്രാമപഞ്ചായത്ത് അംഗം പി. എൻ.മനോജ്, ഹെഡ്മിസ്ട്രസ് പി. അനിത, പ്രിൻസിപ്പാൾ പി. സുരേന്ദ്രൻ, പി ടി എ ഭാരവാഹികൾ എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ വിലയിരുത്തി. കിറ്റ്‌കോയുടെ എൻജിനീയറിംഗ് വിഭാഗം ഉദ്യോഗസ്ഥരായ ടി.ജി. ജിജേഷ്, ഫർസാന, പാർവതി എന്നിവർ കെട്ടിട നിർമാണത്തിന് ആവശ്യമായ സ്ഥലപരിശോധനക്ക് നേതൃത്വം നൽകി. സ്‌കൂൾ വികസനത്തിനായി നേരത്തെ തയ്യാറാക്കിയ മാസ്റ്റർപ്ലാൻ പ്രകാരമാണ് അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വിദ്യാഭ്യാസ സമുച്ചയം നിർമ്മിക്കുന്നത്.