കാസർകോട്: ട്രായുടെ പുതിയ താരിഫ് ഓർഡറിന്റെ മറവിൽ ടെലിവിഷൻ പ്രേക്ഷകർക്ക് നിരക്ക് വർദ്ധന ഉണ്ടാകുമെന്ന് ആരോപിച്ച് കേബിൾ ടി.വി.ഓപ്പറേറ്റർമാരുടെ സംഘടനയായ സൗത്ത് ഇന്ത്യൻ ഫെഡറേഷൻ കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ ഇന്ന് രാവിലെ ആറ് മുതൽ രാത്രി പത്ത് വരെ ചാനൽ ബഹിഷ്‌കരിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ചെറുകിട കേബിൾ ടി.വി. ഓപ്പറേറ്റർമാരുടെ തൊഴിൽ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ന് രാവിലെ കളക്ടറേറ്റ് പരിസരത്ത് ഏകദിന ഉപവാസം നടത്തും. എൻ.എ. നെല്ലിക്കുന്ന് എം.എൽ.എ ഉദ്ഘാടനം ചെയ്യും. സംസ്ഥാന വൈസ് പ്രസിഡന്റ് ബിനു ശിവദാസ് മുഖ്യ പ്രഭാഷണം നടത്തും. വാർത്ത സമ്മേളനത്തിൽ പ്രസിഡന്റ് എം. മനോജ് കുമാർ, സെക്രട്ടറി എം. ലോഹിതാക്ഷൻ, സംസ്ഥാന കമ്മിറ്റി അംഗം ഷുക്കുർ കോളിക്കര, ഹരികാന്ത്, ടി.വി.മോഹനൻ, ശ്രീധരൻ വെള്ളച്ചാൽ, വി.വി. മനോജ് കുമാർ എന്നിവർ സംബന്ധിച്ചു.
ഭർതൃമതിക്ക് കുത്തേറ്റു
ചെറുവത്തൂർ: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഭർതൃമതിക്ക് കുത്തേറ്റു. തുരുത്തിയിലെ എം. മറിയുമ്മ(57)നാണ് കുത്തേറ്റത്. സംഭവത്തിൽ ഭർത്താവ് സി.എച്ച്. അബ്ദുൾ റഹ്മാനെതിരെ ചന്തേര പൊലീസ് കേസെടുത്തു. ഇയാൾ ഒളിവിലാണ്. ഇന്നലെ പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ഉറക്കത്തിലായിരുന്ന മറിയുമ്മയുടെ നിലവിളികേട്ട് അടുത്ത മുറിയിൽ ഉറങ്ങുകയായിരുന്ന മകന്റെ ഭാര്യ ഓടിച്ചെന്നു നോക്കിയപ്പോഴാണ് മറിയുമ്മയെ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഉടനെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരുക്ക് ഗുരുതരമായതിനാൽ മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ ചുമട്ടു തൊഴിലാളിയായിരുന്ന അബ്ദുൾ റഹ്മാന് മാനസിക അസ്വാസ്ഥ്യം ഉണ്ടായിരുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.