നീലേശ്വരം: അങ്കക്കളരി വേട്ടക്കൊരു മകൻ കൊട്ടാരം പാടാർകുളങ്ങര ഭഗവതി ക്ഷേത്രം ലക്ഷം ദീപം സമർപ്പണം നടത്തും. നാളെ രാവിലെ ഗണപതിഹോമം, തുടർന്ന് നട അടക്കൽ അടിയന്തിരം .വൈകിട്ട് 5 മണിക്ക് തായമ്പക, തുടർന്ന് തന്ത്രീശ്വരന്മാരായ തളിപ്പറമ്പ് നടുവത്ത് പുടവര വാസുദേവതന്ത്രികൾ, കക്കാട്ട് കിഴക്കേ ഇല്ലത്ത് നാരായണപട്ടേരി തന്ത്രികൾ എന്നിവരുടെ കാർമ്മികത്വത്തിൽ ലക്ഷം ദീപം സമർപ്പണം. തുടർന്ന് അന്നദാനവുമുണ്ടാവുമെന്ന് ക്ഷേത്രം ഭാരവാഹികളായ പി.വി. രാജഗോപാലൻ, പി.വി. കുഞ്ഞികൃഷ്ണൻ, എം.വി. രാജൻ കുട്ടപ്പുന്ന, പി.വി. രത്‌നാകരൻ, എം.വി.ശശിധരൻ എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വ്യാപാരി നേതാക്കളുടെ സസ്‌പെൻഷൻ പിൻവലിച്ചു
കാസർകോട്: സോഷ്യൽ മീഡിയയിലെ പ്രതികരണത്തെ തുടർന്ന് വ്യാപാരി വ്യവസായി ഏകോപന സമിതിയിൽ നിന്നും എട്ട് നേതാക്കളെ സസ്‌പെൻഡ് ചെയ്ത നടപടി പിൻവലിച്ചു. സംസ്ഥാന പ്രസിഡന്റ് ടി. നസീറുദ്ധീന്റെ ഇടപെടലിനെ തുടർന്നാണ് നടപടി. കോഴിക്കോട് വ്യാപാരഭവനിൽ നടത്തിയ ചർച്ചകളെ തുടർന്നാണ് തീരുമാനം.
ഏകോപന സമിതി കാസർകോട് ജില്ലാ ജനറൽ സെക്രട്ടറി ജോസ് തയ്യിൽ, സെക്രട്ടറി പ്രത്യോദനൻ നീലേശ്വരം, സംസ്ഥാന കമ്മറ്റി അംഗം അരമന ഹമീദ്, മുൻ ജില്ലാ പ്രസിഡന്റ് ചുള്ളിക്കരയിലെ പി.എ. ജോസഫ് , രാജേഷ് നീലേശ്വരം, യൂത്ത് വിംഗ് നേതാവ് സുബൈർ കാഞ്ഞങ്ങാട്, അശോകൻ നീലേശ്വരം എന്നിവരുടെ സസ്‌പെൻഷൻ നടപടികളാണ് പിൻവലിച്ചത്. ചർച്ചയിൽ നസീറുദ്ധീന് പുറമെ സംസ്ഥാന സെക്രട്ടറി രാജു അപ്‌സര, സെക്രട്ടറി ഷാനവാസ് എന്നിവരും പങ്കെടുത്തു. ഇരുവിഭാഗവും പരസ്യ പ്രസ്താവനകൾ ഒഴിവാക്കണമെന്നും ധാരണയായി.