കാസർകോട്: കോൺഗ്രസ് ഹൈക്കമാൻഡ് ആവശ്യപ്പെട്ടാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കാര്യം ആലോചിക്കുമെന്ന് പ്രവർത്തകസമിതി അംഗം ഉമ്മൻ ചാണ്ടി പറഞ്ഞു.
ജോസ് കെ. മാണി എം.പി നയിക്കുന്ന കേരള കോൺഗ്രസ് - എമ്മിന്റെ കേരളയാത്ര ഉദ്ഘാടനത്തിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലോക്‌സഭയിലേക്ക് താൻ മത്സരിക്കില്ലെന്ന മുൻ നിലപാട് ഉൽഘാടന പ്രസംഗത്തിലും ഉമ്മൻ ചാണ്ടി ആവർത്തിച്ചിരുന്നു. പിന്നീട് മാദ്ധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴാണ് നിലപാടിൽ നേരിയ അയവ് വരുത്തിയത്.
കോട്ടയം സീറ്റിൽ മത്സരിക്കുന്നത് ആലോചിച്ചിട്ട് പോലുമില്ലെന്നും കോട്ടയം കേരള കോൺഗ്രസിന്റെ സ്വന്തം മണ്ഡലമാണെന്നും യാത്രയുടെ ഉൽഘാടന വേളയിൽ ഉമ്മൻ ചാണ്ടി പറഞ്ഞു. യു.ഡി.എഫിൽ ഒരു ഘടകകക്ഷിയുടെയും സീറ്റ് കോൺഗ്രസ് പിടിച്ചെടുക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഇനിയൊട്ട് ശ്രമിക്കുകയുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഉമ്മൻ ചാണ്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന അഭ്യൂഹങ്ങൾ ഉയരുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ അഭിപ്രായങ്ങൾ വന്നത്. കോട്ടയത്ത് ഉമ്മൻ ചാണ്ടി മത്സരിക്കുമെന്നും പകരം ഇടുക്കി കേരള കോൺഗ്രസിന് നൽകുമെന്നും അതല്ല, ഇടുക്കിയിൽ ഉമ്മൻ ചാണ്ടി മത്സരിക്കുമെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. ഉമ്മൻ ചാണ്ടി എവിടെ മത്സരിക്കുന്നതും സ്വാഗതാർഹമാണെന്ന കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന കൂടി വന്നതോടെ അഭ്യൂഹങ്ങൾക്ക് കനം കൂടി. അതേസമയം, കേരളത്തിൽ ഉമ്മൻ ചാണ്ടി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ മത്സരിക്കണമെന്ന ആവശ്യം പാർട്ടി കേന്ദ്രങ്ങളിൽ സജീവമാണ്.
കോൺഗ്രസ് സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയായെന്ന മുല്ലപ്പള്ളിയുടെ പരാമർശത്തിന് പിന്നാലെ യു.ഡി.എഫിൽ സീറ്റ് വിഭജന ചർച്ച ആരംഭിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുസ്ലിംലീഗ് അടക്കമുള്ള ഘടകകക്ഷികൾ രംഗത്തെത്തിയിരുന്നു.
കോട്ടയം സീറ്റ് ആർക്കും വിട്ടുകൊടുക്കില്ലെന്നും കൂടുതൽ സീറ്റിന് പാർട്ടിക്ക് അർഹതയുണ്ടെന്നും കേരള കോൺഗ്രസ് നേതാക്കളായ ജോസ് കെ. മാണി എം.പിയും പി.ജെ. ജോസഫും വ്യക്തമാക്കിയിരുന്നു.
മത്സരിച്ചാൽ കോൺഗ്രസ്
സീറ്റിൽ: ഉമ്മൻചാണ്ടി
താൻ മത്സരിച്ചാൽ കോൺഗ്രസിന്റെ മണ്ഡലത്തിലായിരിക്കുമെന്നും ഉമ്മൻ ചാണ്ടി മാദ്ധ്യമങ്ങളോട് പറഞ്ഞു. ഘടകകക്ഷികളുടെ സീറ്റ് പിടിച്ചെടുത്ത് കോൺഗ്രസ് നേതാക്കൾ ഒരിക്കലും മത്സരിക്കില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആരൊക്കെ മത്സരിക്കണമെന്നൊന്നും കോൺഗ്രസോ മുന്നണിയോ ചർച്ച തുടങ്ങിയിട്ടില്ല. പാർട്ടി ദേശീയ നേതൃത്വമാണ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുക. യു.ഡി.എഫിൽ സീറ്റുവിഭജന ചർച്ചകൾ തുടങ്ങിയിട്ടില്ല. ഘടകകക്ഷികൾ കൂടുതൽ സീറ്റ് ആവശ്യപ്പെടുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് വരട്ടെ, നോക്കാമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.