khabar

കാസർകോട്:പതിമൂന്ന് വർഷം മുമ്പ് മരിച്ചയാളുടെ ഖബർ തുറന്നപ്പോൾ മൃതദേഹം മണ്ണിനോട് ചേരാതെ കേടുപാടുകളില്ലാതെ കണ്ടെത്തിയത് അത്ഭുതമായി. വാപ്പ മരിക്കുമ്പോൾ

ഗൾഫിലായിരുന്ന രണ്ടാമത്തെ മകന് പിതാവിന്റെ മൃതദേഹം ഖബറിൽ വച്ച് ആദ്യമായി കാണാൻ ഭാഗ്യവുമുണ്ടായി.

ബേക്കൽ മൗവ്വൽ രിഫാഇ വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ തായൽ മൗവ്വലിലെ ഹസൈനാറിന്റെ മകൻ ആമുവിന്റെ (80) ഖബറിടം തുറന്നപ്പോഴാണ് മൃതദേഹം മണ്ണിനോട് ചേരാതെ അതേപടി കണ്ടെത്തിയത്.

2006 ഏപ്രിൽ 27നായിരുന്നു ആമുവിന്റെ മരണം. പുനർനിർമ്മാണം നടക്കുന്ന പള്ളിയുടെ വീതി കൂട്ടാൻ കോൺക്രീറ്റ് തൂണുകൾ സ്ഥാപിക്കാനാണ് ഖബർ സ്ഥലം കുഴിച്ചത്. അപ്പോഴാണ് മൃതദേഹം അതേപടി മണ്ണിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് ആമുവിന്റെ മൂത്ത മകൻ അൻസാർ എത്തി പരിശോധിച്ച് ഉറപ്പുവരുത്തി. പിതാവിന്റെ മ‌ൃതദേഹം അതേപടിയുണ്ടെന്ന് അൻസാരി പറഞ്ഞു.രണ്ടാമത്തെ മകൻ അസീസാണ് 13 വർഷത്തിന് ശേഷം പിതാവിന്റെ മൃതദേഹം കണ്ടത്.

ഖബർ അതേപടി കണ്ടതിനാൽ പള്ളിയുടെ നവീകരണം താൽക്കാലികമായി നിർത്തിവെച്ചു.

ഇന്നലെയാണ് ഖബർ തുറന്നത്. മൃതദേഹം അതേപടി കണ്ടതോടെ ഖബർ പൂർവ്വസ്ഥിതിയിലാക്കി. മൃതദേഹം അടക്കം ചെയ്യുമ്പോൾ ഉപയോഗിച്ച സുഗന്ധദ്രവ്യത്തിന്റെ മണവുമുണ്ടായിരുന്നു. വ്യാജപ്രചരണമാണെന്ന സംശയത്തെ തുടർന്ന് കാസർകോട് സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി മൃതദേഹം അതേപടിയുണ്ടെന്ന് ഉറപ്പാക്കി.

ആസിയുമ്മയാണ് ആമുവിന്റെ ഭാര്യ. അൻസാരിയെയും അസീസിനെയും കൂടാതെ അഷ്റഫ്, ബീവി, സൈനബ, ഖദീജ എന്നിവരും മക്കളാണ്.