കൂത്തുപറമ്പ്: കൈതേരിക്കടുത്ത വട്ടപ്പാറ മാവുള്ളചാലിൽ ക്ഷേത്ര ഉത്സവത്തിനിടെ ഉണ്ടായ സംഘർഷത്തിൽ കോമരം ഉൾപ്പെടെയുള്ള ആറുപേർക്ക് പരിക്കേറ്റു.ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ വൈകിട്ട് 5 മണിയോടെയാണ് കൈതേരി മാവുള്ളച്ചാലിൽ ഭഗവതിക്ഷേത്രത്തിൽ തിറ ആഘോഷത്തിനിടെ ഒരു സംഘം ക്ഷേത്ര മുറ്റത്ത് കയറി അക്രമം നടത്തിയത്. ക്ഷേത്രത്തിലെ കോമരം മുര്യാട് സ്വദേശി കുന്നുപ്രോൻ ദാസൻ (51), ദാസന്റെ മകൻ മുല്ലോളി ദിപിൻ (25), ഭാര്യ രതി (49), ദിപിന്റെ ഭാര്യ ഹരിത (20), ആയിത്തറ സ്വദേശി പി.പ്രദീപൻ ,ആയിത്തറയിലെ നാരായണി എന്നിവർക്കാണ് പരുക്കേറ്റത്. കുത്തേറ്റ് സാരമായി പരിക്കേറ്റ ദാസൻ, ദിപിൻ , പ്രദീപൻ എന്നിവരെ തലശ്ശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രതിയും, ഹരിതയും കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ദാസനും ദിപിനുമെതിരെയുള്ള അക്രമം തടയാൻ ശ്രമിക്കുന്നതിനിടയിലാണ് സ്ത്രീകൾക്ക് പരുക്കേറ്റത്. അക്രമത്തെ തുടർന്ന് ക്ഷേത്ര ചടങ്ങുകൾ അലങ്കോലപ്പെട്ടു. വിവരമറിഞ്ഞു സ്ഥലത്തെത്തിയ കൂത്തുപറമ്പ് പൊലീസ് സംഭവസ്ഥലത്ത് നിന്നും രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.