കണ്ണൂർ: വടക്കേ മലബാറിലെ ഏറ്റവും വലിയ സംസ്‌കാരികോത്സവമായ കൈരളി കൾച്ചറൽ ഫെസ്റ്റിന് കഥയുടെയും സാഹിത്യത്തിന്റെയും മണ്ണിൽ വർണാഭമായ തുടക്കം. ഇ.കെ. നായനാർ അക്കാഡമിയിൽ ടി.പത്മനാഭൻ, എം. മുകുന്ദൻ, സി.വി. ബാലകൃഷ്ണൻ,ഗോകുലം ഗോപാലൻ, ഇടൂഴി ഭവദാസൻ നമ്പൂതിരി, ജമിനി ശങ്കരൻ എന്നിവർ ചേർന്ന് തിരി തെളിയിച്ചതോടെയാണ് ആറു നാൾ നീണ്ടു നിൽക്കുന്ന സാംസ്കാരികോൽസവത്തിന് തുടക്കമായത്.
മറ്റു ജില്ലകളിൽ നിന്നും വ്യത്യസ്തമായി കണ്ണൂരിന് അവകാശപ്പെടാൻ ഏറെ പേരും പെരുമയുണ്ട്. ആദ്യ നോവലിസ്റ്റ് ഒ. ചന്തുമേനോൻ, ചെറുകഥാകൃത്ത് മൂർക്കോത്ത് കുമാരൻ തുടങ്ങിയ സമ്പന്നമായ എഴുത്തിന്റെ പൈതൃകം കണ്ണൂരിന് അവകാശപ്പെട്ടതാണ്. കണ്ണൂരിലെ പ്രശസ്തനായ പോത്തേരി കുഞ്ഞമ്പുവക്കീലിനെ പോലുള്ള മഹാപ്രതിഭകൾക്ക് ജന്മം നൽകിയ നാടാണിത്. സമ്പന്നമായ സാഹിത്യ, സാംസ്കാരിക പൈതൃകങ്ങളുടെ വീണ്ടെടുപ്പിനും ഓർമ്മപ്പെടുത്തലിനുമുള്ള അവസരമായി ഇത്തരം സാഹിത്യോൽസവങ്ങൾ മാറട്ടെയെന്നു പത്മനാഭൻ ആശംസിച്ചു.
സാഹിത്യോൽസവങ്ങൾ സാർഥകമായ സംവാദങ്ങളുടെ വേദിയാകണമെന്ന് എം. മുകുന്ദൻ പറഞ്ഞു. മലയാളികളുടെ മനസ്സ് അസ്വസ്ഥവും ആശങ്ക നിറഞ്ഞതുമാണ്. തന്റെ സ്വസ്ഥമായ മനസ്സിന് ശാന്തിയുടെ തെളിനീർ പകർന്നു നൽകാനുള്ള ഇടമായി മലയാളി സാഹിത്യോൽസവങ്ങളെ കാണുന്നതും അതുകൊണ്ടു തന്നെയാണ്. സംവാദങ്ങൾ കൊണ്ടുമാത്രമാണ് ഇത്തരം ആശങ്കകൾ പരിഹരിക്കാൻ കഴിയുള്ളൂ. പ്രളയത്തിൽ ശുദ്ധീകരിച്ച മലയാളിയുടെ മനസ്സ് ശബരിമല വിഷയം വന്നപ്പോൾ വീണ്ടും കലുഷിതമാകുകയായിരുന്നു. കാലുഷ്യങ്ങൾ ഇല്ലാതാക്കി മനസ്സിനെ വിമലീകരിക്കാൻ ഇത്തരം സാഹിത്യോൽസവങ്ങൾ കൊണ്ടുമാത്രമെ സാധിക്കുകയുള്ളൂ.
പ്രശസ്തരായ എഴുത്തുകാരെ നാം നിത്യേനയെന്നോണം കാണുന്നതാണ്. എന്നാൽ അപ്രശസ്തരായ പ്രതിഭാധനരായ നിരവധി എഴുത്തുകാർ നമുക്കിടയിലുണ്ട്. അത്തരത്തിലുള്ളവരെ കൂടി പങ്കെടുപ്പിക്കാനുള്ള ഇടമായി മാറുമ്പോഴാണ് സാഹിത്യോൽസവങ്ങൾ സാർഥകമാകുന്നതെന്നും മുകുന്ദൻ പറഞ്ഞു.
സി.വി. ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു.
ദേശീയ-അന്തർദേശീയ തലത്തിൽ ശ്രദ്ധേയരായ ഒട്ടേറെ എഴുത്തുകാരെയും കലാകാരന്മാരെയും മാധ്യമപ്രവർത്തകരെയും പങ്കെടുപ്പിച്ചുകൊണ്ടാണ് മേള ഒരുക്കിയിരിക്കുന്നത്. തസ്‌ലീമ നസ്രീൻ, ലക്ഷ്മൺ ഗെയ്ക്‌വാദ്, യുവൻ ചന്ദ്രശേഖർ, അടൂർ ഗോപാലകൃഷ്ണൻ, ജയമോഹൻ, ഗോപിനാഥ് മുതുകാട് തുടങ്ങി ഇരുന്നൂറിൽപരം അതിഥികളാണ് മേളയ്‌ക്കെത്തുന്നത്.