കാസർകോട് : കുട്ടികളുടെ മികവുകൾ സമൂഹവുമായി പങ്കുവെക്കുന്ന പുത്തൻ പരിപാടിയുമായി വിദ്യാഭ്യാസ വകുപ്പ്. കേരളത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും ഇനിയുള്ള നാളുകളിൽ ജനകീയ പങ്കാളിത്തമുള്ള പഠനോത്സവം നടക്കും.

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഓരോ വിദ്യാലയങ്ങളും മികവിലേക്ക് എന്ന ലക്ഷ്യം യാഥാർഥ്യമാക്കുന്നതിനായാണ് ജനകീയ പഠനോത്സവങ്ങൾ ഒരുക്കുന്നത്. പഠന പ്രവർത്തനങ്ങളുടെ ഫലപ്രാപ്തി സമൂഹത്തെ ബോധ്യപ്പെടുത്തുകയാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ജൂൺ മാസം മുതൽ നടപ്പിലാക്കിയ മലയാള തിളക്കം, ഹാലോ ഇംഗ്ലീഷ്, ഗണിത വിജയം, സുരീലി ഹിന്ദി , ശാസ്ത്ര പാർക്കുകൾ , സാമൂഹ്യബോധനപാഠം, ജൈവ വൈവിധ്യ ഉദ്യാനങ്ങൾ എന്നിവയിലൂടെ നേടിയ മികവുകൾ ഓരോ കുട്ടിയും സമൂഹവുമായി സംവദിക്കുകയാണ് പഠനോത്സവങ്ങളിൽ. ഈ പദ്ധതികളുടെ വിലയിരുത്തലും വിശകലനവും ഇതിന്റെ ഭാഗമായി നടക്കുകയും പഠനോത്സവങ്ങളുടെ തുടർച്ചയായി ജനകീയ പങ്കാളിത്തത്തോടെ എൻട്രോൾമെന്റ് ക്യാമ്പയിനുകൾ നടത്താനും ആഗ്രഹമുണ്ട്. കുട്ടികളുടെ എണ്ണത്തിൽ വന്ന കുറവ് കാരണം പഠന പ്രവർത്തനങ്ങൾ താളംതെറ്റുകയും പ്രതിസന്ധിയിലാവുകയും ചെയ്ത സ്‌കൂളുകളുടെ നന്മയും ഉദ്ദേശിക്കുന്നുണ്ട്.

പ്രീ പ്രൈമറി വിദ്യാലയങ്ങളുടെ ക്ഷേമവും പരിഗണിക്കുന്നുണ്ട്. ഇത്തരം സ്‌കൂളുകളിലൂടെ അതോട് ചേർന്ന് കിടക്കുന്ന വിദ്യാലയങ്ങൾക്ക് മെച്ചം കിട്ടുന്ന തരത്തിലാണ് പ്രീ സ്‌കൂൾ പദ്ധതിയും നടപ്പിലാക്കുന്നത്. അടുത്ത ജൂണിൽ നടക്കുന്ന പ്രവേശനോത്സവം വരെയുള്ള അഞ്ചു മാസം തുടർച്ചയായി പഠനോത്സവം നടത്താനാണ് ധാരണയുള്ളത് .ഇതിന്റെ ഭാഗമായി വിപുലമായ ക്യാമ്പയിനുകളും പൊതുവിദ്യാലയങ്ങളിൽ നടക്കും.

കുട്ടികൾ കുറഞ്ഞ സ്കൂളുകളിൽ

കൂടുതൽ ശ്രദ്ധ

ജില്ലയിൽ കുട്ടികൾ കുറവുള്ള 36 വിദ്യാലയങ്ങളെങ്കിലുമുണ്ട്. ഒരു ക്ലാസിൽ പത്തിൽ താഴെ കുട്ടികൾ പഠിക്കുന്ന ഉത്തരം വിദ്യാലയങ്ങളിൽ പ്രത്യേകമായി ശ്രദ്ധ കേന്ദ്രീകരിക്കും. മികച്ച പഠനോത്സവങ്ങൾ നടത്തി കുട്ടികൾ കുറഞ്ഞ സ്‌കൂളുകളിലേക്ക് കുട്ടികളെ ആകർഷിക്കുകയും അടുത്ത അധ്യയന വർഷം മുതൽ പിന്നോക്കം നിൽക്കുന്ന സ്‌കൂളുകളെ മുമ്പന്തിയിൽ എത്തിക്കുകയെന്ന നീക്കവും ഇതിന്റെ ഭാഗമായി നടക്കുന്നുണ്ട്. ഓരോ കുട്ടിയും മികവിലേക്ക് എന്ന ആശയമാണ് ഈ പദ്ധതിയിലൂടെ മുന്നോട്ട് വെക്കുന്നത്.