കണ്ണൂർ: സംസ്ഥാന ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിന്റെ പ്രചാരണത്തോടനുബന്ധിച്ച് കണ്ണൂരിൽ വിളംബരറാലി നടത്തി. ജനുവരി 26, 27, 28 തീയതികളിൽ അഴീക്കോട് ചാൽ ബീച്ചിലാണ് ചാമ്പ്യൻഷിപ്പ് അരങ്ങേറുന്നത്. വിളംബര റാലി കണ്ണൂർ കോർപറേഷൻ മേയർ ഇ.പി. ലത ഫ്‌ളാഗ് ഓഫ് ചെയ്തു. കണ്ണൂർ സെന്റ് മൈക്കിൾസ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നിന്നാരംഭിച്ച റാലിയിൽ നൂറു കണക്കിനാളുകൾ അണിചേർന്നു. ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കുടുവൻ പത്മനാഭൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ബോക്‌സിംഗ് അസോസിയേഷൻ പ്രസിഡന്റ് കെ. ശാന്തകുമാർ സ്വാഗതം പറഞ്ഞു.
മുത്തുക്കുട, ചെണ്ടവാദ്യം, റോളർസ്‌കേറ്റിംഗ് തുടങ്ങിയവയുടെ അകമ്പടിയോടെ നീങ്ങിയ റാലിയിൽ സ്‌പോർട്‌സ് കൗൺസിൽ വിദ്യാർത്ഥികളും കുടുംബശ്രീ പ്രവർത്തകരും നാട്ടുകാരും സ്‌പോർട്‌സ് പ്രേമികളും അണിനിരന്നു. അഴീക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. പ്രസന്ന, സംസ്ഥാന അമേച്വർ ബോക്‌സിംഗ് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ഡോ. എൻ.കെ. സൂരജ്, സ്‌പോർ്ട്‌സ് കൗൺസിൽ സംസ്ഥാന സമിതി അംഗം വി.പി. പവിത്രൻ മാസ്റ്റർ, ജില്ലാ പ്രസിഡന്റ് ഒ.കെ. വിനീഷ്, തുടങ്ങിയവർ നേതൃത്വം നൽകി. റാലി കണ്ണൂർ സ്‌റ്റേഡിയം ഗ്രൗണ്ടിൽ സമാപിച്ചു.