പിണറായി: മൾട്ടിസ്‌പെഷ്യാലിറ്റി നിലവാരത്തിലേക്ക് പിണറായി സാമൂഹികാരോഗ്യകേന്ദ്രം വികസിപ്പിക്കുന്നു. സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലായി പിണറായി സി.എച്ച്‌ സിയെ ഉയർത്തിയുള്ള പ്രഖ്യാപനവും പുതുതായി നിർമിക്കുന്ന ബഹുനില കെട്ടിടത്തിന്റെ ശിലാസ്ഥാപനവും നാളെ രാവിലെ 9.30ന് ആശുപത്രി പരിസരത്ത് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മന്ത്രി കെ.കെ ശൈലജ അധ്യക്ഷയാവും.

വിദഗ്ധ ചികിത്സാസൗകര്യങ്ങളോടെ ആരോഗ്യരംഗത്തെ അഭിമാനകേന്ദ്രമായി ഇതോടെ ആശുപത്രി മാറുമെന്ന് തലശേരി ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. രാജീവൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആധുനിക സൗകര്യങ്ങളോടുകൂടിയ അത്യാഹിതവിഭാഗം, 10 കിടക്കയോടെയുള്ള ഡയാലിസിസ് സെന്റർ, ഇ.എൻ.ടി വിഭാഗം, ലേസർ ശസ്ത്രക്രിയ സൗകര്യത്തോടെയുള്ള ആധുനിക നേത്രരോഗവിഭാഗം, ഗൈനക്കോളജി വിഭാഗം, കുട്ടികളുടെ വാർഡ് ഉൾപ്പെടുന്ന ശിശുരോഗവിഭാഗം എന്നീ സൗകര്യങ്ങളാണ് ആദ്യഘട്ടത്തിൽ ആരംഭിക്കുന്നത്.

നവീകരിച്ച ലാബ്, എക്‌സ്‌റേ യൂണിറ്റ്, അൾട്രാ സൗണ്ട് സ്‌കാനിംഗ് സെന്റർ, ബ്ലഡ്‌സ്‌റ്റോറേജ് യൂണിറ്റ് എന്നിവയും അനുബന്ധമായുണ്ടാവും. ഗൾഫ് കേന്ദ്രമായി പ്രവർത്തിക്കുന്ന ബി.ആർ.എസ് ഗ്രൂപ്പിന്റെ സി.എസ്.ആർ ഫണ്ട് ഉപയോഗിച്ച് രണ്ട് ഗ്രൗണ്ട് ഫ്‌ളോർ ഉൾപ്പെടെ അഞ്ചുനില കെട്ടിടമാണ് നിർമിക്കുന്നത്.

മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി. ബാലൻ,​ കക്കോത്ത് രാജൻ എന്നിവരും വാർത്താസമ്മേളനത്തിൽ സംബന്ധിച്ചു.